ഡെര്‍ബി: ഭാര്യയുടെ മൃതദേഹത്തിനൊപ്പം ഭര്‍ത്താവ് കഴിഞ്ഞത് ആറ് ദിവസം. ഡെര്‍ബിഷയര്‍ സ്വദേശിയായ റസല്‍ ഡേവിസണ്‍ എന്നയാളാണ് ഭാര്യ വെന്‍ഡി ഡേവിസണിന്റെ മൃതദേഹത്തിനൊപ്പം ആറ് ദിവസം കഴിച്ചുകൂട്ടിയത്. പത്ത് വര്‍ഷത്തോളം സെര്‍വിക്കല്‍ ക്യാന്‍സര്‍ രോഗിയായിരുന്ന വെന്‍ഡി കഴിഞ്ഞ മാസമാണ് മരിച്ചത്. ഭാര്യയുടെ മരണത്തില്‍ ഹൃദയം തകര്‍ന്ന റസല്‍ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റാന്‍ സമ്മതിച്ചില്ല. വീട്ടില്‍ മൃതദേഹങ്ങള്‍ സൂക്ഷിക്കുന്നത് നിയമവിധേയമാണെന്നും ഡേവിസണിന്റെ ജിപി മരണം റിപ്പോര്‍ട്ട് ചെയ്തതായും ഡെര്‍ബിഷയര്‍ കോറോണര്‍ കോര്‍ട്ട് സ്ഥിരീകരിച്ചു.

മരണത്തേക്കുറിച്ചുള്ള ധാരണകള്‍ മാറ്റുന്നതിനായാണ് താന്‍ ഇപ്രകാരം ചെയ്തതെന്നാണ് ഡേവിസണ്‍ പറഞ്ഞത്. ആരും ഇതേക്കുറിച്ച് സംസാരിക്കാന്‍ പോലും താല്‍പര്യപ്പെടുന്നില്ല. തന്റെ ഭാര്യയുടെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റാനോ ഫ്യൂണറല്‍ ഡയറക്ടര്‍ക്ക് കൈമാറാനോ തനിക്ക് താല്‍പര്യമുണ്ടായിരുന്നില്ല. ബെഡ്‌റൂമില്‍ത്തന്നെയാണ് മൃതദേഹം സൂക്ഷിച്ചത്. അതേ മുറിയില്‍ത്തന്നെയാണ് താന്‍ ഉറങ്ങിയതെന്നും റസല്‍ വ്യക്തമാക്കി. 2006ല്‍ രോഗം സ്ഥിരീകരിച്ചതിനു ശേഷം ചികിത്സയിലും പ്രകൃതിദത്തമായ സമീപനമായിരുന്നു സ്വീകരിച്ചത്.

ഡോക്ടര്‍മാര്‍ക്ക് തന്റെ ഭാര്യയുടെ ജീവന്‍ കൈമാറാന്‍ തങ്ങള്‍ തയ്യാറായിരുന്നില്ലെന്ന് റസല്‍ പറഞ്ഞു. സ്വന്തമായി ഗവേഷണത്തിലൂടെ വികസിപ്പിച്ച ചികിത്സകളാണ് നടത്തിയത്. കീമോ തെറാപ്പിയും റേഡിയോ തെറാപ്പിയും പൂര്‍ണ്ണമായി വര്‍ജ്ജിച്ചു. ഇതാണ് വെന്‍ഡിയുടെ ജീവന്‍ ഇത്രയും കാലം നീട്ടിക്കിട്ടിയതിനു കാരണം. 2014ല്‍ ആറ് മാസം കൂടി മാത്രമേ വെന്‍ഡി ജീവിച്ചിരിക്കൂ എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞപ്പോള്‍ യൂറോപ്പിലേക്ക് യാത്ര പോകുകയാണ് ദമ്പതികള്‍ ചെയ്തത്.

കഴിഞ്ഞ ഡിസംബറില്‍ വേദന കലശലായപ്പോള്‍ ഇവര്‍ തിരികെ വീട്ടിലെത്തി. റോയല്‍ ഡെര്‍ബി ഹോസ്പിറ്റലില്‍ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചെങ്കിലും വീട്ടിലേക്ക് മടങ്ങാനും മരണം വീട്ടില്‍ വെച്ച് തന്നെ നടക്കട്ടെയെന്നും ഇവര്‍ തീരുമാനിക്കുകയായിരുന്നു. സംസ്‌കാരം വരെ മൃതദേഹം വീട്ടില്‍ സൂക്ഷിക്കാനും റസല്‍ തീരുമാനിച്ചു.