റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ഉടമ മുകേഷ് അംബാനിയുടെ കുടുംബത്തിലെ അംഗങ്ങള്‍ക്ക് ആദായനികുതി വകുപ്പിന്റെ നോട്ടീസ്. ആദായനികുതി വകുപ്പിന്റെ മുംബൈ വിഭാഗം നിരവധി രാജ്യങ്ങളിലെ ഏജന്‍സികളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെയും അന്വേഷണത്തിന്റെയും അടിസ്ഥാനത്തില്‍, 2015-ലെ കള്ളപ്പണ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരമാണ് മുകേഷ് അംബാനി കുടുംബത്തിലെ അംഗങ്ങള്‍ക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്.

കണക്കില്‍പ്പെടാത്ത വിദേശ സ്വത്തുക്കള്‍ ഉണ്ടെന്ന് കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി. കരുതലയോടെയുള്ള നീക്കത്തില്‍, 2019 മാര്‍ച്ച് 28 ന് മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനിയുടെയും അവരുടെ മൂന്ന് മക്കള്‍ക്കും ‘വെളിപ്പെടുത്താത്ത വിദേശ വരുമാനവും സ്വത്തുക്കളും’ ഉണ്ടെന്ന കാരണത്തിനാണ് ആദായ വകുപ്പ് നോട്ടീസ് നല്‍കിയതെന്ന് ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

2011ല്‍ എച്ച്എസ്ബിസി ജനീവയില്‍ 700 ഇന്ത്യന്‍ വ്യക്തികളുടെയും അക്കൗണ്ടുകളുള്ള സ്ഥാപനങ്ങളുടെയും കണക്കില്‍ കാണിക്കാത്ത വിവരങ്ങള്‍ സര്‍ക്കാരിന് ലഭിച്ചതിനെ തുടര്‍ന്നാണ് ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് രാജ്യത്തെ വന്‍ ബിസിനസ് ഉടമസ്ഥരിലേക്കുമുള്ള അന്വേഷണങ്ങള്‍ ആരംഭിച്ചത്.

ഫെബ്രുവരി 2015ന് ഇന്റര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസ്റ്റുകള്‍ നടത്തിയ അന്വേഷണത്തില്‍് എച്ച്എസ്ബിസി ജനീവയില്‍ ഇന്ത്യന്‍ അക്കൗണ്ട് ഉടമകളുടെ എണ്ണം 1,195 ആയി വര്‍ദ്ധിച്ചതായി കണ്ടെത്തിയിരുന്നു. ‘സ്വിസ് ലീക്‌സ്’ എന്നായിരുന്നു ഇതിനെ വിളിച്ചിരുന്നത്.