തിരുവനന്തപുരം: സര്‍ക്കാര്‍ പരിപാടിയില്‍ സ്‌ഥലം എം.എല്‍.എയെ ക്ഷണിച്ചുവരുത്തി അപമാനിച്ചെന്നു പരാതി. കഴിഞ്ഞദിവസം എറണാകുളം മറൈന്‍ഡ്രൈവില്‍ സംഘടിപ്പിച്ച ഇന്ത്യ സ്‌കില്‍സ്‌ കേരള-2018 പരിപാടിയില്‍ വിളിച്ചുവരുത്തി അപമാനിച്ചെന്നാരോപിച്ച്‌ ഹൈബി ഈഡന്‍ എം.എല്‍.എ, നിയമസഭാ സ്‌പീക്കര്‍ പി. ശ്രീരാമകൃഷ്‌ണന്‌ അവകാശലംഘന നോട്ടീസ്‌ നല്‍കും.

പരിപാടിക്കു ക്ഷണിച്ചെങ്കിലും സ്‌ഥലം എം.എല്‍.എയെ, പ്രോട്ടോക്കോള്‍ ലംഘിച്ച്‌, സദസില്‍ ഇരുത്തുകയായിരുന്നു. വകുപ്പ്‌ ഡയറക്‌ടറും അഡീഷണല്‍ ചീഫ്‌ സെക്രട്ടറിയും ഉള്‍പ്പെടെയുള്ളവര്‍ക്കു വേദിയിലായിരുന്നു ഇരിപ്പിടം. നൈപുണ്യവികസനം ലക്ഷ്യമിട്ടു വ്യവസായ പരിശീലനവകുപ്പും തൊഴില്‍ വകുപ്പിനു കീഴിലുള്ള കേരള അക്കാഡമി ഫോര്‍ സ്‌കില്‍സ്‌ എക്‌സലന്‍സും(കെയിസ്‌) ചേര്‍ന്നാണ്‌ ഇന്ത്യ സ്‌കില്‍സ്‌ കേരള-2018 പരിപാടി സംഘടിപ്പിച്ചത്‌.

മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു ഉദ്‌ഘാടകന്‍. പരിപാടിയില്‍ എം.എല്‍.എയ്‌ക്ക്‌ അര്‍ഹമായ സ്‌ഥാനം നല്‍കാതെ അപമാനിച്ചെന്നാണു പരാതി.സര്‍ക്കാര്‍ പ്രോട്ടോക്കോള്‍ പ്രകാരം, മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ വകുപ്പുമന്ത്രിയാകണം അധ്യക്ഷന്‍. സ്‌ഥലം എം.എല്‍.എയ്‌ക്കു വേദിയില്‍ പ്രധാനസ്‌ഥാനം നല്‍കണം. അല്ലെങ്കില്‍ സംഘാടകര്‍ക്കെതിരേ നടപടിയെടുക്കും. ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ്‌ നിലനില്‍ക്കേയാണു കൊച്ചിയില്‍ എം.എല്‍.എയെ വിളിച്ചുവരുത്തി സദസിലിരുത്തിയത്‌.

വ്യവസായ പരിശീലനവകുപ്പ്‌ ഡയറക്‌ടര്‍ ശ്രീറാം വെങ്കിട്ടരാമനാണു ഹൈബിയെ ചടങ്ങിലേക്കു ക്ഷണിച്ചത്‌. മന്ത്രി ടി.പി. രാമകൃഷ്‌ണനായിരുന്നു അധ്യക്ഷന്‍. വേദിയില്‍ അഡീഷണല്‍ ചീഫ്‌ സെക്രട്ടറി ടോം ജോസ്‌, കേരള അക്കാഡമി ഫോര്‍ സ്‌കില്‍സ്‌ എക്‌സലന്‍സ്‌ എം.ഡി: ശ്രീറാം വെങ്കിട്ടരാമന്‍ എന്നിവരുമുണ്ടായിരുന്നു. അപമാനിച്ചതില്‍ പ്രതിഷേധിച്ച്‌ ഹൈബി പരിപാടി അവസാനിക്കും മുമ്പ്‌ ഇറങ്ങിപ്പോയി. ചടങ്ങില്‍ അധ്യക്ഷനായിരുന്ന മന്ത്രി ടി.പി. രാമകൃഷ്‌ണന്‌ എം.എല്‍.എയുടെ ഓഫീസ്‌ പരാതി നല്‍കി. ഇന്നു രാവിലെ സ്‌പീക്കര്‍ക്ക്‌ അവകാശലംഘന നോട്ടീസ്‌ നല്‍കും.