രണ്ടടി കൂടി വെള്ളമുയര്‍ന്നാല്‍ ഇടുക്കി അണക്കെട്ട് തുറന്നേക്കും, മുല്ലപ്പെരിയാറിലും ജലനിരപ്പ് പരമാവധി ശേഷിയ്ക്കടുത്ത്

രണ്ടടി കൂടി വെള്ളമുയര്‍ന്നാല്‍ ഇടുക്കി അണക്കെട്ട് തുറന്നേക്കും, മുല്ലപ്പെരിയാറിലും ജലനിരപ്പ് പരമാവധി ശേഷിയ്ക്കടുത്ത്
July 28 20:48 2018 Print This Article

പൈനാവ്: മഴയ്ക്കു നേരിയ ശമനമുണ്ടെങ്കിലും ജനങ്ങളുടെ ആശങ്ക വര്‍ധിപ്പിച്ച് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് മുകളിലേക്ക്. 2393 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. സമുദ്രനിരപ്പില്‍ നിന്നുള്ള ഉയരമാണിത്. മുല്ലപ്പെരിയാര്‍ അണക്കെട്ടിലും ജലനിരപ്പ് ഉയരുകയാണ്; 135.9 അടിയിലെത്തിയിട്ടുണ്ട്

അണക്കെട്ടുകളിലെ ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ ഇടുക്കി ജില്ലാ കലക്ടര്‍ അടിയന്തര യോഗം വിളിച്ചു. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഏഴ് അടി കൂടി പിന്നിട്ടാല്‍ ചെറുതോണി അണക്കെട്ടിലെ ഷട്ടറുകള്‍ ഉയര്‍ത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്.

ജലനിരപ്പ് 2400 അടിയിലേക്ക് എത്തുന്നതിനു മുമ്പ് ഇടുക്കി ഡാം തുറന്നുവിടുമെന്ന് വൈദ്യുതവകുപ്പു മന്ത്രി എം എം മണി  ഇന്നത്തെ ജനപ്രതിനിധികളുടെ യോഗത്തില്‍ വ്യക്തമാക്കിയിരുന്നു. വൈദ്യുത ഉത്പാദനത്തിനു വേണ്ടി വെള്ളം പിടിച്ചുവെക്കില്ലെന്നും അപകടത്തിന് സാധ്യതയുള്ളതിനാല്‍ അണക്കെട്ട് രാത്രിയില്‍ തുറക്കാതെ ശ്രദ്ധിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

മുല്ലപ്പെരിയാറിലെ വെള്ളം സ്പില്‍വേ വഴി ഒഴുക്കിക്കളയാനുള്ള നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. 2403 അടിയാണ് ഇടുക്കി അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി. 2400 അടിയിലെത്തുന്നതിനു മുമ്പ് അണക്കെട്ട് ക്രമേണ തുറന്നുവിട്ട് അപകടസാധ്യത ഒഴിവാക്കുമെന്നാണ്‌  മന്ത്രി വ്യക്തമാക്കിയിരിക്കുന്നത്.

അടിയന്തര സാഹചര്യം നേരിടാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി പി എച്ച് കുര്യന്‍ സുരക്ഷാ മുന്‍കരുതലുകള്‍ ഏകോപിപ്പിക്കും. നേരത്തെ തന്നെ റവന്യൂ, ഇറിഗേഷന്‍, വൈദ്യുത വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രത്യേകസംഘങ്ങളായി തിരിഞ്ഞ് അണക്കെട്ടിന്റെ താഴെ ഭാഗത്ത് സര്‍വേ നടത്തിയിരുന്നു.

പെരിയാറിന്റെ താഴെ ഭാഗത്ത് താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കുന്നത് അടക്കമുള്ള നടപടികളും സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ജോയ്സ് ജോര്‍ജ് എം പി, ജില്ലയില്‍നിന്നുള്ള മറ്റ് എം എല്‍ എമാരും യോഗത്തില്‍ പങ്കെടുത്തിരുന്നു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles