കുട്ടികള്‍ ജീവിതത്തില്‍ ഒന്നുമല്ലാത്ത അവസ്ഥയിലേക്ക് വഴുതിവീണ് ആത്മഹത്യയിലേക്ക് പോകുമ്പോള്‍ അധികൃതര്‍ കൈയുംകെട്ടി നോക്കിനില്‍ക്കുകയാണ് എന്ന് റിപ്പോര്‍ട്ടുകള്‍.
കൈവിട്ടുപോയ ഒരു തലമുറ എന്നാണ് ബ്രിട്ടനിലെ വിദ്യാര്‍ത്ഥി സമൂഹത്തെക്കുറിച്ച് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. വിദ്യാര്‍ത്ഥികളുടെ മാനസിക ആരോഗ്യം പരിപാലിക്കാന്‍ മുന്നിട്ടിറങ്ങിയില്ലെങ്കില്‍ ഇത് സംഭവിക്കുമെന്നാണ് ബ്രിട്ടീഷ് യൂണിവേഴ്‌സിറ്റികള്‍ സമ്മതിക്കുന്നത്. എന്‍എച്ച്എസും, യൂണിവേഴ്‌സിറ്റികളും ഇക്കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ ചെലുത്താത്തത് മൂലം കുട്ടികള്‍ക്ക് ജീവിതം വഴുതിപ്പോകുന്ന കാഴ്ചയാണ് കാണുന്നത്.

2016-ല്‍ മാത്രം 146 വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്‌തെന്നാണ് ഔദ്യോഗികമായ കണക്കുകള്‍ നല്‍കുന്ന സൂചന. ബ്രിസ്‌റ്റോളില്‍ കഴിഞ്ഞ മാസം മാത്രം ജീവനൊടുക്കിയത് മൂന്ന് വിദ്യാര്‍ത്ഥികള്‍. ലോക്കല്‍ സര്‍വ്വീസുകള്‍ യൂണിവേഴ്‌സിറ്റികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കണമെന്നാണ് എന്‍എച്ച്എസ് വ്യക്തമാക്കുന്നത്.

ആത്മവിശ്വാസമുള്ള കുട്ടികള്‍ പോലും ജീവിതത്തില്‍ ഒന്നുമല്ലാത്ത അവസ്ഥയിലേക്ക് വഴുതിവീണ് ആത്മഹത്യയിലേക്ക് പോകുമ്പോള്‍ അധികൃതര്‍ കൈയുംകെട്ടി നോക്കിനില്‍ക്കുകയാണ്. സപ്പോര്‍ട്ട് സര്‍വ്വീസുകളുടെ സേവനം തേടുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ദ്ധിക്കുന്നതായി യുകെ യൂണിവേഴ്‌സിറ്റികള്‍ ചൂണ്ടിക്കാണിക്കുന്നു.

നിലവില്‍ പഠിക്കുന്ന യൂണിവേഴ്‌സിറ്റിക്ക് അടുത്തുള്ള ജിപിയുമായി എന്റോള്‍ ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അവധിക്കാലത്ത് ഈ സഹായം നഷ്ടപ്പെടുന്നു. വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം മാത്രമല്ല മാനസിക നിലവാരം കൂടി ഉയര്‍ത്താന്‍ യൂണിവേഴ്‌സിറ്റികള്‍ ശ്രമിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ട് പോകും.