നാല്ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടും ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കൂടുന്നതിനാല്‍ നിലവിലുള്ളതിനേക്കാള്‍ മൂന്നിരട്ടി വെള്ളം തുറന്നുവിട്ടു. മുഖ്യമന്ത്രിയുെട നേതൃത്വത്തില്‍ തീരുവനന്തപുരത്ത് അവലോകനയോഗം ചേര്‍ന്നാണ് തീരുമാനമെടുത്തത്. നിലവില്‍ 2401.34 അടിയാണ് ജലനിരപ്പ്. ഇടമലയാര്‍ അണക്കെട്ടിലെ ഷട്ടറുകള്‍ അടച്ചശേഷം ചെറുതോണിയില്‍നിന്ന് കൂടുതല്‍ വെള്ളം തുറന്നുവിടുന്നത് പരിഗണിക്കുന്നതായി മന്ത്രി എം.എം. മണി അറിയിച്ചു.

ഇടമലയാറില്‍ നിന്ന് തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് കുറച്ചിട്ടുണ്ട്. ചെറുതോണിയിലെ രണ്ടു ഷട്ടറുകള്‍ കൂടി രാവിലെ തുറന്നതോടെ നിലവില്‍ മൂന്നു ഷട്ടറുകള്‍ 40സെന്‍റീമീറ്റര്‍ വീതം തുറന്നിട്ടുണ്ട്. ജില്ലയില്‍ കനത്ത മഴ തുടരുന്നതിനാല്‍ ഇനിയും ജലനിരപ്പ് ഉയരാനാണ് സാധ്യത. ചെറുതോണി, പെരിയാര്‍ തീരങ്ങളില്‍ ജലനിരപ്പ് ഉയരുന്നു. ചെറുതോണി, കരിമ്പന്‍ പ്രദേശളില്‍ വീടുകളില്‍ വെള്ളംകയറി. വ്യാപക കൃഷിനാശവുമുണ്ടായി.

സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരണം ഇരുപത്തിയാറായി. നിലമ്പൂര്‍ എരുമമുണ്ടയില്‍ ഉരുള്‍പൊട്ടലില്‍ കാണാതായ സുബ്രഹ്മണ്യന്‍റേയും ഇടുക്കി കമ്പിളിക്കണ്ടത്ത് മണ്ണിടിച്ചിലില്‍ കാണാതായ ജിനുവിന്റെ മൃതദേഹവും കണ്ടെത്തി. വെഞ്ഞാറമൂടില്‍ വെള്ളം കോരുന്നതിനിടെ കിണര്‍ ഇടിഞ്ഞ് സുരേഷ് മരിച്ചു. വയനാട് വൈത്തിരിയില്‍ കെട്ടിടത്തിന്‍റെ ഒരുനില മണ്ണിനടിയിലേക്ക് താഴ്ന്ന് കാറും വാനും മണ്ണിനടിയിലായി. ആളപായമില്ല.ആലുവ, കളമശേരി മേഖലകളിലും വെള്ളപ്പൊക്കം രൂക്ഷമാണ്.

ചെമ്പകശേരി, തോട്ടുമുഖം, ചൊവ്വര, കാഞ്ഞൂര്‍, ചെങ്ങല്‍ എന്നിവിടങ്ങളിലും വെള്ളം കയറി. മധ്യകേരളത്തിലും വടക്കന്‍ ജില്ലകളിലും രണ്ടുദിവസം കൂടി അതിതീവ്രമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഭാരതപ്പുഴ, പെരിയാര്‍ ഉള്‍പ്പെടെ മിക്ക നദികളും പുഴകളും കരകവിഞ്ഞു.പമ്പ് ഹൗസുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ചതിനാല്‍ കൊച്ചി, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലെ കുടിവെള്ളവിതരണം മുടങ്ങി.

ഇടുക്കി അടക്കം സംസ്ഥാനത്ത് 24 ഡാമുകളാണ് ഇപ്പോള്‍ തുറന്ന് വിട്ടിരിക്കുന്നത്. പാലക്കാട് ജില്ലയില്‍ അഞ്ചും ഇടുക്കി തൃശൂര്‍ ജില്ലകളില്‍ നാലു വീതം അണക്കെട്ടുകള്‍ തുറന്നിട്ടുണ്ട്. ഇടുക്കി, ഇടമലയാര്‍, ഭൂതത്താന്‍കെട്ട്, മലമ്പുഴ എന്നിവയ്ക്കുപുറമേ കക്കയം, പെരുവണ്ണാമൂഴി, വയനാട് ബാണാസുരസാഗര്‍, നെയ്യാര്‍, തെന്മല,ശിരുവാണി തുടങ്ങിയ ഡാമുകളാണ് തുറന്നിരിക്കുന്നത്. ബാണാസുരസാഗര്‍ ഡാമിന്റെ ഷട്ടറുകള്‍ രണ്ടുമീറ്റര്‍ 90 സെന്റീമീറ്റര്‍ ഉയര്‍ത്തിയിട്ടുണ്ട്. പമ്പ ഡാം തുറക്കാനും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

പ്രളയബാധിത മേഖലകളില്‍ ആവശ്യമായ സഹായമെത്തിക്കുമെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന് പറഞ്ഞു‍. ആലുവയില്‍ ചേര്‍ന്ന് അവലോകന യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി വെള്ളിയാഴ്ച വരെ പരിപാടികള്‍ റദ്ദാക്കി. രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കും.