ഹൃദയം നുറുങ്ങുന്ന വേദനയില്‍ ഒരമ്മയെഴുതിയ കുറിപ്പാണ് സോഷ്യല്‍ മീഡിയയെ കരയിപ്പിക്കുന്നത്. ഓട്ടിസ്റ്റിക്കായ മകന്റെ വന്യമായ പെരുമാറ്റത്തെ കുറിച്ച് കണ്ണീരോടെയാണ് ഈ അമ്മ തുറന്നുപറയുന്നത്.

പ്രീത ജി പി എഴുതിയ കുറിപ്പ്;

ഒന്നര ദിവസത്തെ ആത്മകഥ. ഇതെഴുതി പൂര്‍ത്തിയാക്കാന്‍ കഴിയുന്നത് വരെ എനിക്ക് സ്വസ്ഥമായി ഇരിക്കാന്‍ കഴിയുമോയെന്നറിയില്ല. ഉറക്കം അവസാനിപ്പിച്ച് ഒരു വന്യമൃഗത്തെപ്പോലെ എന്റെ മുല കുടിച്ചു, എന്റെ കൈ പിടിച്ചു പിച്ചവെച്ച, എന്റെ മടിയിലിരുന്നൊരായിരം കൊഞ്ചലുകളും, ഉമ്മകളും ഏറ്റുവാങ്ങിയ അവന്‍ ഉണര്‍ന്നു വരുമോയെന്നു എന്റെ ചങ്കിടിച്ചു കൊണ്ടേയിരിക്കുന്നുണ്ട്. എങ്കിലും എനിക്കെഴുതണം. ഓട്ടിസം പോലെയുള്ള അവസ്ഥകള്‍ അതിന്റെ ഇരകള്‍ എങ്ങനെ നേരിടുന്നുവെന്നു.

എന്തിനിവന്‍ ഇതൊക്കെ ചെയ്യുന്നു എന്നു തിരിച്ചറിയാനാവാതെ പതറി നിന്നിട്ടുണ്ട്. സ്വഭാവങ്ങളിലെ വിചിത്ര രീതികളും, വൈജാത്യങ്ങളും നമ്മുടെ അറിവുകള്‍ കൊണ്ടും, യുക്തി കൊണ്ടും മാനേജുചെയ്തും , അതിജീവിച്ചു വരുമ്പോളാകും നമ്മളെ അടിമുടി തകര്‍ക്കുന്ന പുതിയ പെരുമാറ്റ വൈകല്യങ്ങളുമായാവും അവര്‍ വരിക.

കഴിഞ്ഞ ഒരാഴ്ചയായി അവന്‍ ഇടക്ക് ഏതോ വൈകാര്യകതയുടെ ഭാഗമായി സ്വയം കടിക്കുന്നതിനൊപ്പം എന്നേയും കടിക്കാന്‍ ശ്രമിക്കുന്നു. രാവിലെയോ , വൈകുന്നേരമോ രണ്ടോ മൂന്നോ മിനിറ്റു നീളുന്ന ഒരു പ്രവര്‍ത്തി. ആദ്യ ദിനം പതറിപ്പോയി. കൈ മുഴുവന്‍ കടി കൊണ്ടു കരിനീലിച്ചു കിടന്നു. ഇത്രയും നാളത്തെ അനുഭവം വച്ചു സെന്‍സറി ഇഷ്യു ആകും എന്നു കരുതി , അതിനുള്ള ചില പൊടിക്കൈകള്‍ ചെയ്തു. എങ്കിലും ദിവസത്തില്‍ എപ്പോഴെങ്കിലും ഒരു തവണ ഒരു ഹിംസ്ര മൃഗത്തെപ്പോലെ അവനെന്നെ കടിച്ചു കീറാന്‍ വന്നു .

എന്തു ചെയ്യണമെന്നു ആലോചിച്ചപ്പോള്‍ ഒരു വഴിയേ തെളിഞ്ഞുള്ളു, തിരിച്ചു വയലന്റായി പ്രതികരിക്കുക. അല്ലാതെ ഒന്നും ചെയ്യാന്‍ കഴിയില്ലായിരുന്നു… അതിനു ശേഷം അവന്‍ എന്നെ കെട്ടിപ്പിടിക്കും, ഉമ്മകള്‍ കൊണ്ടു മൂടും.. എല്ലായ്‌പ്പോഴും പോലെ. മുമ്പൊക്കെ രാവിലെ ഉണരുമ്പോള്‍ ഞാന്‍ ചെയ്യുന്നതു പോലെ എന്റെ നെറ്റിയില്‍ ഉമ്മ തരും, ഇടക്ക് ഉണര്‍ന്നാല്‍പ്പോലും ചിലപ്പോള്‍ ഉമ്മ തരും, എണീറ്റു പോകുന്നതിനു മുമ്പ് എന്റെ നെറ്റിയില്‍ ഉമ്മ വയ്ക്കും, എന്നിട്ടു ഊഞ്ഞാല്‍ ആടാന്‍ പോകും. രാത്രിയില്‍ ഉറങ്ങാന്‍ കിടന്നാല്‍ പാട്ടു കേട്ടുറങ്ങും. ചിലപ്പോള്‍ നിര്‍ബന്ധപൂര്‍വ്വം എന്നെ ഒപ്പം കിടത്തും. ആ കുട്ടിയാണ് എന്നെ ഒരു വന്യ മ്യഗത്തെപ്പോലെ ആക്രമിക്കുന്നത്.

അതിനിടയിലാണ് അമ്മ പറഞ്ഞത് പരിചയത്തിലുള്ള ഒരു ഓട്ടിസ്റ്റിക്കായ കുട്ടി വല്ലാതെ വയലന്റായപ്പോള്‍ കണ്ട ഡോക്ടറെ കുറിച്ചും , ഉണ്ടായ മാറ്റത്തെ കുറിച്ചും. സിദ്ദിനെയും കൂട്ടി പുറത്തു പോകുക എളുപ്പമല്ല. അവനിഷ്ടമല്ല. എങ്കിലും ഡോക്ടറെ വിളിച്ചു, അവന് സിറ്റിംഗ് ടോളറന്‍സ് ഇല്ലാത്തതു കൊണ്ട് ഫോണില്‍ പറയട്ടെ കാര്യങ്ങള്‍ എന്നു ചോദിച്ചു കുറെ കാര്യങ്ങള്‍ പറഞ്ഞു. അപ്പോള്‍ അദ്ദേഹം പറഞ്ഞു, കുട്ടിയെ ആരെയെങ്കിലും ഏല്‍പ്പിച്ചു നിങ്ങള്‍ തനിയെ വരൂ. ഞാന്‍ : അങ്ങനെ ഏല്‍പ്പിക്കാന്‍ ആരും ഇല്ല. കഴിഞ്ഞ ദിവസം ബ്ലഡ് ടെസ്റ്റ് ചെയ്യാന്‍ അമ്മയെ ഏല്‍പ്പിച്ചു പോയ അനുഭവം ആയിരുന്നു മുമ്പില്‍.

പിറ്റേന്ന് ഡോക്ടറെ കാണുന്നതിനു മുമ്പ് പറയാന്‍ ഉള്ളതൊക്കെ ഒരു ബുക്കില്‍ എഴുതി. അവനെ പുറത്ത് ഞാന്‍ മാനേജ് ചെയ്യാംമെന്നും, ഡോക്ടര്‍ അതൊക്കെ വായിച്ചു ക്ലാരിഫിക്കേഷന്‍ ആവശ്യപ്പെട്ടാല്‍ കൊടുത്താല്‍ മതിയല്ലോയെന്നും കരുതി. പക്ഷേ അവനെന്നെ അവിടെ നിലം തൊടീച്ചില്ല. ഡോക്ടര്‍ പെട്ടന്ന് ഞാന്‍ മരുന്നെഴുതാം. കുട്ടി വല്ലാതെ ഇറിറ്റബിളാണ്. അത് കുറയട്ടെ എന്നു പറഞ്ഞു പ്രിസ്‌ക്യപ്ഷന്‍ എഴുതി . അതിനിടക്ക് സിദ്ദ് പുറത്തേക്കോടി. ഞാന്‍ പ്രിസ്‌ക്യപ്ഷനും വാങ്ങി ഫീസ് പോലും കൊടുക്കാന്‍ മറന്ന് പുറത്തേക്കോടി.

ഇതിനിടയില്‍ അവന്‍ ഏതോ ആളുകള്‍ അവിടെ വന്ന ഓട്ടോയില്‍ കയറി ഇരിപ്പുറപ്പിച്ചു. ഡ്രൈവറെ കൊണ്ടു, വരുന്ന വഴി മരുന്നു വാങ്ങിയിച്ചു. ബസില്‍ ഇരുന്നപ്പോള്‍ ആണോര്‍ ത്തത് ഡോക്ടറുടെ ഫീസിന്റെ കാര്യം. വിളിച്ചു സോറി പറഞ്ഞു. ഇനിയും വരുമ്പോള്‍ തരാംന്നും. രാത്രിയില്‍ മരുന്നു കഴിച്ചു 8.30 ക്കുറങ്ങിയ കുഞ്ഞ് 9.45 വരെ ഉറങ്ങി. ഉണര്‍ന്നത് എന്നത്തേയും പോലെ ശാന്തമായോ , ഊഞ്ഞാലിലേക്കോ ആയിരുന്നില്ല. ഒരു തരത്തില്‍ പല്ലു തേപ്പിച്ചു കുളിപ്പിച്ചു . ബ്രേക്ക് ഫാസ്റ്റ് കൊടുത്തു.

അതിനുശേഷം മയക്കത്തിനും ഉറക്കത്തിനുമിടയില്‍ അവന്‍ വന്യമൃഗത്തെപ്പോലെ എന്നെ ഉപദ്രവിച്ചു. ഓരോ തവണയും ഞാന്‍ പലതവണ കടി കൊണ്ടു. പ്രതിരോധിക്കുന്നതിനിടയില്‍ എന്റെ നഖം കൊണ്ടുമൊക്കെ എന്റെ കുഞ്ഞിന്റെ മുഖം മുറിഞ്ഞു. ഓരോ പത്തു മിനിറ്റിലും ഇതൊക്കെ ആവര്‍ത്തിച്ചു. അവളെ കൊല്ലല്ലേ, നിന്നെ എങ്ങനയാ അവള്‍ നോക്കുന്നത്, പൊന്നു പോലയല്ലേ എന്നൊക്കെ അമ്മ അലറിക്കരഞ്ഞു.

ഇതിനിടക്ക് ചില ഡോക്ടര്‍മാരേയും സുഹൃത്തുക്കളോടുമൊക്കെ പ്രസ്തുത മരുന്ന് ഇത്തരം കേസില്‍ കൊടുക്കുന്നതാണെന്ന് ഉറപ്പു വരുത്തി. മയക്കം വിട്ടുമാറാത്തതു കൊണ്ട് അവന്റെ റൂട്ടിന്‍ , ഊഞ്ഞാലാട്ടം ഒക്കെ മുടങ്ങിയതിലുള്ള ഇറിറ്റേഷന്‍ ആകുമെന്ന എന്റെ ഒബ്‌സര്‍വേഷന്‍ ചിലപ്പോള്‍ ശരിയാകാമെന്ന് ഒരു ഡോക്ടര്‍ പറഞ്ഞു. എങ്കില്‍ പകുതി doze നല്കാമെന്ന് സുഹൃത്തിന്റെ ഒപ്പം ഞാന്‍ തീരുമാനിച്ചു . അങ്ങനെ ഈ രാത്രി പകുതി doze നല്കി. പക്ഷേ ഉറക്കത്തിനും മയക്കത്തിനുമിടയില്‍ വീണ്ടും അവനെന്നെ ഉപദ്രവിക്കാനെത്തി. അമ്മ അവളെ കൊല്ലല്ലേയെന്ന് അലറി കരഞ്ഞു. അവര്‍ ദ്രാന്തിയെപ്പോലെ തന്നത്താന്‍ അലച്ചു.

നീ ഏതെങ്കിലും കയത്തില്‍പ്പോയി ചാടി ചത്തോ, അവള്‍ വല്ലയിടത്തും പാത്രം കഴുകിയായാലും ജിവിക്കുമെന്നവര്‍ കരഞ്ഞു. ഞാന്‍ അമ്മയോട് നിങ്ങള്‍ അടുത്ത വീട്ടില്‍ പൊക്കോ .. ഞാന്‍ അവനെ മാനേജ് ചെയ്‌തൊളാം. ഞാന്‍ എങ്ങനെ പോകും . ‘നിന്നെ കൊല്ലുമവന്‍ … ഇതിനിടക്ക് അമ്മ അടുത്ത വീട്ടിലേക്ക് ഫോണ്‍ ചെയ്തു . കസിന്‍സ് വന്നു.. എല്ലാവരും ഇരിക്കെ ബഹളങ്ങള്‍ കുറച്ചു കുറച്ചുഅവന്‍ ഉറങ്ങാന്‍ കിടന്നു. ഞാന്‍ പതിയെ തട്ടി കൊടുത്തു . 10 30 തോടവന്‍ ഉറങ്ങി. അവരും പോയി.

നാളെ നേരം വെളുക്കുന്നതോര്‍ത്തെനിക്കു പേടിയാണ്. ഇനിയും കടി കൊള്ളാന്‍ കൈയില്‍ സ്ഥലമില്ല. ഉണരാതെ എന്നന്നേക്കും ഉറങ്ങിപ്പോകണമെന്നു ആഗ്രഹിക്കാന്‍ പോലും കഴിയില്ല. ആരവനെ എങ്ങനെ നോക്കും. മരണം പോലും ലക്ഷറിയാണ് ചിലപ്പോള്‍.
എത്ര ഫോണ്‍ കോളുകള്‍ക്കു വേണ്ടി കാത്തിരുന്നു. എത്ര പേരെ ബുദ്ധി മുട്ടിച്ചു. ശല്യമാകുമോയെന്നു ഭയന്നു. അവര്‍ എന്തു കരുതുമെന്ന് ആകുലപ്പെട്ടു. എന്നിട്ടും വിളിച്ചു ബുദ്ധിമുട്ടിച്ചു. അതിനിടക്ക് മരുന്നു തന്ന ഡോക്ടര്‍ എവിടെയെങ്കിലും കൊണ്ടു അഡ്മിറ്റ് ചെയ്തു, ഐസലേറ്റ് ചെയ്യൂ എന്ന് പറഞ്ഞു. എവിടെ എങ്ങനെ കൊണ്ടു പോകുമെന്ന് നെഞ്ചകം അലറി കരഞ്ഞു.

അവന്റെ നെറ്റിയില്‍ ഉമ്മ കൊടുത്തു എന്നത്തേയും പോലെ അവനൊപ്പം ഉറങ്ങാന്‍ ഇന്നെനിക്കു പേടിയാണ്. ഇപ്പളാണ് ഇത്തിരി ചോറുണ്ടത്. ദിവസം മുഴുവന്‍ ഒന്നും കഴിച്ചില്ല. കുളിച്ചില്ല. കുളിച്ചിട്ടുള്ള ഞങ്ങളുടെ വൈകിട്ടത്തെ നടത്തവും ഇല്ല. എന്റെ കുഞ്ഞിന്റെ മുഖം …. നുണക്കുഴികളില്‍ കുസൃതി എഴുതിയ കുഞ്ഞിമുഖം. എന്തിനാണ് എന്റെ കുഞ്ഞേ ഈ വന്യഭാവങ്ങള്‍.

ഇതെഴുതിയത് മുഴുവന്‍ മനുഷ്യര്‍ക്കും വേണ്ടിയാണ്. ഓട്ടിസ്റ്റിക്കായ കുഞ്ഞുങ്ങളെ നോക്കുന്നവരോട് നിങ്ങള്‍ കരുണ ഉള്ളവരാകണം . എനിക്ക് ഉപദേശം വേണ്ട. Be bold , brave , ഈ സമയം കടന്നു പോകും എന്നൊന്നും. പറ്റുമെങ്കില്‍ ജീവിതത്തില്‍ ഇത്തരം മനുഷ്യരോടെ കരുണയുള്ളവര്‍ ആകുക. മനുഷ്യന്റെ കാരുണ്യത്തിലാണ് അതിജീവിച്ചതൊക്കെയും. ചേര്‍ത്തു നിര്‍ത്തിയ സുഹൃത്തുക്കളുടെ ധൈര്യത്തിലും…… നാളെത്തെ ദിവസം ഉണരുന്നതോര്‍ത്തൊരു ചങ്കിടിക്കുന്നുണ്ട്, ഭയാശങ്കകളാല്‍…. മരണം പോലും ആര്‍ഭാടമായ മനുഷ്യരുണ്ടി ഭൂമിയില്‍……

[ot-video][/ot-video]