Education
യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസത്തിന്റെ തുടക്കത്തില്‍ വിദ്യാര്‍ത്ഥികള്‍ നേരിടേണ്ടി വരുന്ന സമ്മര്‍ദ്ദങ്ങള്‍ മറികടക്കാന്‍ പരിശീലന പദ്ധതി പ്രഖ്യാപിച്ച് സര്‍ക്കാര്‍. വിദ്യാര്‍ത്ഥികളുടെ മാനസികാരോഗ്യ പരിപാലനത്തിനായി നിയോഗിച്ചിരിക്കുന്ന ടാസ്‌ക്‌ഫോഴ്‌സ് ആയിരിക്കും ഇത് നടപ്പാക്കുക. സോഷ്യല്‍ മീഡിയയെയും പൂര്‍ണ്ണത നേടാനുള്ള ശ്രമങ്ങളെയും എങ്ങനെയായിരിക്കണം കൈകാര്യം ചെയ്യേണ്ടതെന്നും വിദ്യാര്‍ത്ഥികള്‍ക്ക് പറഞ്ഞുകൊടുക്കുകയായിരിക്കും ടാസ്‌ക്‌ഫോഴ്‌സിന്റെ ജോലി. പണം കൈകാര്യം ചെയ്യേണ്ട രീതികള്‍, വിദ്യാര്‍ത്ഥി ജീവിതത്തിലെ യാഥാര്‍ത്ഥ്യങ്ങള്‍, സുഹൃത്തുക്കളെ തെരഞ്ഞെടുക്കേണ്ടത് എങ്ങനെ തുടങ്ങിയ കാര്യങ്ങളും വിദ്യാര്‍ത്ഥികള്‍ക്ക് പറഞ്ഞു കൊടുക്കും. യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസത്തിനായി വീട്ടില്‍ നിന്ന് പുറത്തെത്തുന്നതു തന്നെ കൗമാരക്കാരായ വിദ്യാര്‍ത്ഥികളുടെ വീര്യം ചോര്‍ത്താറുണ്ടെന്ന് വിദ്യാഭ്യാസ സെക്രട്ടറി ഡാമിയന്‍ ഹിന്‍ഡ്‌സ് പറഞ്ഞു. സ്വതന്ത്രമായി നിന്ന് പഠിക്കുക, അതിനൊപ്പം സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുക എന്നിവ വളരെ ബുദ്ധിമുട്ടേറിയ കാര്യമായിരിക്കും. പുതിയൊരു സ്ഥലവും തീര്‍ത്തും അപരിചിതരുമായുള്ള സഹവാസവും ഈ ബുദ്ധിമുട്ടുകള്‍ വര്‍ദ്ധിപ്പിക്കുകയേയുള്ളു. അത്തരം സാഹചര്യങ്ങളെ അതിജീവിച്ച് തങ്ങളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ സമയമായ യൂണിവേഴ്‌സിറ്റി ജീവിതം ചെലവഴിക്കാന്‍ കുട്ടികള്‍ക്ക് സഹായം നല്‍കുകയാണ് നാം ചെയ്യേണ്ടതെന്ന് ഹിന്‍ഡ്‌സ് പറഞ്ഞു. എജ്യുക്കേഷന്‍ ട്രാന്‍സിഷന്‍സ് നെറ്റ് വര്‍ക്ക് എന്ന പേരിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് സഹായം നല്‍കാനുള്ള ടാസ്‌ക്‌ഫോഴ്‌സ് രൂപീകരിച്ചിരിക്കുന്നത്. ഇതില്‍ യൂണിവേളഴ്‌സിറ്റീസ് യുകെ, യുസിഎഎസ്, നാഷണല്‍ യൂണിയന്‍ ഓഫ് സ്റ്റുഡന്റ്‌സ് എന്നിവയുടെ പ്രതിനിധികള്‍ അംഗങ്ങളായിരിക്കും. യൂണിവേഴ്‌സിറ്റി പഠന കാലയളവില്‍ വിദ്യാര്‍ത്ഥികളില്‍ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നതിന്റെ നിരക്ക് വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ഈ പ്രശ്‌നം പരിഹരിക്കുന്നതിനായി ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ എജ്യുക്കേഷന്‍ നടത്തുന്ന ഇടപെടലുകളുടെ ഭാഗമായാണ് ഈ നീക്കം. യൂണിവേഴ്‌സിറ്റി പഠനത്തിനായി എത്തുന്ന പുതിയ വിദ്യാര്‍ത്ഥികളില്‍ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് വര്‍ദ്ധിക്കുന്നതായുള്ള റിപ്പോര്‍ട്ട് അടുത്തിടെയാണ് പുറത്തു വന്നത്. കോഴ്‌സുകളുടെ ആരംഭത്തില്‍ ഡിപ്രഷന്‍, അമിതാകാംക്ഷ തുടങ്ങിയ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ 2014-15 അധ്യയന വര്‍ഷത്തിനും 2017-18 വര്‍ഷത്തിനുമിടയില്‍ 73 ശതമാനം വര്‍ദ്ധനയുണ്ടായിട്ടുണ്ടെന്നാണ് വിവരാവകാശ രേഖകള്‍ സൂചിപ്പിക്കുന്നത്.
വിദ്യാര്‍ത്ഥികള്‍ സ്‌കൂളുകളിലേക്ക് സ്മാര്‍ട്ട്‌ഫോണുകള്‍ കൊണ്ടുവരുന്നത് നിരോധിക്കണമെന്ന് ഇംഗ്ലണ്ടിലെ സ്‌കൂള്‍ സ്റ്റാന്‍ഡാര്‍ഡ് മിനിസ്റ്റര്‍ നിക്ക് ഗിബ്ബ്. ഇന്റര്‍നെറ്റ് സുരക്ഷ, സോഷ്യല്‍ മീഡിയ, ഓണ്‍ലൈന്‍ ഗെയിമിഗ് തുടങ്ങിയവ സംബന്ധിച്ച് സ്‌കൂളുകള്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നതിനിടെയാണ് നിക്ക് ഗിബ്ബ് ഈ പ്രസ്താവന നടത്തിയത്. കുട്ടികള്‍ ഓണ്‍ലൈനില്‍ ചെലവഴിക്കുന്ന സമയം കുറയ്ക്കണമെന്ന് സര്‍ക്കാര്‍ പുതിയ മാര്‍ഗ്ഗനിര്‍ദേശത്തില്‍ പറയുമെന്നാണ് കരുതുന്നത്. സ്മാര്‍ട്ട്‌ഫോണുകള്‍ കൊണ്ടുവരുന്നതില്‍ നിന്ന് വിദ്യാര്‍ത്ഥികളെ വിലക്കാന്‍ നിലവില്‍ സ്‌കൂളുകള്‍ക്ക് അധികാരമുണ്ട്. ഇത് തീരുമാനിക്കാനുള്ള അധികാരം ഹെഡ്ടീച്ചറുടെ വിവേചനാധികാരത്തില്‍ ഉള്‍പ്പെടുമെന്നാണ് നിലവിലുള്ള സര്‍ക്കാര്‍ നയം. അതേസമയം ഗിബ്ബ് മുന്നോട്ടു വെക്കുന്ന പദ്ധതി പഠനത്തില്‍ മൊബൈല്‍ ഫോണുകള്‍ എത്രമാത്രം സഹായകരമാണെന്ന വസ്തുത മറക്കുകയാണെന്ന് മാഞ്ചസ്റ്ററിലെ എജ്യുക്കേഷന്‍ ആന്‍ഡ് ലീഡര്‍ഷിപ്പ് ട്രസ്റ്റിലെ എക്‌സിക്യൂട്ടീവ് ഹെഡ്ടീച്ചര്‍ പാസ്റ്റി കെയിന്‍ ചൂണ്ടിക്കാണിക്കുന്നു. സ്മാര്‍ട്ട്‌ഫോണുകള്‍ ഉത്തരവാദിത്തത്തോടെ പഠനത്തില്‍ ഉപയോഗിക്കുന്നത് തങ്ങളുടെ മള്‍ട്ടി അക്കാഡമി ട്രസ്റ്റ് പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന് അവര്‍ ബിബിസി ബ്രേക്ക്ഫാസ്റ്റില്‍ പറഞ്ഞു. സ്‌കൂള്‍ ടൈമില്‍ ഫോണുകള്‍ അനാവശ്യമായി ഉപയോഗിച്ചാല്‍ അധ്യാപകര്‍ കുട്ടികളില്‍ നിന്ന് അവ വാങ്ങിവെക്കുകയാണ് ചെയ്യുന്നതെന്നും അവര്‍ വ്യക്തമാക്കി. റിവിഷനുകള്‍ക്കു വേണ്ടി ഫലപ്രദമായ ആപ്പുകളുടെ നിരതന്നെ ഇപ്പോള്‍ ഉണ്ടെന്നും അവര്‍ പറഞ്ഞു. സ്മാര്‍ട്ട്‌ഫോണ്‍ വിലക്ക് ഏര്‍പ്പെടുത്താനുള്ള നീക്കത്തില്‍ ഹെഡ്ടീച്ചര്‍മാരുടെ സംഘടനയും ആശങ്കയറിയിച്ചു. എന്നാല്‍ ഒട്ടേറെ സ്‌കൂളുകള്‍ സ്മാര്‍ട്ട്‌ഫോണുകള്‍ നിരോധിക്കണമെന്ന് തീരുമാനിച്ചിട്ടുണ്ടെന്നാണ് ഗിബ്ബ് പറയുന്നത്. ഹെഡ്ടീച്ചര്‍മാരുടെ അധികാര പരിധിയിലുള്ള കാര്യമാണ് ഇതെങ്കിലും സ്‌കൂളുകള്‍ ഇതിന് പൂര്‍ണ്ണ വിലക്ക് കൊണ്ടുവരണമെന്നു തന്നെയാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും ഗിബ്ബ് വ്യക്തമാക്കി.
ടേം ടൈമില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് വകവെയ്ക്കാതെ കുട്ടികളെ ഹോളിഡേകള്‍ക്ക് കൊണ്ടുപോകുന്ന മാതാപിതാക്കളുടെ എണ്ണം വര്‍ദ്ധിക്കുന്നു. വിലക്ക് ലംഘിച്ചതിന് പിഴശിക്ഷ ലഭിക്കുന്ന മാതാപിതാക്കളുടെ എണ്ണം ഇരട്ടിയായി ഉയര്‍ന്നുവെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. ടേം ടൈമുകളില്‍ ഹോളിഡേ യാത്രകള്‍ താരതമ്യേന ചെലവു കുറഞ്ഞതായിരിക്കുമെന്നതാണ് 60 പൗണ്ട് പിഴ അവഗണിച്ച് യാത്രകള്‍ നടത്താന്‍ രക്ഷിതാക്കള്‍ തയ്യാറാകുന്നതെന്നാണ് പഠനം വ്യക്തമാക്കുന്നത്. ആയിരക്കണക്കിന് രക്ഷിതാക്കള്‍ ഈ രീതി അനുവര്‍ത്തിക്കുകയാണ്. സോമര്‍സെറ്റ് കൗണ്ടി കൗണ്‍സില്‍ 2016-17 വര്‍ഷത്തില്‍ 760 പെനാല്‍റ്റി നോട്ടീസുകള്‍ നല്‍കിയിട്ടുണ്ട്. 2017-18 വര്‍ഷത്തില്‍ ഇത് 1491 ആയി ഉയര്‍ന്നു. ലങ്കാഷയര്‍ കൗണ്ടി കൗണ്‍സില്‍ കഴിഞ്ഞ വര്‍ഷം 7575 നോട്ടീസുകളാണ് നല്‍കിയത്. മുന്‍ വര്‍ഷം ഇത് 6876 ആയിരുന്നു. ടേം ടൈം ഹോളിഡേകള്‍ക്കായി കുട്ടികളെ കൊണ്ടുപോകുന്ന രക്ഷിതാക്കളില്‍ നിന്ന് 1000 പൗണ്ടെങ്കിലും പിഴയീടാക്കണമെന്ന ആവശ്യം ഉയരുന്നതിനിടെയാണ് ഈ റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നത്. ലങ്കാഷയറിലെ ബാലാഡെന്‍ കമ്യൂണിറ്റി പ്രൈമറി പെനാല്‍റ്റി വര്‍ദ്ധിപ്പിക്കുമെന്ന് രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. അനുവാദമില്ലാതെ കുട്ടികളെ ടേം ടൈമില്‍ ഹോളിഡേകള്‍ക്ക് കൊണ്ടുപോകുന്ന രക്ഷിതാക്കള്‍ക്ക് പിഴ ശിക്ഷ നല്‍കാനും വേണമെങ്കില്‍ നിയമ നടപടികള്‍ക്ക് വിധേയരാക്കാനും നിയമം അനുവദിക്കുന്നുണ്ട്. 60 പൗണ്ട് വരെ പിഴയീടാക്കാന്‍ ലോക്കല്‍ കൗണ്‍സിലുകള്‍ക്ക് അധികാരമുണ്ട്. 21 ദിവസത്തിനുള്ളില്‍ അടച്ചില്ലെങ്കില്‍ ഇത് 120 പൗണ്ടായി ഉയരും. 28 ദിവസത്തിനുള്ളില്‍ പിഴയടച്ചില്ലെങ്കില്‍ കുട്ടി ഹാജരാകാത്തതിന് നിങ്ങളെ പ്രോസിക്യൂട്ട് ചെയ്യാനും നിയമം അനുവദിക്കുന്നുണ്ടെന്ന് ഗവണ്‍മെന്റ് വെബ്‌സൈറ്റ് പറയുന്നു. ഹെഡ്ടീച്ചറോട് നേരത്തേ അനുവാദം ചോദിക്കാന്‍ രക്ഷിതാക്കള്‍ക്ക് സാധിക്കും. ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളുണ്ടെങ്കില്‍ അവ വിശദീകരിക്കാനും സാധിക്കും. എന്നാല്‍ അവധി അനുവദിക്കുന്നത് ഹെഡ്ടീച്ചറുടെ വിവേചനാധികാരത്തില്‍ പെട്ട കാര്യമാണ്. ഗൗരവമുള്ള കാര്യങ്ങള്‍ക്ക് മാത്രമേ ഇത്തരത്തില്‍ അവധി നല്‍കാറുള്ളുവെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എഡ്യുക്കേഷന്‍ പറയുന്നു. ഫാമിലി ഹോളിഡേകള്‍ക്കായി വിദ്യാര്‍ത്ഥികള്‍ക്ക് അവധി നല്‍കാറില്ലെന്നാണ് ഔദ്യോഗിക വിശദീകരണം. അനധികൃതമായി വിദ്യാര്‍ത്ഥികള്‍ അവധിയെടുത്തതിനെത്തുടര്‍ന്ന് കഴിഞ്ഞ അദ്ധ്യയന വര്‍ഷത്തില്‍ 40 ലക്ഷം സ്‌കൂള്‍ ദിനങ്ങള്‍ നഷ്ടമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവരുടെ തുടക്ക ശമ്പളം ഏറ്റവും ഉയര്‍ന്ന നിലയില്‍. ഇത്തരക്കാര്‍ക്ക് ആദ്യമായി ലഭിക്കുന്ന ശമ്പളം ഇതാദ്യമായി 60,000 പൗണ്ടിലെത്തി. ആനുവല്‍ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമായത്. ഹൈ ഫ്‌ളയര്‍ റിസര്‍ച്ച് പുറത്തുവിട്ട പഠന റിപ്പോര്‍ട്ട് അനുസരിച്ച് ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കുകളാണ് യൂണിവേഴ്‌സിറ്റികളില്‍ നിന്ന് പുറത്തിറങ്ങുന്നവര്‍ക്ക് ആകര്‍ഷകമായ ജോലികള്‍ വാഗ്ദാനം ചെയ്യുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്. ഇവര്‍ ആദ്യ വര്‍ഷ ശമ്പളമായി ശരാശരി 47,000 പൗണ്ട് വരെയാണ് നല്‍കുന്നത്. കഴിഞ്ഞ വര്‍ഷം 50,000 പൗണ്ട് വരെയായി ഇത് ഉയര്‍ന്നിരുന്നു. ഇത് ഇപ്പോള്‍ ആദ്യമായി 60,000 പൗണ്ട് കടന്നിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ദി ഗ്രാജ്വേറ്റ് മാര്‍ക്കറ്റ് ഇന്‍ 2019 എന്ന പേരിലാണ് റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നത്. ആള്‍ഡിയില്‍ ഇപ്പോള്‍ ജോലിക്ക് കയറുന്ന ഒരു ഗ്രാജ്വേറ്റിന് ലോകത്തെ ഏറ്റവും വലിയ നിയമ സ്ഥാപനങ്ങളില്‍ തുടക്കത്തില്‍ ലഭിക്കുന്ന ശമ്പളം പ്രതീക്ഷിക്കാമെന്ന് റിപ്പോര്‍ട്ട് പറയുന്നു. 44,000 പൗണ്ടാണ് ബജറ്റ് സൂപ്പര്‍മാര്‍ക്കറ്റ് ശൃഖലയായ ആള്‍ഡി വാഗ്ദാനം ചെയ്യുന്നത്. ഓഡി, ലോ ഫേമുകളായ ബേക്കര്‍ മക്കെന്‍സി, അലന്‍ ആന്‍ഡ് ഓവേറി തുടങ്ങിയവ 45,000 പൗണ്ട് വീതമാണ് തുടക്കക്കാരായ ഗ്രാജ്വേറ്റുകള്‍ക്ക് വാഗ്ദാനം നല്‍കുന്നത്. 2019ലെ വേക്കന്‍സികളില്‍ നിയമിക്കപ്പെടുന്നവര്‍ക്ക് 9.1 ശതമാനം വാര്‍ഷിക ശമ്പള വര്‍ദ്ധനയും കമ്പനികള്‍ വാഗ്ദാനം നല്‍കുന്നു. ബ്രെക്‌സിറ്റ് അനിശ്ചിതത്വത്തിന്റെ പശ്ചാത്തലത്തില്‍ ഗ്രാജ്വേറ്റ് വേക്കന്‍സികള്‍ ഇടിഞ്ഞെങ്കിലും അവ വീണ്ടും ശക്തമായി തിരിച്ചു വരികയാണ്. അഞ്ചു വര്‍ഷങ്ങള്‍ക്കിടെയാണ് ഈ ഉണര്‍വ് ദൃശ്യമായിരിക്കുന്നത്. നിലവിലുള്ള 100 മുന്‍നിര ഗ്രാജ്വേറ്റ് സ്‌കീമുകളില്‍ 40,000 പൗണ്ടിനു മേല്‍ ശമ്പളം ലഭിക്കുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. ലിങ്ക്‌ലേറ്റേഴ്‌സ് എന്ന ലോ കമ്പനി 47,000 പൗണ്ടാണ് വാഗ്ദാനം നല്‍കുന്നത്. എന്‍എച്ച്എസിന് സേവനം നല്‍കുന്ന സോഫ്റ്റ് വെയര്‍ കമ്പനിയായ ടിപിപി 45,000 പൗണ്ട് വരെ ഗ്രാജ്വേറ്റുകള്‍ക്ക് തുടക്ക ശമ്പളമായി വാഗ്ദാനം നല്‍കുന്നു. പബ്ലിക് സെക്ടര്‍ കമ്പനികളിലുള്‍പ്പെടെ ഒട്ടേറെ വേക്കന്‍സികള്‍ ഉടനെയുണ്ടാകുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ലണ്ടന്‍: ബ്രിട്ടീഷ് കൗമാരത്തിന് മേല്‍ യൂണിവേഴ്‌സിറ്റി പഠനം അടിച്ചേല്‍പ്പിക്കുന്നതായി പഠനം. മാതാപിതാക്കാളും സ്‌കൂള്‍ ടീച്ചേഴ്‌സും യൂണിവേഴ്‌സിറ്റി തലത്തില്‍ ഉപരിപഠനം നടത്താനാണ് മിക്ക കുട്ടികളെയും ഉപദേശിക്കുന്നത്. ചിലരെ നിര്‍ബന്ധപൂര്‍വ്വം യൂണിവേഴ്‌സിറ്റികളിലേക്ക് പറഞ്ഞയക്കുന്നതായും പഠനം വ്യക്തമാക്കുന്നു. യൂണിവേഴ്‌സിറ്റികളല്ലാതെ മറ്റൊരു പഠന മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിനോ അറിയുന്നതിനോ കുട്ടികള്‍ക്ക് കഴിയാതെ വരുന്നതിലെ പ്രധാന കാരണവും മാതാപിതാക്കളുടെയും അധ്യാപകരുടെയും ഇത്തരം നിര്‍ബന്ധങ്ങളാണെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു. 1500 വിദ്യാര്‍ത്ഥികളിലാണ് സര്‍വ്വേ നടത്തിയിരിക്കുന്നത്. ഇവരില്‍ നിന്ന് ശേഖരിച്ച വിവരങ്ങള്‍ പ്രകാരം 3ല്‍ 2 വിദ്യാര്‍ത്ഥികളോടും അധ്യാപകര്‍ യൂണിവേഴ്‌സിറ്റികളിലേക്ക് ചേക്കേറാന്‍ ഉപദേശം നല്‍കിയിരുന്നതായി വ്യക്തമാകുന്നു. 10ല്‍ 6 വിദ്യാര്‍ത്ഥികളോടും മാതാപിതാക്കള്‍ യൂണിവേഴ്‌സിറ്റി പഠനം സ്വീകരിക്കാനാണ് ആവശ്യപ്പെടുന്നതെന്നും സര്‍വ്വേ വ്യക്തമാക്കുന്നു. അഞ്ചില്‍ ഒരാളെ മതാപിതാക്കള്‍ വളരെ ശക്തമായ സമ്മര്‍ദ്ദം ചെലുത്തിയാണ് യൂണിവേഴ്‌സിറ്റി പഠനത്തിനായി അയച്ചിരിക്കുന്നത്. ഇവരില്‍ ഭൂരിഭാഗം പേര്‍ക്കും മറ്റൊരു സാധ്യതയും പ്രയോജനപ്പെടുത്താന്‍ കഴിയാത്ത വിധത്തിലാണ് മാതാപിതാക്കളുടെ ഇടപെടല്‍. ഇത് കുട്ടികളുടെ മാനസിക ആരോഗ്യത്തെ വരെ ബാധിക്കുമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. സര്‍വ്വേ പ്രകാരം പത്ത് പേരില്‍ 6 പേരും മാതാപിതാക്കളുടെ അല്ലെങ്കില്‍ ഇതര സോഷ്യല്‍ ഏജന്‍സികളുടെയോ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് യൂണിവേഴ്‌സിറ്റികളില്‍ എത്തുന്നത്. ഇത് വലിയ ആഘതാമുണ്ടാക്കും. സ്‌കൂള്‍ പഠനത്തിന് ശേഷം വീട്ടുകാരോട് ജിവിതത്തില്‍ ഇനി എന്ത് ചെയ്യാമെന്ന് ഉപദേശം ചോദിക്കുന്നവരും വളരെക്കൂടുതലാണ്. പത്തില്‍ 6 പേരും മാതാപിതാക്കളില്‍ നിന്നാണ് ഉപദേശം സ്വീകരിക്കുന്നത്. വലിയൊരു ശതമാനം പേര്‍ പ്രിയ്യപ്പെട്ട അധ്യാപകരില്‍ നിന്ന് ഉപദേശം സ്വീകരിക്കുന്നവരാണ്. ഇതൊന്നും കൂടാതെ കരിയര്‍ അഡൈ്വവസിംഗ് ഏജന്‍സികളെയും വ്യക്തികളെയും സമീപിക്കുന്നവരുമുണ്ട്. വിവിധ തലങ്ങളില്‍ നിരവധി സാധ്യതകളുണ്ടായിട്ടും നേരിട്ട് യൂണിവേഴ്‌സിറ്റികളിലേക്ക് പോകേണ്ടി വരുന്നതില്‍ വലിയൊരു ശതമാനം യുവതലമുറ അസംതൃപ്തരാണെന്നാണ് സര്‍വ്വേ വ്യക്തമാക്കുന്നത്.
RECENT POSTS
Copyright © . All rights reserved