ന്യൂസ് ഡെസ്ക്

ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളിൽ മഴ തുടരുന്നതിനിടയിൽ ജലനിരപ്പ് വീണ്ടുമുയര്‍ന്നു. 2395.68 അടിയാണ് ചൊവ്വാഴ്ച എട്ട് മണിക്ക് രേഖപ്പെടുത്തിയ ജലനിരപ്പ്. എന്നാല്‍ ട്രയല്‍ റണ്‍ ഉടന്‍ നടത്തേണ്ട സാഹചര്യമില്ലെന്ന് മന്ത്രി മാത്യു ടി. തോമസ് പറഞ്ഞു. തിങ്കളാഴ്ച രാത്രി ജലനിരപ്പ് 2395 അടിയായപ്പോള്‍ ഡാം തുറക്കാനുള്ള സാധ്യത കണക്കിലെടുത്ത് പെരിയാര്‍ തീരദേശവാസികള്‍ക്ക് അതിജാഗ്രതാ നിര്‍ദേശമായ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചതോടെ ഡാമിന് സമീപമുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ ജില്ലാ ഭരണകൂടം ശക്തമാക്കി.

ജലനിരപ്പ് 2396 അടിയായാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുമെന്ന് മന്ത്രി എംഎം മണി അറിയിച്ചു. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച് 24 മണിക്കൂറിന് ശേഷമേ ഡാം തുറക്കുന്നതിനെക്കുറിച്ച് അന്തിമ തീരുമാനം ഉണ്ടാകൂ. ഇതിനിടയില്‍ പെരിയാര്‍ തീരവാസികള്‍ ഒഴിഞ്ഞാല്‍ മതിയാകും. 2013-ല്‍ 2401 അടിയായിട്ടും ഡാം തുറന്നിരുന്നില്ല. പെരിയാര്‍ തീരദേശവാസികള്‍ക്ക് ജില്ലാ കളക്ടറും ജനപ്രതിനിധികളും നേരിട്ടെത്തി നോട്ടീസ് നല്‍കി. ചെറുതോണി മുതല്‍ ഇടുക്കി ജില്ലയുടെ അതിര്‍ത്തിയായ കരിമണല്‍ വരെയുള്ള 400 കെട്ടിടങ്ങള്‍ക്കാണ് നോട്ടീസ് നല്‍കിയത്. അടിയന്തരഘട്ടങ്ങളില്‍ മണിക്കൂറുകള്‍ക്കകം കെട്ടിടം ഒഴിയണമെന്നാണ് ഇതില്‍ പറയുന്നത്.

തിങ്കളാഴ്ച രാത്രി 8.10-നാണ് ഡാം സുരക്ഷാ വിഭാഗം ജലനിരപ്പ് 2395 അടി പിന്നിട്ടതായി കണ്ടെത്തിയത്. രാത്രി ഒമ്പത് മണിയോടെ ഡാം സേഫ്റ്റി ആന്‍ഡ് ഡ്രിപ് ചീഫ് എന്‍ജിനീയര്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഓറഞ്ച് അലര്‍ട്ട് സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേഷന്‍ പ്രാക്ടീസ് മാത്രമാണെന്ന് ജില്ലാ കളക്ടര്‍ കെ. ജീവന്‍ ബാബു പറഞ്ഞു. ഇതൊരു അറിയിപ്പ് മാത്രമാണ്. ഈ സമയത്ത് ആശങ്കപ്പെടേണ്ടതില്ല. ആളുകളെ മാറ്റിപാര്‍പ്പിക്കണ്ടതുമില്ല. അത്തരം ഘട്ടത്തില്‍ 12 മണിക്കൂറെങ്കിലും മുമ്പ് അറിയിപ്പ് നല്‍കും. എന്നിട്ട് ആളുകളെ സുരക്ഷിത സ്ഥാനത്തെത്തിക്കും.

അഞ്ച് പഞ്ചായത്തുകളിലെ 12 സ്‌കൂളുകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജമാക്കിയിട്ടുണ്ട്. വാഴത്തോപ്പ്, മരിയാപുരം, കഞ്ഞിക്കുഴി, വാത്തിക്കുടി പഞ്ചായത്തുകളിലായി നാലു ക്യാമ്പുകള്‍ മാത്രം തുറന്നാല്‍ മതിയെന്നാണ് യോഗത്തിലെ തീരുമാനം. വ്യോമസേനയുടെ രണ്ട് ഹെലികോപ്റ്ററുകള്‍ കൊച്ചിയില്‍ സജ്ജമായിട്ടുണ്ട്. സൈന്യത്തിന്റെയും തീരരക്ഷാ സേനയുടെയും ബോട്ടുകളും ആവശ്യപ്പെട്ടിട്ടുണ്ട്. വ്യോമ-കര സേനാംഗങ്ങള്‍ ഏതു നിമിഷവും എത്താന്‍ തയ്യാറായിട്ടുണ്ട്.

ദേശീയ ദുരന്തപ്രതികരണസേനയുടെ ഒരുസംഘം കൊച്ചിയിലെത്തിയിട്ടുണ്ട്. മറ്റൊരുസംഘം തൃശ്ശൂരിലെ സേനാ ആസ്ഥാനത്ത് തയ്യാറാണ്. 46 പേരാണ് ഒരു സംഘത്തില്‍. എറണാകുളത്തെ താഴ്ന്നപ്രദേശങ്ങളില്‍ ചെറുബോട്ടുകളുമായി തീര രക്ഷാസേനയുണ്ടാകും