Child Health
മക്കളുടെ ലഞ്ച് ബോക്‌സുകള്‍ കുത്തിനിറയ്ക്കുന്ന അമ്മമാര്‍ അധ്യാപകരുടെ വിമര്‍ശനത്തിന് സ്ഥിരം ഇരയാകാറുണ്ട്. അത്തരം അനുഭവം പങ്കുവെക്കുകയാണ് ഒരു അമ്മ. ഫെയിസ്ബുക്കിലാണ് ഇവര്‍ കുട്ടിക്ക് നല്‍കുന്ന ലഞ്ച് ബോക്‌സിന്റെ ചിത്രം ഉള്‍പ്പെടെ നല്‍കിയിരിക്കുന്നത്. തന്റെ മകളെ അങ്ങനെ തൃപ്തിപ്പെടുത്താന്‍ കഴിയില്ലെന്ന് അധ്യാപികയോട് വിശദീകരിച്ചു. ചില ദിവസങ്ങളില്‍ അവള്‍ കുറച്ച് ഭക്ഷണം കഴിക്കും. പക്ഷേ ചില ദിവസങ്ങളില്‍ വിഷം കാണുന്നതുപോലെയാണ്, ഭക്ഷണത്തില്‍ തൊട്ടു നോക്കുക പോലുമില്ല. പല വിധത്തിലുള്ള ഭക്ഷണ സാധനങ്ങള്‍ അവള്‍ക്ക് നല്‍കാന്‍ ശ്രമിച്ചിട്ടുണ്ട്. പക്ഷേ അവള്‍ കഴിക്കുന്നത് നഗ്ഗെറ്റ്‌സും സോസേജും മുട്ടയും മാത്രമാണ്. ഓടി നടക്കുന്ന പ്രകൃതക്കാരിയാണ് അവള്‍. കളിയും ബഹളവും കഴിഞ്ഞാല്‍ അവള്‍ക്ക് വിശക്കുമെന്ന് തനിക്ക് അറിയാമെന്നും അമ്മ പറയുന്നു. പോസ്റ്റിനൊപ്പം നല്‍കിയിരിക്കുന്ന ലഞ്ച് ബോക്‌സിന്റെ ചിത്രം കണ്ടാല്‍ ഇത്രയും ഭക്ഷണം നല്‍കണോ എന്ന് ചോദിക്കുമോ എന്നും പോസ്റ്റില്‍ അമ്മ പറയുന്നു. എന്തായാലും സമ്മിശ്രമായ പ്രതികരണമാണ് പോസ്റ്റിന് ലഭിച്ചത്. പലരും ഇത്രയും ഭക്ഷണം നല്‍കേണ്ട ആവശ്യമില്ലെന്ന് പറഞ്ഞു. കുട്ടികള്‍ ഭക്ഷണം മറ്റു കുട്ടികളുമായി പങ്കുവെക്കുന്നത് പ്രോത്സാഹിപ്പിക്കരുതെന്നും ചിലര്‍ പറഞ്ഞു. ചില കുട്ടികള്‍ ചില പ്രത്യേക ഭക്ഷണ സാധനങ്ങളോട് അലര്‍ജിയുള്ളവരാകാമെന്നും ചോക്കോ കുക്കീസ് പോലെയുള്ള മധുരമടങ്ങിയ ഭക്ഷണ സാധനങ്ങള്‍ തങ്ങളുടെ കുട്ടികള്‍ അധികം കഴിക്കുന്നത് പ്രോത്സാഹിപ്പിക്കാത്ത രക്ഷിതാക്കളുണ്ടാകാം എന്നതൊക്കെയാണ് ഇതിന് കാരണമായി പറയുന്നത്. അതേസമയം ഒരു അമ്മയെന്ന നിലയില്‍ കുട്ടിയെ ഭക്ഷണം കഴിപ്പിക്കാന്‍ നടത്തുന്ന ശ്രമത്തെ ആരും ചോദ്യം ചെയ്യേണ്ടതില്ലെന്ന കമന്റുകളും പോസ്റ്റിലുണ്ട്. കുട്ടികള്‍ക്ക് ബാലന്‍സ്ഡ് ഫുഡ് ആണ് നല്‍കേണ്ടതെന്ന് അറിയാമെങ്കിലും അവര്‍ കുറച്ചു മാത്രം കഴിക്കുന്നവരാണെങ്കില്‍ ഇതല്ലാതെ മാര്‍ഗ്ഗമില്ലെന്നാണ് അമ്മമാരുടെ അഭിപ്രായം. മിക്ക രക്ഷിതാക്കളും ലഞ്ച് ബോക്‌സുകള്‍ കുത്തിനിറയ്ക്കുന്നതിനു കാരണവും ഇതു തന്നെയാണ്.
കുട്ടികള്‍ക്കായുള്ള ഹെല്‍ത്തി ലഞ്ച്‌ബോക്‌സ് സ്‌നാക്‌സില്‍ അടങ്ങിയിരിക്കുന്നത് ഒരു ദിവസം അനുവദനീയമായ പഞ്ചസാരയുടെ മൂന്നില്‍ രണ്ട് അളവെന്ന് വെളിപ്പെടുത്തല്‍. സ്മൂത്തികള്‍, യോഗര്‍ട്ട്, മിനി ചോക് ബാറുകള്‍, സ്‌പോഞ്ചസ് തുടങ്ങിയവയില്‍ അളവില്ലാതെ സ്വീറ്റ്‌നറുകള്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് വിവരം. കുട്ടികളെ ഈ ഭക്ഷ്യവസ്തുക്കള്‍ അമിതവണ്ണം എന്ന പ്രതിസന്ധിയിലേക്ക് തള്ളിവിടുകയാണെന്ന് വിദഗ്ദ്ധര്‍ പറയുന്നു. നെസ്ലേയുടെ മഞ്ച് ബഞ്ച് സ്‌ക്വാഷം സ്‌ട്രോബെറി യോഗര്‍ട്ട് ഡ്രിങ്കിന്റെ ഒരു പോര്‍ഷനില്‍ 11.4 ഗ്രാം പഞ്ചസാര അടങ്ങിയിട്ടുണ്ട്. മൂന്ന് ടീസ്പൂണ്‍ പഞ്ചസാരയ്ക്ക് തുല്യമാണ് ഈ അളവ്. ഒരു ദിവസം പരമാവധി നിര്‍ദേശിക്കപ്പെട്ടിരിക്കുന്നത് 19 ഗ്രാം പഞ്ചസാര മാത്രമാണെന്നിരിക്കെ ഇതില്‍ മാത്ര അടങ്ങിയിരിക്കുന്നത് പരിധിയുടെ മൂന്നില്‍ രണ്ട് ഭാഗമാണ്. സമാനമാണ് എല്ലാസ് കിച്ചണിന്റെ ദി വൈറ്റ് വണ്‍ സ്‌ക്വിഷ്ഡ് സ്മൂത്തീ ഫ്രൂട്ട്‌സിന്റെയും അവസ്ഥ. ഇതിന്റെ 90 ഗ്രാം വരുന്ന ഒരു പോര്‍ഷനില്‍ 10.7 ഗ്രാം പഞ്ചസാര അടങ്ങിയിട്ടുണ്ട്. യുകെയില്‍ യോഗര്‍ട്ട് ഏറ്റവും കൂടുതല്‍ നല്‍കുന്നത് മൂന്നു വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്കാണെന്ന വസ്തുത പരിഗണിച്ചാല്‍ ഇത് എന്തുമാത്രം അപകടകരമാണെന്ന് മനസിലാക്കാന്‍ സാധിക്കും. മധുരം ചേര്‍ക്കാത്ത സാധാരണ യോഗര്‍ട്ട് ആണ് കുട്ടികള്‍ക്ക് നല്‍കാവുന്ന ആരോഗ്യകരമായ സ്‌നാക്ക് എന്ന് വിദഗ്ദ്ധര്‍ പറയുന്നു. കുട്ടികള്‍ക്ക് ആവശ്യമായ പ്രോട്ടീനും കാല്‍സ്യവും ഇതില്‍ നിന്ന് ലഭിക്കും. എന്നാല്‍ ഫ്‌ളേവറുകള്‍ ചേര്‍ക്കുന്നത് കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുന്ന വിധത്തിലേക്ക് ഇതിനെ മാറ്റുമെന്ന് വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നു. ചൈല്‍ഡ്ഹുഡ് ഒബീസിറ്റ് പ്ലാനില്‍ യോഗര്‍ട്ടിനെ ഗവണ്‍മെന്റ് ലക്ഷ്യം വെക്കുന്നുണ്ട്. 2020ഓടെ ഇവയില്‍ നിന്ന് 20 ശതമാനം പഞ്ചസാര നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. യുകെയിലെ സ്‌കൂള്‍ കുട്ടികള്‍ 10 വയസിനിടെ കഴിക്കുന്നത് 18 വയസ് വരെ ഉപയോഗിക്കുന്നത്രയും അളവ് പഞ്ചസാരയാണെന്ന് കഴിഞ്ഞയാഴ്ച പുറത്തു വന്ന പഠനത്തില്‍ വ്യക്തമായിരുന്നു.
ഉറങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പെങ്കിലും കുട്ടികളെ സ്‌ക്രീനുകള്‍ക്ക് മുന്നില്‍ നിന്ന് മാറ്റണമെന്ന് നിര്‍ദേശം. രക്ഷിതാക്കള്‍ക്ക് നല്‍കിയ നിര്‍ദേശങ്ങളിലാണ് ഈ പരാമര്‍ശമുള്ളത്. ഡെയിലി സ്‌ക്രീന്‍ ടൈമില്‍ സുരക്ഷിതമായ പരിധി എന്നൊന്ന് ഇല്ലെന്ന് റോയല്‍ കോളേജ് ഓഫ് പീഡിയാട്രിക്‌സ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പറയുന്നു. പ്രായത്തിന് അനുസരിച്ച് കുട്ടികള്‍ക്ക് നിയന്ത്രണങ്ങള്‍ സ്‌നേഹപൂര്‍വം ഏര്‍പ്പെടുത്തുക മാത്രമാണ് ചെയ്യാന്‍ കഴിയുന്നത്. ഉറക്കം, വ്യായാമം, പരസ്പരമുള്ള ഇടപഴകല്‍ തുടങ്ങിയവ ഇല്ലാതാക്കുന്ന വിധത്തില്‍ സ്മാര്‍ട്ട്‌ഫോണുകളും വീഡിയോ ഗെയിമുകളും ഇടപെടാന്‍ തുടങ്ങിയാല്‍ അതിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ രക്ഷിതാക്കള്‍ തയ്യാറാകണമെന്നും നിര്‍ദേശം പറയുന്നു. ടാബ്ലെറ്റുകളിലും ഫോണുകളിലും കുട്ടികള്‍ ചെലവഴിക്കുന്ന സമയം കുറയ്ക്കാന്‍ രക്ഷിതാക്കള്‍ ശ്രമിക്കണമെന്നും വിദഗ്ദ്ധര്‍ ആവശ്യപ്പെടുന്നു. സ്‌ക്രീന്‍ ടൈം ആരോഗ്യത്തെ ബാധിക്കുന്നതിന് ശാസ്ത്രീയ തെളിവുകളുണ്ടെന്ന് അവകാശപ്പെടുന്ന പഠനം ബിഎംജെ ഓപ്പണില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇതിനൊപ്പമാണ് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പുറത്തു വന്നിരിക്കുന്നത്. വിഷാദരോഗ ലക്ഷണങ്ങളും കൂടിയ സ്‌ക്രീന്‍ ടൈമും തമ്മില്‍ വലിയ ബന്ധമുണ്ടെന്നാണ് പഠനം വ്യക്തമാക്കുന്നത്. ഫോണില്‍ സമയം ചെലവഴിക്കുന്നതിലൂടെ ഉറക്കം നഷ്ടമാകുന്നതു തന്നെയാണ് സ്‌ക്രീന്‍ ടൈമം ആരോഗ്യത്തെ ബാധിക്കുന്നു എന്ന വാദത്തില്‍ ആദ്യ ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നത്. സ്‌ക്രീനുകളിലെ നീല പ്രകാശം ഉറക്കം ഇല്ലാതാക്കുന്നുവെന്നും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. മെലാറ്റോനിന്‍ എന്ന ഹോര്‍മോണ്‍ ഉറക്കവുമായി അടുത്ത ബന്ധമുള്ളതാണ്. സ്‌ക്രീനുകള്‍ ഈ ഹോര്‍മോണ്‍ പുറത്തുവരുന്നതിനെ തടയുന്നു. അമിത ശരീരഭാരവും സ്‌ക്രീന്‍ ടൈമും തമ്മില്‍ ബന്ധമുണ്ടെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു. സ്‌ക്രീനുകളില്‍ ചെലവഴിക്കുന്ന സമയം കുട്ടികള്‍ സ്‌നാക്‌സ് കൂടുതല്‍ കഴിക്കുന്നുണ്ടെന്നും വിലയിരുത്തലുണ്ട്.
കുട്ടികള്‍ക്ക് സ്‌കൂളിലേക്ക് കൊടുത്തു വിടുന്ന സാന്‍ഡ്‌വിച്ചുകള്‍ ക്ലിംഗ് ഫിലിമില്‍ പൊതിയേണ്ടെന്ന് രക്ഷാകര്‍ത്താക്കള്‍ക്ക് നിര്‍ദേശം വരുന്നു. മൂന്നു വര്‍ഷത്തിനുള്ളില്‍ സ്‌കൂളുകള്‍ പ്ലാസ്റ്റിക് രഹിതമാക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് നീക്കം. ഇതിന്റെ പ്രഖ്യാപനം ഉടന്‍ ഉണ്ടാകും. പ്ലാസ്റ്റിക് വിരുദ്ധ നീക്കങ്ങളുടെ ഭാഗമായി ഷോപ്പിംഗ് ബാഗുകള്‍ക്ക് ഈടാക്കി വരുന്ന 5 പെന്‍സ് നിരക്ക് 10 പെന്‍സായി ഉയര്‍ത്തും. ഇത് പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്ക് മാത്രമായിരിക്കില്ല ബാധകമാകുക. രണ്ടരലക്ഷത്തിലേറെ വരുന്ന ഇടത്തരം സ്റ്റോറുകളിലും ചെറിയ കോര്‍ണര്‍ ഷോപ്പുകളിലും ക്യാരി ബാഗുകള്‍ക്ക് നിരക്ക് ഏര്‍പ്പെടുത്തും. നിലവില്‍ ഇത്തരം സ്റ്റോറുകള്‍ക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്. പരിസ്ഥിതി സംരക്ഷണത്തിന് സ്‌കൂളുകള്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കും അവരുടേതായ പങ്കു വഹിക്കാനുണ്ടെന്ന് എജ്യുക്കേഷന്‍ സെക്രട്ടറി ഡാമിയന്‍ ഹിന്‍ഡ്‌സ് പറഞ്ഞു. സ്‌കൂളുകളില്‍ പ്ലാസ്റ്റിക് സ്‌ട്രോകള്‍, കുപ്പികള്‍, ഫുഡ് പാക്കിംഗുകള്‍, പ്ലാസ്റ്റിക് ബാഗുകള്‍ എന്നിവയുടെ ഉപയോഗം പൂര്‍ണ്ണമായി നിര്‍ത്തണമെന്ന് ഹെഡ്ടീച്ചര്‍മാരോട് അദ്ദേഹം ആവശ്യപ്പെട്ടു. ഇവയ്ക്ക് പകരം പ്രകൃതി സൗഹൃദ വസ്തുക്കള്‍ കണ്ടെത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്ലാസ്റ്റിക് ഫ്രീയാകാന്‍ ലക്ഷ്യമിടുന്ന സ്‌കൂളുകള്‍ കുട്ടികളുടെ രക്ഷിതാക്കളെയും അതിന് പ്രേരിപ്പിക്കണം. കുട്ടികള്‍ക്ക് കൊടുത്തയക്കുന്ന ഭക്ഷണത്തില്‍ പുനരുപയോഗം സാധ്യമായ പാക്കിംഗുകള്‍ വേണം ഉപയോഗിക്കാന്‍ എന്ന് നിര്‍ദേശിക്കാം. കുട്ടികള്‍ക്ക് നല്‍കുന്ന പാല്‍ കാര്‍ട്ടനുകള്‍ പ്ലാസ്റ്റിക് നിര്‍മിതമാണെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ എജ്യുക്കേഷന്‍ പറയുന്നു. ഡെവണിലെ ജോര്‍ജ്ഹാം പ്രൈമറി സ്‌കൂളാണ് യുകെയിലെ ആദ്യത്തെ സിംഗിള്‍ യൂസ് പ്ലാസ്റ്റിക് ഫ്രീ സ്‌കൂള്‍. ഈ നേട്ടം കൈവരിക്കാന്‍ സാധിച്ചതില്‍ സ്‌കൂളിനെ ഹിന്‍ഡ് അഭിനന്ദിച്ചു. മറ്റു സ്‌കൂളുകളിലെ ഹെഡ്ടീച്ചര്‍മാര്‍ ഈ മാര്‍ഗ്ഗം പിന്തുടരണമെന്നും ഹിന്‍ഡ്‌സ് ആവശ്യപ്പെട്ടു. ഈ സ്‌കൂളിലേക്ക് പ്ലാസ്റ്റിക് കാര്‍ട്ടനുകളില്‍ പാല്‍ കൊണ്ടുവരുന്നതാണ് ആദ്യം നിര്‍ത്തിയത്. പ്ലാസ്റ്റിക് സ്‌ട്രോകളും പിന്‍വലിച്ചു. ഇവിടെ കുട്ടികള്‍ ഇപ്പോള്‍ ഗ്ലാസുകളിലാണ് പാല്‍ കുടിക്കുന്നത്. ഇവ കഴുകി ഉപയോഗിക്കുകയാണ് ചെയ്തു വരുന്നത്.
പ്രൈമറി ക്ലാസുകളില്‍ എത്തുന്നതിന് മുന്‍പ് തന്നെ കുട്ടികളുടെ മനസിനെ ഐ-പാഡുകള്‍ മന്ദിപ്പിക്കുന്നതായി യു.കെയിലെ ഹെഡ് ടീച്ചേര്‍സ് അസോസിയേഷന്‍ തലവന്‍ ആന്‍ഡ്രൂ മെലര്‍. കുട്ടികള്‍ സ്‌കൂളിലെത്തുന്നതിന് മുന്‍പ് തന്നെ ഐ-പാഡ് മുതലായ ടെക്‌നോളജിയുമായി വളരെ അടുത്ത ഇടപഴകുന്നുണ്ട്. ഇത് കുട്ടികളുടെ മാനസിക വളര്‍ച്ചയേയും ബുദ്ധി വികാസത്തെയും പ്രതികൂലമായി ബാധിക്കുമെന്ന് യു.കെയിലെ ഏറ്റവും വലിയ ഹെഡ് ടീച്ചേര്‍സ് അസോസിയേഷനായ നാഷണല്‍ അസോസിയേഷന്‍ ഓഫ് ഹെഡ് ടീച്ചേര്‍സ് തലവന്‍ ആന്‍ഡ്രു മെലര്‍ അഭിപ്രായപ്പെടുന്നു. കുട്ടികളുടെ ആശയവിനിമയ രീതി മുതല്‍ എല്ലാ തരത്തിലും ഐ-പാഡുകളും ഉപയോഗം സ്വാധീനമുണ്ടാക്കുമെന്നും അദ്ദേഹം ചൂണ്ടി കാണിച്ചു. കുട്ടികളിലുണ്ടാകുന്ന വളരെ നൈസര്‍ഗിഗമായ കഴിവുകളെയാണ് ഐ-പാഡുകള്‍ പ്രതികൂലമായ ബാധിക്കുക. പുസ്തകങ്ങളില്‍ നിന്നും ചിത്രങ്ങളില്‍ നിന്നും കഥകളില്‍ നിന്നും ലഭിക്കുന്ന വളരെ നാച്യുറലായ അറിവുകള്‍ കുട്ടികളുടെ ചിന്താശേഷി, ഭാവന, സര്‍ഗ്ഗ ശക്തി എന്നിവ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. എന്നാല്‍ ഇത്തരം നൈസര്‍ഗിഗത ഐ-പാഡ് ഉപയോഗിക്കുന്നതോടെ നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നും മെലര്‍ മുന്നറിയിപ്പ് നല്‍കുന്നു. വണ്‍-ടു-വണ്‍ അറ്റന്‍ഷന്‍ ലഭ്യമാക്കുന്ന ടെക്‌നോളജിയാണ് ഐ-പാഡിന്റേത്. സ്‌കൂളിലെത്തുന്ന കുട്ടികള്‍ ഇതേ ആശയവിനിമയ രീതി ലഭിക്കാതെ വരുമ്പോള്‍ പഠനത്തില്‍ പിന്നോക്കം പോകും. നിരവധി പേര്‍ ഒന്നിച്ചിരിക്കുന്ന ക്ലാസില്‍ വണ്‍-ടു-വണ്‍ അറ്റന്‍ഷന്‍ രീതി സാധ്യമാകില്ല. പൊതുവെ കുട്ടികള്‍ ബഹളമുണ്ടാക്കാതിരിക്കാനാണ് മക്കള്‍ക്ക് മാതാപിതാക്കള്‍ ഐ-പാഡുകള്‍ നല്‍കുന്നത്. ജോലി സമയത്ത് തങ്ങളെ കുട്ടികള്‍ ബുദ്ധിമുട്ടിക്കാതിരിക്കാനുള്ള ഒരു മാര്‍ഗം എന്ന രീതിയില്‍ മാത്രമാണ് പലരും ഇതിനെ സമീപിക്കുന്നത് പോലും! എന്നാല്‍ വളരെ സൂക്ഷ്മതയോടെ പ്രവര്‍ത്തിക്കേണ്ട കാര്യങ്ങളാണ് ഇവയെന്നും മെലര്‍ പറയുന്നു. പുസ്തകങ്ങള്‍ വായിച്ചുള്ള പഠനരീതിയുമായി കുട്ടികള്‍ക്ക് പൊരുത്തപ്പെടാന്‍ കഴിയില്ലെന്നതാണ് മറ്റൊരു കാര്യമെന്നും മെലര്‍ പറഞ്ഞു. സമൂഹ മാധ്യമങ്ങളുടെ അമിത ഉപയോഗം കുട്ടികളില്‍ പ്രതികൂലമായ ചിന്തകളും ആശയങ്ങളും കടന്നുകൂടാന്‍ കാരണമാകുമെന്നും മെലര്‍ ചൂണ്ടി കാണിച്ചു.
RECENT POSTS
Copyright © . All rights reserved