സംസ്ഥാനത്ത് പൊടിക്കാറ്റിനും കനത്ത കാറ്റിനും മഴയ്ക്കും ഇടിമിന്നലിനും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കേരളം ഉള്‍പ്പെടെ ഒന്‍പത് സംസ്ഥാനങ്ങള്‍ക്കാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കേരളത്തിന് പുറമേ പശ്ചിമബംഗാള്‍, അസം,മേഘാലയ, നാഗാലാന്‍ഡ്, മണിപ്പൂര്‍, മിസോറാം, ത്രിപുര, ഒഡീഷ, കര്‍ണാടക എന്നീ സംസ്ഥാനങ്ങള്‍ക്കാണ് മുന്നറിയിപ്പ്.

ആസാം, മേഘാലയ, നാഗാലാന്‍ഡ്, മണിപ്പൂര്‍, മിസോറാം, ത്രിപുര എന്നിവിടങ്ങളില്‍ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്. കഴിഞ്ഞ കുറച്ച് ദിവസമായി ഉത്തരേന്ത്യയില്‍ ശക്തമായ പൊടിക്കാറ്റാണുള്ളത്. ഇത് തുടരാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്.

ഉത്തരേന്ത്യയില്‍ പൊടിക്കാറ്റിലും കനത്ത മഴയിലും നൂറിലധികം പേരാണ് മരിച്ചത്. 200 ലധികം ആള്‍ക്കാര്‍ക്കാണ് പരുക്കേറ്റത്. ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന, മധ്യപ്രദേശ് എന്നിവിടങ്ങളിലാണ് അതിരൂക്ഷമായ പൊടിക്കാറ്റ് ദുരന്തം വിതച്ചത്.