യുവതിയെ വകവരുത്തി മൃതദേഹം ഉപേക്ഷിച്ച സംഭവത്തിൽ ഭർ‌ത്താവും പെണ്‍സുഹൃത്തും അറസ്റ്റിൽ.‌‌‌‌ ചേര്‍ത്തല സ്വദേശിനി വിദ്യയാണ് കൊല്ലപ്പെട്ട കേസിലാണ് ചങ്ങനാശ്ശേരി ഇത്തിത്താനം സ്വദേശി പ്രേംകുമാറും സുഹൃത്ത് സുനിതയും പൊലീസ് പിടിയിലായത്. തിരുവന്തപുരം വെള്ളറടയിൽ നിന്നാണ് ഇരുവരെയും പോലീസ് പിടികൂടിയത്.

കഴിഞ്ഞ മാർച്ച് മുതലാണ് പ്രേം കുമാറും ഭാര്യ ചേര്‍ത്തല സ്വദേശിനി വിദ്യയും തൃപ്പൂണിത്തുറയ്ക്കടുത്ത് വീട് വാടകയ്ക്കെടുത്ത് താമസം ആരംഭിച്ചത്. ഇതിനിടെ ഇക്കഴിഞ്ഞ സെപ്റ്റംബർ 22ന് ഉദംയപേരൂർ പൊലീസിൽ ഭാര്യയെ കാണാനില്ലെന്നു കാണിച്ച് പ്രേംകുമാർ പരാതി നൽകി. ഇതിന് ഒരു ദിവസം മുമ്പാണ് കൊലപാതകം നടന്നതെന്നണ് പോലീസ് പറയുന്നത്. വിദ്യയെ ഭർത്താവും ഇയാളുടെ കാമുകിയും ചേർന്ന് തിരുവനന്തപുരം പേയാടുള്ള സുഹൃത്തിന്റെ വില്ലയിൽ എത്തിച്ച് മദ്യം നൽകിയ ശേഷം 21ന് പുലർച്ചെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. വിദ്യയുടെ ഫോൺ നേത്രാവതി എക്സ്പ്രസ് ട്രെയിനിൽ ഉപേക്ഷിച്ചതിനു ശേഷമാണ് കൊല നടത്തിയത്. പിന്നാലെ പരാതിയും നല്‍കി.

തുടർന്ന് തിരുനെൽവേലിയിൽ ഹൈവേയിക്ക് സമീപം കാടു നിറഞ്ഞ പ്രദേശത്ത് മൃതദേഹം ഉപേക്ഷിക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു. പ്രേം കുമാർ നൽകിയ കാണാതായെന്നുള്ള പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു.

എന്നാൽ‌, പ്രേം കുമാറിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പോലീസ് പലതവണ ചോദ്യം ചെയ്തിരുന്നു. ഒടുവിൽ അന്വേഷണം തന്നിലേക്ക് തിരിയുന്നെന്ന് വ്യക്തമായതോടെ ഡിസംബർ ആറിന് കുറ്റസമ്മതം നടത്തിക്കൊണ്ടുള്ള പ്രേം കുമാറിന്റെ വാട്സ്ആപ്പ് ശബ്ദ സന്ദേശം ലഭിക്കുന്നത്. താനാണ് കൊല നടത്തിയതെന്നും കീഴടങ്ങാൻ തയ്യാറാണെന്നുമായിരുന്നു സന്ദേശം. പിന്നാലെയാണ് ഇരുവരെയും അറസ്റ്റ് ചെയ്യുന്നത്.

അതിനിടെ തിരുന്നൽവേലിക്ക് സമീപം മള്ളിയൂർ എന്ന സ്ഥലത്ത് നിന്നും തമിഴ്നാട് പോലീസ് അടുത്ത ദിവസം തന്നെ മൃതദേഹം കണ്ടെത്തിയിരുന്നു. എന്നാൽ അജ്ഞാത മൃതദേഹം എന്ന പേരിൽ ഇത് സംസ്കരിക്കുകയും ചെയ്തു. പിടിയിലായതിന് പിന്നാലെ തിരുന്നല്‍വേലി പോലീസ് അന്നെടുത്തിരുന്ന ഫോട്ടോ ഉപയോഗിച്ച് പ്രേം കുമാർ ഇത് വിദ്യയുടേതെന്ന് തിരിച്ചറിയുകയും ചെയ്യ്തു. ‌‌മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്.

സഹപാഠിയായിരുന്ന കാമുകിയോടൊപ്പം ജീവിക്കുന്നതിമനാണ് ഭാര്യയെ വകരുത്തിയതെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ ഇതിന് പിന്നലെ മറ്റ് കാരണങ്ങലും കൂടുതൽ പേരുടെ പങ്കും അന്വേഷിച്ച് വരികയാണെന്നും പോലീസ് പ്രതികരിച്ചു. തിരുവനന്തപുരം സ്വദേശിനായ വനിതാ സുഹൃത്ത് സുനിത തിരുവനന്തപുരത്ത് ഒരു ആശുപത്രിയിലെ നഴ്സിങ് സൂപ്രണ്ടാണ്. ഇരുവരെയും പൊലീസ് തൃപ്പൂണിത്തുറ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കും.