ലോകകപ്പ് ക്രിക്കറ്റിന്റെ എല്ലാ ആവേശവും നിറഞ്ഞ മൽസരത്തിൽ ഓസ്ട്രേലിയയോട് ബംഗ്ലദേശ് പൊരുതിത്തോറ്റു. 48 റൺസിന്റെ ജയമാണ് ബംഗ്ലദേശിനെതിരെ ഓസീസ് സ്വന്തമാക്കിയത്. ഓസ്ട്രേലിയ ഉയർത്തിയ 382 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലദേശ് 50 ഓവറിൽ 8 വിക്കറ്റു നഷ്ടത്തില്‍ 333 റൺസെടുത്തു. ബംഗ്ലദേശിനായി മുഷ്ഫിഖുർ റഹീം സെഞ്ചുറി നേടി. 95 പന്തുകളിൽനിന്നാണ് മുഷ്ഫിഖുർ സെഞ്ചുറി തികച്ചത്.

ഓപ്പണർ തമീം ഇക്ബാൽ (74 പന്തിൽ 62), മഹ്മൂദുല്ല റിയാദ് (50 പന്തിൽ 69) എന്നിവർ‌ ബംഗ്ലദേശിനായി അർധസെഞ്ചുറി നേടി. സൗമ്യ സർക്കാര്‍ (8 പന്തിൽ 10), ഷാക്കിബുൽ ഹസൻ (41 പന്തിൽ 41), ലിറ്റൻ ദാസ് (17 പന്തില്‍ 20), ഷബീർ റഹ്മാൻ (പൂജ്യം), മെഹ്ദി ഹസൻ (7 പന്തിൽ 6), മഷ്റഫി മുര്‍ത്താസ (5 പന്തിൽ 6) എന്നിങ്ങനെയാണു പുറത്തായ മറ്റു ബംഗ്ലദേശ് താരങ്ങളുടെ സ്കോറുകൾ. സൗമ്യ സർക്കാരിനെ ആരോൺ ഫിഞ്ച് റണ്ണൗട്ടാക്കുകയായിരുന്നു. ബംഗ്ലദേശ് സ്കോർ 102 ൽ നിൽക്കെ ഷാക്കിബുലിനെ മാർക്കസ് സ്റ്റോയ്നിസിന്റെ പന്തിൽ ഡേവിഡ് വാർണർ ക്യാച്ചെടുത്തു പുറത്താക്കി. അർധസെഞ്ചുറി നേടിയ തമീം ഇക്ബാൽ മിച്ചൽ സ്റ്റാർകിന്റെ പന്തി‍ൽ ബൗൾഡായി. ലിറ്റൻ ദാസിനെ സാംപ വിക്കറ്റിനു മുന്നിൽ കുടുക്കി.

മുഷ്ഫിഖുർ റഹീമും മഹ്മൂദുല്ല റിയാദും ചേർന്ന് ബംഗ്ലാ സ്കോർ 300 കടത്തി. സ്കോർ 302ൽ നിൽക്കെ റിയാദിനെ കോള്‍ട്ടര്‍നൈലിന്റെ പന്തിൽ പാറ്റ് കമ്മിൻസ് ക്യാച്ചെടുത്തു പുറത്താക്കി. ഷബീർ റഹ്മാൻ‌ കോള്‍ട്ടര്‍നൈലിന്റെ പന്തിൽ ബൗൾഡാകുകയായിരുന്നു. മെഹ്ദി ഹസനും മുർതാസയ്ക്കും ബംഗ്ലദേശിനായി കാര്യമായ പ്രകടനം നടത്താൻ സാധിച്ചില്ല. ഓസീസിനായി മിച്ചൽ സ്റ്റാർക്, കോള്‍‌ട്ടർനൈൽ, മാർകസ് സ്റ്റോയ്നിസ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ആദം സാംപ ഒരു വിക്കറ്റും സ്വന്തമാക്കി. ജയത്തോടെ 10 പോയിന്റുമായി ഓസ്ട്രേലിയ പട്ടികയിൽ ഒന്നാമതെത്തി.

ഓപ്പണർ ഡേവിഡ് വാര്‍ണറിന്റെ സെഞ്ചുറി മികവിൽ ബംഗ്ലദേശിനെതിരെ ഓസ്ട്രേലിയ 5 വിക്കറ്റ് നഷ്ടത്തിൽ നേടിയത് 381 റൺസ്. ലോകകപ്പിൽ ഒരു ടീം നേടുന്ന ഏറ്റവും വലിയ രണ്ടാമത്തെ സ്കോറാണ് ബംഗ്ലദേശിനെതിരെ ഓസ്ട്രേലിയ ഉയർത്തിയത്. 110 പന്തിൽ നിന്നാണ് ഡേവി‍ഡ് വാർണർ സെഞ്ചുറി കുറിച്ചത്. വാർ‌ണറിന്റെ ഏകദിനത്തിലെ പതിനാറാമത്തെയും ലോകകപ്പിലെ രണ്ടാമത്തെയും സെഞ്ചുറിയാണ് ബംഗ്ലദേശിനെതിരെ നേടിയത്. 147 പന്തിൽ 166 റൺസെടുത്ത് വാർണർ പുറത്തായി. ക്യാപ്റ്റൻ ആരോൺ ഫിഞ്ച് (51 പന്തിൽ 53), ഉസ്മാൻ ഖവാജ (72 പന്തിൽ 89) എന്നിവർ അർധസെഞ്ചുറി നേടി.