സ്വന്തം ലേഖകൻ

ബ്രിട്ടൻ :- ജനുവരി 31ന് തീരുമാനിച്ചിരിക്കുന്ന ബ്രെക്സിറ്റിനുശേഷം, കുറ്റമറ്റതായ ഒരു ഇമിഗ്രേഷൻ സിസ്റ്റം നടപ്പിലാക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ വാഗ്ദാനം. യു കെ – ആഫ്രിക്ക ഇൻവെസ്റ്റ്മെന്റ് സമ്മിറ്റിൽ സംസാരിക്കുകയായിരുന്നഅദ്ദേഹം, മറ്റെല്ലാ രാജ്യങ്ങളിൽനിന്നും ഉള്ള ആളുകളെ തുല്യമായി പരിഗണിക്കുമെന്നും ഉറപ്പുനൽകി. യുകെയ്ക്കും യൂറോപ്യൻ യൂണിയനിനും ഇടയിലുള്ള സ്വതന്ത്രസഞ്ചാരം 2020 ഡിസംബർ 31 ഓടുകൂടി അവസാനിക്കും. അതിനുശേഷം ജനുവരി 2021 ഓടുകൂടി ഓസ്ട്രേലിയൻ മാതൃകയിലുള്ള പോയിന്റ് ബേസ്ഡ് സംവിധാനം നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതനുസരിച്ച് യുകെയിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക്, അവരുടെ വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസരിച്ചുള്ള പോയിന്റുകൾ ലഭ്യമാക്കും. നിലവിലെ നിയമം അനുസരിച്ച്, യൂറോപ്യൻ യൂണിയനിലെ രാജ്യങ്ങളിൽനിന്നുള്ള അംഗങ്ങൾക്ക് യുകെയിൽ ജോലി ചെയ്യുവാൻ വിസയുടെ ആവശ്യമില്ല. നിലവിൽ യൂറോപ്യൻ യൂണിയന്റെ പുറത്തുനിന്നുള്ള രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് മാത്രമാണ് പോയിന്റ് ബേസ്ഡ് സംവിധാനം നടപ്പിലാക്കുന്നത്.

ലോകത്തു നിന്നുള്ള മികച്ച പ്രതിഭകളെ യുകെയിലേക്ക് ആകർഷിക്കുക എന്നതാകും ലക്ഷ്യമെന്നും പ്രധാനമന്ത്രി ബോറിസ് ജോൺസൺ ലണ്ടനിൽ വച്ച് പറഞ്ഞു. അടുത്ത ആഴ്ച ഗവൺമെന്റിന്റെ ഉപദേശകസമിതി ഇതിനെ സംബന്ധിക്കുന്ന റിപ്പോർട്ട് സമർപ്പിക്കും. യുകെയിലേക്ക് പുതിയ ഇൻവെസ്റ്റ്മെന്റുകളെ പ്രധാനമന്ത്രി ജോൺസൻ സ്വാഗതം ചെയ്തു. അതുപോലെതന്നെ ബ്രിട്ടനിൽ കൽക്കരിയിലുള്ള നിക്ഷേപങ്ങൾ കുറയ്ക്കും. ഇതിലൂടെ കാർബൺ ഉൽപാദനം കുറയ്ക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ ഗവൺമെന്റ് നിലവിലുള്ള ഫണ്ടുകളെ ദുരുപയോഗം ചെയ്യുകയാണെന്ന് ഷാഡോ ഇന്റർ നാഷണൽ ഡെവലപ്മെന്റ് മിനിസ്റ്റർ പ്രീത് ഗൗർ അഭിപ്രായപ്പെട്ടു. പലപ്പോഴും പാവപ്പെട്ടവരെ ഗവൺമെന്റ് തള്ളിക്കളയുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്നാൽ ബ്രെക്സിറ്റാനന്തരം നവ പദ്ധതികളുമായി മുന്നോട്ടു പോകാൻ തയ്യാറെടുക്കുകയാണ് പ്രധാനമന്ത്രി ബോറിസ് ജോൺസനും കൂട്ടരും.