തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി ഭിന്നലിംഗ നയം പ്രഖ്യാപിച്ച കേരളം ഭിന്നലിംഗക്കാര്‍ക്കായി പുതിയ പദ്ധതികളുമായി രംഗത്തെത്തി. ഇന്ത്യയില്‍ ആദ്യമായി ട്രാന്‍സ്‌ജെന്‍ഡര്‍ ക്ഷേമബോര്‍ഡ് സ്ഥാപിക്കാനാണ് പുതിയ പദ്ധതി. ഭിന്നലിംഗത്തില്‍പ്പെട്ടവര്‍ക്ക് നീതിയും തുല്യതയും ഉറപ്പു നല്‍കുന്നതിനായാണ് ക്ഷേമ ബോര്‍ഡ് രൂപികരിക്കുന്നത്. രണ്ടു മാസം മുമ്പാണ് കേരള സര്‍ക്കാര്‍ ട്രാന്‍സ്‌ജെന്‍ഡര്‍ നയം രൂപികരിച്ചത്. ആഴ്ചയില്‍ ഇരുപത്തിനാലു മണിക്കൂറും പ്രവര്‍ത്തിക്കുന്ന നിയമസഹായ സെല്‍ ആരംഭിച്ചിട്ടുണ്ട്.
ഭിന്നലിംഗത്തില്‍പ്പെട്ടവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡുള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി. അദൃശ്യരായ ഈ സമൂഹത്തെ പൊതു സമൂഹത്തിലേക്ക് കൊണ്ടു വരുന്നതിന്റെ ഭാഗമായാണ് ക്ഷേമ ബോര്‍ഡ് രൂപീകരിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ പെടുന്നവരെ മൂന്നാം ലിംഗക്കാരായി പരിഗണിക്കണമെന്ന് സുപ്രീം കോടതി 2014ല്‍ വിധിച്ചിരുന്നു. അതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ നയം രൂപീകരിച്ചത്.

ക്ഷേമബോര്‍ഡിന്റെ കീഴില്‍ ഹോംസ്‌റ്റേകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരംഭിക്കും. കേരളത്തില്‍ 30,000 ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ പെടുന്നവവരുണ്ടാവരുണ്ടായിട്ടും 4000 പേര്‍ മാത്രമാണ് പൊതുരംഗത്തേക്ക് വരുന്നതെന്ന് സര്‍വേ പറയുന്നു. ഇവരില്‍സാക്ഷരതാ നിരക്ക് 93 ശതമാനമാണ്. സ്ഥിര ജോലിയുള്ളവര്‍ 12 ശതമാനം മാത്രമാണെന്നു കണക്കുകള്‍ വ്യക്തമാക്കുന്നു.