സമ്മര്‍ ഹോളിഡേകള്‍ വരികയാണ്. ജനങ്ങള്‍ ഹോളിഡേ ആഘോഷങ്ങള്‍ക്കായി ദീര്‍ഘദൂര യാത്രകള്‍ക്കും തയ്യാറായിക്കൊണ്ടിരിക്കുന്നു. ബജറ്റ് വിമാന സര്‍വീസുകളെയാണ് മിക്കയാളുകളും യാത്രക്കായി ആശ്രയിക്കുന്നത്. ജൂലൈ, ഓഗസ്റ്റ് എന്നീ മാസങ്ങളില്‍ സ്‌കൂള്‍ അവധിയായതിനാല്‍ വിന്ററിലേതിനേക്കാള്‍ വിമാന ടിക്കറ്റ് നിരക്കുകളും അധികമായിരിക്കുമെന്ന് പ്രത്യേകം പറയേണ്ടല്ലോ. റയന്‍ എയര്‍, ബ്രിട്ടീഷ് എയര്‍വേയ്‌സ് തുടങ്ങിയ എയര്‍ലൈനുകള്‍ ഈ സീസണില്‍ നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ഈസിജെറ്റ് പോലെയുള്ള എയര്‍ലൈനുകളില്‍ കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റുകള്‍ ലഭിക്കാനുള്ള ചില മാര്‍ഗങ്ങള്‍ അവതരിപ്പിക്കുകയാണ് മണി സേവിംഗ് എക്‌സ്‌പെര്‍ട്ട് എന്ന വെബ്‌സൈറ്റിലെ മാര്‍ട്ടിന്‍ ലൂയിസ്.

1. തെറ്റായ തിയതിയില്‍ ബുക്ക് ചെയ്യുക

ഈസിജെറ്റിന്റെ ഫ്‌ളെക്‌സിഫെയേഴ്‌സ് പദ്ധതി പീക്ക് സീസണുകളില്‍ കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാന്‍ സഹായിക്കും. ഇതിനായി ടിക്കറ്റ് നിരക്കുകള്‍ കുറഞ്ഞിരിക്കുന്ന സമയങ്ങളില്‍ ബുക്ക് ചെയ്ത് വെക്കുക. നിരക്കുകള്‍ ഉയരുന്ന അവസരങ്ങളില്‍ ഈ സൗകര്യം ഉപയോഗിച്ച് നിങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാനാകും. ബുക്ക് ചെയ്ത തിയതിയേക്കാള്‍ ഒരാഴ്ച മുമ്പോ മൂന്നാഴ്ചയ്ക്ക് ശേഷമോ വരെ മാത്രമേ യാത്ര മാറ്റിവെക്കാന്‍ കഴിയൂ എന്ന നിബന്ധന ഇതിനുണ്ട്.

2. ടിക്കറ്റുകള്‍ ഒരുമിച്ച് ബുക്ക് ചെയ്യുക

കുടുംബവുമൊത്തോ അല്ലെങ്കില്‍ സംഘമായോ യാത്ര ചെയ്യുകയാണെങ്കില്‍ ആവശ്യമായ ടിക്കറ്റുകള്‍ ഒരുമിച്ച് ബുക്ക് ചെയ്യുന്നത് കൂടുതല്‍ ചാര്‍ജുകള്‍ ഒഴിവാക്കാന്‍ സഹായിക്കും. ഓരോ ബുക്കിംഗിനും ഈസിജെറ്റ് 15 പൗണ്ട് വീതം അഡ്മിന്‍ ഫീ ഈടാക്കാറുണ്ട്. യാത്രക്കാരുടെ എണ്ണമല്ല, ഓരോ ബുക്കിംഗിനുമാണ് ഈ ഫീസ് ഈടാക്കുന്നതെന്നതിനാല്‍ ഒരു തവണ ബുക്ക് ചെയ്യുന്നതിലൂടെ പണം ലാഭിക്കാന്‍ സാധിക്കും.

3. 30 ദിവസം മുമ്പ് ചെക്കിന്‍ ചെയ്യുക

മറ്റ് എയര്‍ലൈനുകളെ അപേക്ഷിച്ച് ചെക്കിന്‍ ചെയ്യാന്‍ ചില പ്രത്യേക സൗകര്യങ്ങള്‍ ഈസിജെറ്റ് അനുവദിക്കുന്നുണ്ട്. 30 ദിവസം മുമ്പു തന്നെ ചെക്ക് ഇന്‍ ചെയ്യാന്‍ ഇതിലൂടെ സാധിക്കും. ഇതിനായി പണം നല്‍കേണ്ടെന്ന് മാത്രമല്ല, നല്ല സീറ്റുകള്‍ നേരത്തേതന്നെ ലഭിക്കുമെന്ന സൗകര്യവുമുണ്ട്. സീറ്റുകള്‍ക്കായി അവസാന നിമിഷം വരെ കാത്തിരിക്കരുത്. കാരണം നല്ല സീറ്റുകള്‍ നേരത്തേ തന്നെ ആളുകള്‍ ബുക്ക് ചെയ്യാന്‍ സാധ്യതയുണ്ടെന്നും മണി സേവിംഗ് എക്‌സ്‌പെര്‍ട്ട് ഓര്‍മിപ്പിക്കുന്നു.

4. ലഗേജ് ചെക്ക് ഇന്‍ സൗജന്യമാക്കാന്‍ ശ്രദ്ധിക്കുക

ലഗേജുകള്‍ സൗജന്യമായി ചെക്ക് ഇന്‍ ചെയ്യാന്‍ ചില മാര്‍ഗ്ഗങ്ങളുണ്ട്. തിരക്കുള്ള വിമാനങ്ങളില്‍ ഓവര്‍ഹെഡ് ലോക്കറുകള്‍ വളരെ വേഗത്തില്‍ നിറയാറുണ്ട്. അതുകൊണ്ടുതന്നെ ലഗേജുകള്‍ ചെക്ക് ഇന്‍ ചെയ്യാന്‍ ജീവനക്കാര്‍ ആവശ്യപ്പെടാറുണ്ട്. ഈ സൗകര്യം ചെക്ക് ഇന്നിലോ ഗേറ്റിലോ ലഭിക്കുമോ എന്ന് അന്വേഷിക്കുക. ചിലപ്പോള്‍ നിങ്ങള്‍ക്ക് ഹാന്‍ഡ് ബാഗേജ് എന്ന നിലയില്‍ സൗജന്യമായി ലഗേജുകള്‍ കൊണ്ടുപാകാന്‍ സാധിച്ചേക്കും.

5. നിരക്കുകള്‍ ശ്രദ്ധിക്കുക, എക്‌സ്ട്രാകള്‍ ഒഴിവാക്കുക

വിമാനം തിരഞ്ഞെടുത്തു കഴിഞ്ഞാല്‍ ചില എക്‌സ്ട്രാ സേവനങ്ങള്‍ ഈസി ജെറ്റ് നിങ്ങള്‍ക്കു മുന്നിലേക്ക് നീട്ടും. ഹോട്ടല്‍ സേവനം, കാര്‍ ഹയര്‍, ട്രാവല്‍ ഇന്‍ഷുറന്‍സ് തുടങ്ങിയവയായിരിക്കും അവ. ട്രാവര്‍ ഇന്‍ഷുറന്‍സുകള്‍ എടുക്കേണ്ടവയാണെങ്കിലും എയര്‍ലൈനുകളിലൂടെയോ ഹോളിഡേ ഏജന്റുമാരിലൂടെയോ അവ എടുക്കുന്നത് അമിത ചെലവായിരിക്കും ഉണ്ടാക്കുക. നിരക്കുകള്‍ കുറഞ്ഞ സേവനങ്ങള്‍ നേരത്തേ തന്നെ എടുക്കുന്നതായിരിക്കും നല്ലത്.

6. അമിത ലഗേജുകള്‍ ഒഴിവാക്കുക

ഈസിജെറ്റ് ഫ്‌ളെക്‌സിഫെയര്‍ യാത്രയാണ് നിങ്ങള്‍ ചെയ്യുന്നതെങ്കില്‍ ഹാന്‍ഡ് ബാഗേജിന് നിയന്ത്രണമുണ്ടാകാന്‍ സാധ്യതയുണ്ട്. ഒരു ഹാന്‍ഡ് ബാഗേജ് മാത്രമേ അനുവദിക്കുകയുള്ളു. അപ്പോള്‍ ചെറിയതും വിലപിടിപ്പുള്ള വസ്തുക്കളുമുണ്ടെങ്കില്‍ അവ സ്വന്തമായി സൂക്ഷിക്കേണ്ടി വരും.

7. നിരക്കുകള്‍ താരതമ്യം ചെയ്യുക

ബ്രിട്ടനിലെ ഏറ്റവും വലിയ ബജറ്റ് എയര്‍ലൈനാണെങ്കിലും എല്ലാ സമയത്തും ഈസി ജെറ്റ് അത്ര നിരക്കു കുറഞ്ഞതാവില്ല. ചിലപ്പോള്‍ മറ്റു സര്‍വീസുകളില്‍ കുറഞ്ഞ നിരക്കുകള്‍ കാണാന്‍ സാധ്യതയുണ്ട്. ഇത് മനസിലാക്കുന്നതിനായി നിരക്കുകള്‍ താരതമ്യം ചെയ്യാവുന്നതാണ്.

8. വിമാനം വൈകലിന് മുമ്പ് ഇരയായിട്ടുണ്ടോ? നിങ്ങള്‍ക്ക് നഷ്ടപരിഹാരം ക്ലെയിം ചെയ്യാം

ആറു വര്‍ഷങ്ങള്‍ക്കിടയില്‍ മൂന്ന് മണിക്കൂറിലേറെ നീളുന്ന ഫ്‌ളൈറ്റ് ഡിലേയ്‌ക്കോ, റദ്ദാക്കലിനോ ഇരയായിട്ടുണ്ടെങ്കില്‍ 110 മുതല്‍ 550 പൗണ്ട് വരെ നഷ്ടപരിഹാരത്തിന് നിങ്ങള്‍ക്ക് അര്‍ഹതയുണ്ട്. വിമാനം പുറപ്പെടുന്ന സ്ഥലം, എത്തിയ സ്ഥലം, താമസത്തിന്റെ കാരണം തുടങ്ങിയ കാരണങ്ങളനുസരിച്ച് നഷ്ടപരിഹാരത്തുകയിലും വ്യത്യാസമുണ്ടാകും.