വാഷിംഗ്ടണ്‍: ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് ഐഎംഎഫ് താഴ്ത്തി. 6.7 ശതമാനമാണ് പുതിയ നിരക്ക്. സാമ്പത്തികവര്‍ഷത്തിന്റെ ആദ്യപാദത്തില്‍ രേഖപ്പെടുത്തിയതിനേക്കാള്‍ 0.5 ശതമാനം കുറവാണ് ഇത്. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ നോട്ട് നിരോധനവും ജിഎസ്ടി നടപ്പിലാക്കിയതുമാണ് വളര്‍ച്ചയെ പിന്നോട്ടടിച്ചതെന്ന് ഐഎംഎഫ് പറയുന്നു. അടുത്ത വര്‍ഷം പ്രതീക്ഷിക്കുന്ന വളര്‍ച്ചയിലും കുറവ് വരുത്തിയിട്ടുണ്ട്.

7.4 ശതമാനം വളര്‍ച്ചയാണ് അടുത്ത വര്‍ഷം പ്രവചിച്ചിരിക്കുന്നത്. 0.3 ശതമാനം കുറച്ചാണ് ഈ നിരക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. 2016ല്‍ 7.1 ശതമാനം വളര്‍ച്ച ഇന്ത്യ കൈവരിച്ചിരുന്നു. ആദ്യപാദത്തില്‍ പ്രതീക്ഷിച്ച വളര്‍ച്ചയേക്കാള്‍ 0.3 ശതമാനം കുറവാണ് ഇപ്പോള്‍ വരുത്തിയിരിക്കുന്നത്. അതേസമയം ചൈന, ജപ്പാന്‍, റഷ്യ, യൂറോപ്പിലെ ചില രാജ്യങ്ങള്‍ എന്നിവ മുന്നേറ്റം തുടരുകയാണെന്നും ഐഎംഎഫ് വിലയിരുത്തുന്നു.

ആഗോള സമ്പദ് വ്യവസ്ഥയില്‍ അതിവേഗം തിരിച്ചുവരവാണ് ഉണ്ടാകുന്നത്. 2017 പകുതി വരെ 2.2 ശതമാനം വളര്‍ച്ചയാണ് ആഗോള സാമ്പത്തിക വ്യവസ്ഥ കൈവരിച്ചത്. യൂറോപ്യന്‍ രാജ്യങ്ങള്‍, ജപ്പാന്‍, ക്യാനഡ എന്നീ രാജ്യങ്ങള്‍ക്കുണ്ടായ വളര്‍ച്ചയാണ് ഇതിനെ സഹായിച്ചത്. ഏപ്രിലിലെ പ്രതീക്ഷ 2 ശതമാനം വളര്‍ച്ച മാത്രമായിരുന്നു.