ജയ്പൂർ∙ രാജസ്ഥാനിൽ വിദേശ കമ്പനിയുടെ മരുന്നു പരീക്ഷണത്തെ തുടർന്ന് ആരോഗ്യ നില വഷളായ 21 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചുരു ഗ്രാമത്തിലാണു മനുഷ്യരില്‍ നിയമവിരുദ്ധമായി മരുന്നു പരീക്ഷണം നടത്തിയത്. പരീക്ഷണത്തിൽ പങ്കെടുക്കുന്നതിന് കമ്പനി ഓരോരുത്തർക്കും 500 രൂപ ‘കൂലി’ നല്‍കിയതായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരിൽ ഒരാൾ ദേശീയ മാധ്യമങ്ങളോടു പറഞ്ഞു.

മാർച്ച് 19നാണു മനുഷ്യരുടെ ദേഹത്തു മരുന്ന് നിയമവിരുദ്ധമായി ഉപയോഗിച്ചത്. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടതായി സംസ്ഥാന ആരോഗ്യമന്ത്രി കലി കദം ശരഫ് പറഞ്ഞു. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നു അദ്ദേഹം പറഞ്ഞു.

നിയമപ്രകാരം പുതിയ മരുന്നിന്റെ പരീക്ഷണം ആദ്യം മൃഗങ്ങളിലാണു നടത്തേണ്ടത്. ഇതിനു പുറമെ മനുഷ്യരില്‍ മരുന്നുകൾ ഉപയോഗിക്കുമ്പോള്‍ ഒൻപതു പേരടങ്ങിയ ക്ലിനിക്കൽ എത്തിക്കൽ കമ്മിറ്റിയുടെ അനുമതിയും വേണം. മാത്രമല്ല എന്തു രോഗത്തിനുള്ള മരുന്നാണോ, ആ രോഗം ഉള്ള ആളില്‍ മാത്രമേ ഉപയോഗിക്കാനും പാടുള്ളു. ഇതിനു പുറമെ മരുന്നിനെ ക്കുറിച്ചുള്ള മുഴുവൻ വിവരങ്ങളും കമ്പനി രോഗിക്കു കൈമാറുകയും വേണമെന്നാണു ചട്ടം.