മഹാരാഷ്ട്രയില്‍ ശിവസേനയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് സാധ്യതയൊരുങ്ങുന്നു. ശിവസേന, എന്‍സിപി, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ ഇക്കാര്യത്തില്‍ അടിസ്ഥാനപരമായ ചില യോജിപ്പുകളില്‍ ഇതിനകം എത്തിയിട്ടുണ്ടെന്നാണ് വിവരം. മുഖ്യമന്ത്രിസ്ഥാനം പകുതിവീതം കാലയളവില്‍ ശിവസേനയും എന്‍സിപിയും കൈവശം വെക്കും. ഉപമുഖ്യമന്ത്രിസ്ഥാനം കോണ്‍ഗ്രസ്സിനായിരിക്കും.

കോണ്‍ഗ്രസ് ഭരണത്തില്‍ നേരിട്ട് പങ്കാളിയാകാതെ പുറത്തു നിന്നും പന്തുണയ്ക്കുമെന്ന രീതിയിലാണ് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നത്. എന്നാല്‍ എന്‍ഡിടിവി നല്‍കുന്ന പുതിയ റിപ്പോര്‍ട്ട് പറയുന്നത് കോണ്‍ഗ്രസ് സര്‍ക്കാരിലുണ്ടാകുമെന്നാണ്. ഇതിനായി ശിവസേന എന്‍ഡിഎയില്‍ നിന്നും പുറത്തുപോരണമെന്ന ആവശ്യവും എന്‍സിപിയും കോണ്‍ഗ്രസ്സും മുമ്പോട്ടു വെക്കും.

അഞ്ച് വര്‍ഷത്തേക്ക് ഉപമുഖ്യമന്ത്രിസ്ഥാനം തങ്ങള്‍ക്ക് വേണമെന്നാണ് കോണ്‍ഗ്രസ്സിന്റെ ഡിമാന്‍ഡ്. കൂടാതെ സ്പീക്കര്‍ സ്ഥാനവും ആവശ്യപ്പെടും. മൂന്ന് കക്ഷികളും തുല്യമായാണ് മന്ത്രിസ്ഥാനങ്ങള്‍ വീതിച്ചെടുക്കുക. അതെസമയം ഇതില്‍ സുപ്രധാനമായ മന്ത്രിസ്ഥാനങ്ങള്‍ ആര്‍ക്കെല്ലാം കിട്ടുമെന്നത് സംബന്ധിച്ച് വ്യക്തത ഇപ്പോഴും വന്നിട്ടില്ല.

പ്രത്യയശാസ്ത്രപരമായ കാര്യങ്ങളിലുള്ള കടുത്ത വിയോജിപ്പിനെ എങ്ങനെ നേരിടുമെന്നതാണ് ചര്‍ച്ചകളില്‍ പ്രധാന വിഷയങ്ങളിലൊന്ന്. സഖ്യം നിലവില്‍ വന്നാല്‍ ശിവസേന തങ്ങളുടെ തീവ്ര ആശയഗതികള്‍ പ്രകടിപ്പിക്കുന്നതില്‍ നിന്നും പിന്‍വാങ്ങണമെന്നതാണ് കോണ്‍ഗ്രസ്സിന്റെയും എന്‍സിപിയുടെയും താല്‍പര്യം. ബാബരി പള്ളി വിഷയത്തില്‍ ശിവസേനയുടെ മുഖ്യമന്ത്രി പിന്നീട് പ്രതികരിക്കാന്‍ പാടുള്ളതല്ല. കഴിഞ്ഞദിവസം സുപ്രീംകോടതിയുടെ ബാബരി വിധിയില്‍ ആഹ്ലാദം പ്രകടിപ്പിച്ചിരുന്നു ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ.

രാഷ്ട്രീയത്തിന്റെ ഗതി മാറുകയാണെന്നും ആശയപരമായ ഭിന്നിപ്പുകള്‍ മാറ്റിവെച്ച് ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും കഴിഞ്ഞദിവസം താക്കറെ പറയുകയുണ്ടായി.