ന്യൂഡല്‍ഹി: പന്തില്‍ കൃത്രിമത്വം കാണിച്ചെന്ന വിവാദത്തില്‍പ്പെട്ട് ഓസീസ് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് രാജിവെച്ച സ്റ്റീവ് സ്മിത്ത് ഐപിഎല്ലില്‍ നിന്നും പുറത്തേക്ക്. രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് മാനേജ്‌മെന്റ് സ്മിത്തിനെ നീക്കം ചെയ്തു. ന്യൂലാന്‍ഡ്‌സ് ടെസ്റ്റില്‍ പന്തില്‍ കൃത്രിമത്വം കാട്ടിയതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്ന പശ്ചാത്തലത്തില്‍ സ്മിത്തിനെ ഓസീസ് ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് മാറ്റണമെന്ന് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ആവശ്യപ്പെടുകയായിരുന്നു.

വിവാദം ഉയര്‍ന്നതോടെ സ്മിത്തിനെ മാറ്റണമെന്ന് രാജസ്ഥാന്‍ റോയല്‍സ് ആരാധകര്‍ ആവശ്യപ്പെട്ടിരുന്നു. ഓസീസ് ടീം നായകസ്ഥാനത്തു നിന്ന് മാറില്ലെന്നായിരുന്നു സ്മിത്ത് ആദ്യം പറഞ്ഞതെങ്കിലും പിന്നീട് സ്‌പോര്‍ട്‌സ് കമ്മീഷനും സര്‍ക്കാരും ആവശ്യപ്പെട്ടതോടെ രാജി നല്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് രാജസ്ഥാന്‍ റോയല്‍സ് ഫ്രാഞ്ചൈസികളുടെ നടപടി.

ഓസീസ് വൈസ് ക്യാപ്റ്റനായിരുന്ന ഡേവിഡ് വാര്‍ണറും രാജി നല്‍കിയിരുന്നു. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ക്യാപ്റ്റനായ വാര്‍ണര്‍ക്കെതിരെയും നടപടിയുണ്ടായേക്കുമെന്നാണ് കരുതുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ല.