ന്യൂഡൽഹി∙ ഇമ്രാൻ ഖാന്റെ പാക്കിസ്ഥാൻ തെഹ്‍രീകെ ഇൻസാഫ് (പിടിഐ) പാർട്ടി പാക്ക് പൊതു തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ കക്ഷിയായതിനു പിന്നാലെ സമാധാന പ്രതീക്ഷകൾ ഉയർത്തി ഇന്ത്യ. പാക്കിസ്ഥാനില്‍ അധികാരത്തിൽ വരുന്ന പുതിയ സർക്കാർ സുരക്ഷിതവും സുസ്ഥിരവുമായ ഏഷ്യൻ മേഖലയ്ക്കു വേണ്ടി പ്രവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണെന്ന് ഇന്ത്യ അറിയിച്ചു. അക്രമവും ഭീകരവാദവും ഇല്ലാത്ത ദക്ഷിണ ഏഷ്യയാണ് വേണ്ടത്. സമൃദ്ധവും വികസനോന്മുഖമായതും, അയൽരാഷ്ട്രങ്ങളുമായി സമാധാനം പാലിക്കുന്നതുമായ ഒരു പാക്കിസ്ഥാനെയാണ് ഇന്ത്യ ആഗ്രഹിക്കുന്നത്– വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.

65 വയസുകാരനായ മുന്‍ ക്രിക്കറ്റ് താരം ഇമ്രാൻ ഖാന്‍ പാക്കിസ്ഥാന്റെ പ്രധാനമന്ത്രിയാകാൻ ഒരുങ്ങുകയാണ്. 116 സീറ്റുകളുമായി ഇമ്രാന്റെ പാർട്ടി ഒന്നാമതെത്തിയെങ്കിലും ഭൂരിപക്ഷത്തിന്റെ കാര്യത്തിൽ ആശങ്കകൾ ബാക്കിനിൽക്കുകയാണ്. അതേ സമയം ഇമ്രാന്റെ ജയത്തിനെതിരെ വിമർശനവുമായി മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ പിഎംഎൽ– എൻ ഉൾപ്പെടെയുള്ള പാർട്ടികൾ രംഗത്തെത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പിൽ സൈന്യത്തിന്റെ സഹായത്തോടെ കൃത്രിമം കാട്ടിയാണ് ഇമ്രാന്‍ ഖാൻ ഭൂരിപക്ഷം നേടിയതെന്നാണ് ഇവരുടെ ആരോപണം.

തിരഞ്ഞെടുപ്പ് ഫലത്തിനു പിന്നാലെ ഇന്ത്യയുമായുള്ള പ്രശ്നങ്ങളിൽ ചർച്ച നടത്താൻ തയാറാണെന്ന് ഇമ്രാൻ ഖാൻ പ്രഖ്യാപിച്ചിരുന്നു. ജമ്മു കശ്മീർ വിഷയമുള്‍പ്പെടെ എല്ലാ തർക്കങ്ങളും പരിഹരിക്കണമെന്നാണു പുതിയ സർക്കാരിന്റെ ആഗ്രഹം. ഇന്ത്യ ഇതിനു വേണ്ടി ഒരു ചുവടു വച്ചാൽ, ഞങ്ങൾ രണ്ടു ചുവടു വയ്ക്കാൻ തയാറാണ്. എന്നാൽ ഇതിന് ഒരു തുടക്കവും ആവശ്യമാണ്– തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ആദ്യമായി നടന്ന പൊതുയോഗത്തിൽ ഇമ്രാൻ ഖാന്‍ പ്രതികരിച്ചു.

അതിർത്തി കടന്നുള്ള ആക്രമണങ്ങളുടെ പേരിൽ ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം വർഷങ്ങളായി ഉലഞ്ഞിരിക്കുകയാണ്. പാക്കിസ്ഥാൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഭീകര സംഘടനകൾ ഇന്ത്യൻ സൈനിക ക്യാംപുകൾ അക്രമിക്കുന്നതും സ്ഥിരമായതോടെ ഇത് കൂടുതൽ വഷളായി. ചർച്ചകൾ നടത്തണമെങ്കിൽ പാക്ക് മണ്ണിലെ ഭീകര പ്രവർത്തനങ്ങൾ അവസാനിപ്പിക്കണമെന്ന് ഇന്ത്യ നേരത്തേ പ്രതികരിച്ചിരുന്നു. ഇമ്രാൻ ഖാന്റെ സൗഹൃദത്തിനുള്ള ആഹ്വാനം സ്വീകരിക്കണമെന്ന് കശ്മീർ മുൻ മുഖ്യമന്ത്രി മെഹ്‍ബൂബ മുഫ്തി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.