ഭർത്താവിന്റെ മരണശേഷം ജൻമം നൽകിയ പിതാവ് തന്നെ 10000 രൂപയ്ക്ക് വിറ്റതോടെ ഇരുപതുകാരിയുടെ യാതനകൾ ആരംഭിച്ചു.. കൊടിയ ദുരിതങ്ങൾ ഒന്നിന് പിന്നാലെ ഒന്നായി വന്നപ്പോൾ സ്വയം തീക്കൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചു. മരണവും ആ പെൺകുട്ടിയുടെ ആഗ്രഹത്തിനൊപ്പം നിന്നില്ല. പടിഞ്ഞാറൻ യുപിയിലെ ഹാപൂർ സ്വദേശിയായ യുവതിയാണ് എൺപത് ശതമാനം തീപ്പൊള്ളലേറ്റ് ഡൽഹിയിലെ സ്വകാര്യാശുപത്രിയിൽ മരണത്തോട് മല്ലിടുന്നത്.

ഇളം പ്രായത്തിൽ വിവാഹം നടന്നെങ്കിലും ഭർത്താവിന്റെ അപ്രതീക്ഷിത മരണത്തോടെ എന്ത് ചെയ്യണമെന്നറിയാതെ നിന്ന മകൾക്ക് അഛനിട്ട വിലയായിരുന്നു പതിനായിരം രൂപ. യുവതിയെ നേടിയ വ്യക്തി പലരിൽ നിന്നും പണം കടം വാങ്ങുകയും കടക്കാരുടെ വീട്ടുപണിക്കായി യുവതിയെ അയക്കുകയുമായിരുന്നു..അങ്ങനെ പലരിൽ നിന്നും പലതവണ ശാരീരികമായും മാനസികമായും പീഡനമേറ്റു വാങ്ങി.

ഒടുവിൽ ആശ്രയത്തിനായി സമീപിച്ച പൊലീസും ആദ്യഘട്ടത്തിൽ അനുകൂലമായി പ്രതികരിച്ചില്ല..തുടർന്ന് കഴിഞ്ഞ മാസാവസാനമാണ് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.സംഭവം വലിയ വാർത്തയായതോടെ പതിനാല് പേർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസന്വേഷണം ആരംഭിച്ചതായി ഹപൂർ എസ്പി യഷ് വീർ സിംഗ് പറഞ്ഞു. യുവതിയ്ക്ക് നീതി കിട്ടണമെന്ന ആവശ്യവുമായി ഡൽഹി വനിതാകമ്മീഷൻ ചെയർ പേഴ്സൺ സ്വാതി മലിവാൾ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തെഴുതി