ലോകകപ്പ് ക്രിക്കറ്റിൽനിന്ന് ഇന്ത്യ‍ പുറത്തായി ദിവസങ്ങൾ പിന്നിടുമ്പോഴും വിരമിക്കലുമായി ബന്ധപ്പെട്ട് ഒന്നും മിണ്ടാതെ മഹേന്ദ്രസിങ് ധോണി. ഇന്ത്യൻ ക്രിക്കറ്റ് കണ്‍ട്രോൾ ബോർഡിലെ പ്രധാനികൾ ഉൾപ്പെടെ ധോണിയുടെ തീരുമാനത്തിന് കാക്കുമ്പോഴാണ് താരം മൗനം തുടരുന്നത്. അടുത്ത വർഷം ഓസ്ട്രേലിയയിൽ നടക്കുന്ന ട്വന്റി20 ടൂർണമെന്റ് ഉൾപ്പെടെ മുൻനിർത്തി പുതിയ ടീമിനെ വാർത്തെടുക്കാനുള്ള തയാറെടുപ്പുകളിലേക്കു കടക്കും മുൻപ് ധോണി തീരുമാനം അറിയിക്കുമെന്നാണ് ബിസിസിഐ പ്രതീക്ഷയെന്ന് വിശ്വസനീയമായ കേന്ദ്രങ്ങളെ ഉദ്ധരിച്ച് പ്രമുഖ ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.

ഇന്ത്യൻ ടീമംഗമെന്ന നിലയിൽ ധോണിയുടെ കരിയർ ഏറെക്കുറെ അവസാനിച്ചുവെന്ന തരത്തിലാണ് ബിസിസിഐയുടെ നിലപാട്. ഇന്ത്യയ്ക്ക് ഏകദിന, ട്വന്റി20 ലോകകിരീടങ്ങൾ സമ്മാനിച്ച ക്യാപ്റ്റനെന്ന നിലയിൽ ധോണി സ്വയം തീരുമാനമെടുക്കാൻ കാക്കുകയാണവർ. ലോകകപ്പിൽ ഭേദപ്പെട്ട പ്രകടനമായിരുന്നു ധോണിയുടേതെങ്കിലും നിർണായക സമയങ്ങളിൽ റൺനിരക്ക് ഉയർത്താനാകാതെ പോയത് വിമർശന വിധേയമായിരുന്നു. സച്ചിൻ തെൻഡുൽക്കർ ഉൾപ്പെടെയുള്ള താരങ്ങൾ ധോണിയെ വിമർശിക്കുന്നതിനും ലോകകപ്പ് വേദിയായി. ഇംഗ്ലണ്ടിനെതിരായ മൽസരത്തിൽ ധോണി ജയത്തിനായി ശ്രമിക്കുക പോലും ചെയ്യാതിരുന്നതിനെയും വിമർശനമുണ്ട്.

വിരമിക്കാൻ സമയമായി എന്നറിയിക്കുന്നതിന് ചീഫ് സിലക്ടർ എം.എസ്.കെ. പ്രസാദ് ധോണിയുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്നും റിപ്പോർട്ടുണ്ട്. ‘ഇതുവരെയും അദ്ദേഹം വിരമിക്കൽ പ്രഖ്യാപിക്കാത്തതിൽ ഞങ്ങൾക്ക് അദ്ഭുതമുണ്ട്. ഋഷഭ് പന്തിനെപ്പോലുള്ള താരങ്ങൾ അവസരം കാത്തിരിക്കുകയാണ്. ലോകകപ്പിൽ നമ്മൾ കണ്ടതുപോലെ ധോണി ഇപ്പോൾ ആ പഴയ ബെസ്റ്റ് ഫിനിഷറല്ല. ആറ്, ഏഴ് നമ്പറുകളിലാണ് ബാറ്റിങ്ങിന് ഇറങ്ങുന്നതെങ്കിലും ടീമിന്റെ ആവശ്യത്തിന് അനുസരിച്ച് റൺനിരക്കുയർത്താൻ അദ്ദേഹത്തിന് ഇപ്പോൾ സാധിക്കുന്നില്ല. ചില മൽസരങ്ങളിൽ ടീമിന്റെ സാധ്യതയെ അതു പ്രതികൂലമായി ബാധിക്കുകയും ചെയ്തു’ – ബിസിസിഐയോട് അടുത്തുനിൽക്കുന്ന, പേരു വെളിപ്പെടുത്താത്ത വ്യക്തിയെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു.

അടുത്ത മാസം ആരംഭിക്കുന്ന ഇന്ത്യയുടെ വിൻഡീസ് പര്യടനത്തിൽ ധോണിയെ ഉൾപ്പെടുത്താനുള്ള സാധ്യതയും അദ്ദേഹം തള്ളിക്കളഞ്ഞു. 2020 ലോകകപ്പ് പദ്ധതികളിൽ ധോണിക്ക് ഇടമുണ്ടെന്ന് കരുതുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. ഇനിയും പതിവുപോലെ ടീമിലേക്ക് അദ്ദേഹത്തെ പരിഗണിക്കാനിടയില്ല. സ്വന്തം നിലയ്ക്ക് വിരമിക്കൽ പ്രഖ്യാപിച്ച് വിടപറയുന്നതാണ് അദ്ദേഹത്തിനു നല്ലതെന്നും ബിസിസിഐ വൃത്തങ്ങൾ ചൂണ്ടിക്കാട്ടി.

ലോകകപ്പിനുശേഷം ടീമിൽ തുടരണമോ എന്ന കാര്യത്തിൽ ധോണിയും ടീം മാനേജ്മെന്റും തമ്മിൽ സംഭാഷണം നടന്നിട്ടുപോലുമില്ലെന്നാണ് വിവരം. ലോകകപ്പിന്റെ സമയത്ത് ധോണിയുടെ ശ്രദ്ധ കളയാതിരിക്കാനാകും ഇക്കാര്യം സംസാരിക്കാതിരുന്നത്. എന്നാൽ, ഇപ്പോൾ തീരുമാനം എടുക്കേണ്ട സമയമാണെന്ന് ബിസിസിഐ വൃത്തങ്ങൾ പറയുന്നു.
മുൻകാല പ്രകടനങ്ങളുടെ പേരിലോ മുതിർന്ന താരമെന്ന പേരിലോ ധോണിയെ ഇനിയും ടീമിൽ നിലനിർത്തുമെന്ന് കരുതുന്നില്ലെന്ന് പേരു വെളിപ്പെടുത്താത്ത മുൻ ഇന്ത്യൻ താരത്തെ ഉദ്ധരിച്ച് ഇതേ റിപ്പോർട്ട് പറയുന്നു. വിരാട് കോലിയുെട ക്യാപ്റ്റൻസിയുടെ കാര്യത്തിൽ പോലും തീർച്ചയില്ലാത്ത അവസ്ഥയാണ്. ഇക്കുറി ലോകകപ്പിൽ ടീം ഇന്ത്യയുടെ പ്രകടനം പ്രതീക്ഷയ്ക്കൊത്തുയർന്നില്ല എന്നതാണ് യാഥാർഥ്യം. ചോദ്യങ്ങൾക്കുള്ള ഉത്തരം മുകളിൽനിന്നുള്ളവരിൽ നിന്നു തുടങ്ങി തേടണം – റിപ്പോർട്ട് പറയുന്നു.

അതിനിടെ, മുതിർന്ന താരങ്ങളെ ടീമിൽനിന്ന് നീക്കേണ്ട സമയത്തെക്കുറിച്ച് കൃത്യമായ ധാരണയുള്ളവരാണ് ഓസീസ് ക്രിക്കറ്റ് ബോർഡെന്ന് കഴിഞ്ഞ ദിവസം അവരുടെ മുൻ ക്യാപ്റ്റൻ സ്റ്റീവ് വോ പ്രതികരിച്ചിരുന്നു. അതേസമയം, ഉപഭൂഖണ്ഡത്തിൽ ക്രിക്കറ്റ് താരങ്ങളെ ദൈവത്തെപ്പോലെയും ഇതിഹാസങ്ങളായും കാണുന്ന സാഹചര്യത്തിൽ അത്തരമൊരു നിലപാട് ബുദ്ധിമുട്ടാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. 2004ന്റെ തുടക്കത്തിൽ അപ്രതീക്ഷിതമായിട്ടാണ് ഓസ്ട്രേലിയൻ ടീമിൽനിന്ന് വോ പുറത്താക്കപ്പെട്ടത്.