ഇന്ത്യന്‍ ആരാധകന്‍ തന്നെ വംശീയമായി അധിക്ഷേപിച്ചുവെന്ന ഗുരുതര ആരോപണവുമായി ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍ ഇമ്രാന്‍ താഹിര്‍. ജോഹന്നാസ് ബര്‍ഗില്‍ നടന്ന ദക്ഷിണാഫ്രിക്ക-ഇന്ത്യ നാലാം ഏകദിനത്തിലാണ് താരം വംശീയധിക്ഷേപം നേരിട്ടത്.

ശനിയാഴ്ച നടന്ന മത്സരത്തില്‍ ഇന്ത്യയെ അഞ്ചു വിക്കറ്റിന് തുരത്തിയ ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ ആദ്യ പതിനൊന്നില്‍ താഹിറിന് അവസരം ലഭിച്ചിരുന്നില്ല. മത്സരത്തിലുടനീളം താരത്തിനെതിരേ വംശീയാധിക്ഷേപം നടന്നിട്ടുണ്ടെന്ന് ദക്ഷിണാഫ്രിക്കന്‍ ടീം മാനേജര്‍ മുഹമ്മദ് മൊസാജി വ്യക്തമാക്കി. അധിക്ഷേപം നടന്ന കാര്യം സ്റ്റേഡിയം സുരക്ഷാ ഉദ്യോഗസ്ഥരെ താരം അറിയിക്കുകയും അവരെ തിരിച്ചറിയാനായി സുരക്ഷാ ജീവക്കാര്‍ താഹിറിനോട് നിര്‍ദേശിച്ചു. ഇന്ത്യന്‍ ആരാധകരാണ് വംശീയാധിക്ഷേപം നടത്തിയതെന്ന് താരം വ്യക്തമാക്കി.

ഡ്രസിങ് റൂമില്‍ നിന്ന് ഫീല്‍ഡിലേക്കുള്ള പാസേജില്‍ വെച്ചാണ് താഹിറിനെ ഇന്ത്യന്‍ ആരാധകര്‍ അധിക്ഷേപിച്ചത്. ഇക്കാര്യം സുരക്ഷാ ജീവനക്കാരുടെ ശ്രദ്ധയില്‍ പെടുത്തിയ താരം ഇവരോടൊപ്പം അധിക്ഷേപം നടത്തിയയാളെ കണ്ടെത്താന്‍ എത്തിയപ്പോഴേക്കും ഇവര്‍ സ്‌റ്റേഡിയം വിട്ടിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് സൗത്താഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി.