ലൈംഗിക ആരോപണം വിവാദമാകുന്ന പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഡിഎന്‍എ സാമ്പിളെടുക്കാന്‍ അമേരിക്കയിലെ ലാസ് വേഗസ് മെട്രോപോളിറ്റന്‍ പൊലീസ് വാറണ്ട് പുറപ്പെടുവിച്ചു. റൊണാള്‍ഡോയുടെ ഡിഎന്‍എ സാമ്പിള്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള വാറണ്ട് ഇറ്റാലിയന്‍ അധികൃതര്‍ക്ക് അയച്ചതായി പൊലീസ് അറിയിച്ചു. ഇക്കാര്യത്തില്‍ ഇതില്‍ കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാകില്ലെന്നും പോലീസ് അറിയിച്ചു. രണ്ടായിരത്തി ഒമ്പതില്‍ റൊണാള്‍ഡോ തന്നെ ബലാല്‍സംഗം ചെയ്തുവെന്ന മോഡല്‍ കാതറിന്‍ മയോര്‍ഗയുടെ പരാതിയുടെ അന്വേഷണത്തിനിടെയാണ് പൊലീസിന്റെ നടപടി

അതേസമയം ആരോപണം ഉന്നയിച്ച മോഡല്‍ കാതറിന്‍ മയോര്‍ഗയുമായി ക്രിസ്റ്റ്യാനോ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിട്ടുണ്ടെന്നും എന്നാല്‍ അത് പരസ്പരസമ്മതത്തോട് കൂടിയായിരുന്നുവെന്നും താരത്തിന്റെ അഭിഭാഷകന്‍ പീറ്റര്‍ പറയുന്നു. 2009ല്‍, ആരോപണം ഉന്നയിച്ച സ്ത്രീയുടെ സമ്മതപ്രകാരമാണ് എല്ലാം നടന്നത്. അല്ലാതെ അവര്‍ ആരോപിക്കുന്നതുപോലെ ലൈംഗികമായ പീഡനം നടന്നിട്ടില്ല. ക്രിസ്റ്റിയാനോയുടെ നിലപാട് എപ്പോഴും ഇതുതന്നെയായിരിക്കുമെന്നും അഭിഭാഷകന്‍ വ്യക്തമാക്കി.

എന്നാല്‍ 2009 ജൂണ്‍ 13ന് ലാസ് വെഗാസിലെ ഒരു ഹോട്ടലില്‍ വെച്ച് തന്നെ മുറിയിലേക്ക് ക്ഷണിച്ച റൊണാള്‍ഡോ അവിടെ വെച്ച് ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചുവെന്നുമാണ് കാതറിന്‍ മയോര്‍ഗയുടെ പരാതി. എതിര്‍പ്പറിയിച്ചപ്പോള്‍ ഒരു ചുംബനം നല്‍കിയാല്‍ പോകാന്‍ അനുവദിക്കാമെന്ന് റൊണാള്‍ഡോ പറഞ്ഞു. താന്‍ അതിന് തയ്യാറായപ്പോള്‍ റൊണാള്‍ഡോ മോശമായി പെരുമാറാന്‍ തുടങ്ങി. പിന്നീട് തന്നെ ബലമായി കിടക്കയിലേക്ക് തള്ളിയിട്ട് റൊണാള്‍ഡോ ബലാത്സംഗം ചെയ്യുകയായിരുന്നു. ഒടുവില്‍ റൊണാള്‍ഡോ ക്ഷമ ചോദിച്ചു. സംഭവം പുറത്തുപറയാതിരിക്കാന്‍ 3,75,000 ഡോളര്‍ റൊണാള്‍ഡോ നല്‍കിയെന്നും മോഡല്‍ പറയുന്നു.