facebook
. ന്യൂഡല്‍ഹി: ബി.ജെ.പിയോട് രാഷ്ട്രീയ പക്ഷപാതം കാണിക്കുന്നുവെന്ന ആരോപണങ്ങള്‍ക്ക് പിന്നാലെ ഫെയ്‌സ്ബുക്ക് ഇന്ത്യ പോളിസി ഡയറക്ടര്‍ അങ്കിദാസ് രാജിവച്ചു. ഫെയ്‌സ്ബുക്ക് ഇന്ത്യ എം.ഡി അജിത് മോഹനാണ് അങ്കി ദാസിന്റെ രാജിവാര്‍ത്ത പുറത്തുവിട്ടത്. ഫെയ്‌സ്ബുക്കിന്റെ ഇന്ത്യയിലെ ആദ്യകാല ജീവനക്കാരില്‍ ഒരാളായിരുന്നു അങ്കിദാസ്. ഫെയ്‌സ്ബുക്കിന്റെ വളര്‍ച്ചയില്‍ അവര്‍ നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുണ്ടെന്നും അജിത് മോഹന്‍ കൂട്ടിച്ചേര്‍ത്തു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച അങ്കിദാസിനെ പാര്‍ലമെന്ററി സമിതി രണ്ട് മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. ബി.ജെ.പി നേതാക്കളുടെ വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരെ ഫെയ്‌സ്ബുക്ക് നടപടി എടുക്കുന്നില്ലെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍. ഫെയ്‌സ്ബുക്ക് ഇന്ത്യയുടെ നയരൂപീകരണ വിഭാഗം മേധാവിയായ അങ്കിദാസിന് പുറമെ ബിസിനസ് വിഭാഗം മേധാവി അജിത്ത് മോഹനും പാര്‍ലമെന്ററി സമിതിക്ക് മുമ്പാകെ ഹാജരായി. വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലൂടെയാണ് ഫെയ്‌സ്ബുക്ക് ഇന്ത്യയുടെ നിഷ്പക്ഷതയില്‍ കരിനിഴല്‍ വീണത്. അങ്കി ദാസ് വഴി ഫെയ്‌സ്ബുക്ക് ബി.ജെ.പി അനുകൂല നിലപാട് സ്വീകരിക്കുന്നതായാണ് വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തത്. വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തിയിട്ടും ബി.ജെ.പി നേതാവ് രാജാ സിംഗിനെതിരെ നടപടി സ്വീകരിക്കാത്തത് ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയായിരുന്നു വാള്‍ സ്ട്രീറ്റിന്റെ വെളിപ്പെടുത്തല്‍. ഈ വിവാദങ്ങളാണ് അങ്കിദാസിന്റെ രാജിയില്‍ കലാശിച്ചിരിക്കുന്നത്. അതേസമയം ഫെയ്‌സ്ബുക്കിന് രാഷ്ട്രീയമില്ലെന്നും പുതിയ ആരോപണങ്ങള്‍ ഗൗരവത്തോടെയാണ് കാണുന്നതെന്നും കമ്പനി നേരത്തെ വ്യക്തമാക്കിയിരുന്നു. ഏത് വിധേനയുമുള്ള വെറുപ്പും വിദ്വേഷവും തള്ളിപ്പറയുന്നുവെന്നും ഫെയ്‌സ്ബുക്ക് വ്യക്തമാക്കി. ഫെയ്‌സ്ബുക്കിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ഡയറക്ടര്‍ നീല്‍ പോട്‌സ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഫെയ്‌സ്ബുക്കിനെതിരായ ആരോപണങ്ങള്‍ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതൃത്വം അയച്ച കത്തിനുള്ള മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മതം, ജാതി, വംശം, ദേശീയത തുടങ്ങിയവയുടെ പേരിലുള്ള വിദ്വേഷ പ്രചാരണം അനുവദിക്കില്ല. അത്തരം ഉള്ളടക്കം നീക്കം ചെയ്തിട്ടുണ്ട്. തുടര്‍ന്നും അപ്രകാരം ചെയ്യുമെന്നും കത്തില്‍ വ്യക്തമാക്കിയിരുന്നു.
സോഷ്യല്‍ മീഡിയ വമ്പന്‍മാര്‍ക്ക് ഡ്യൂട്ടി ഓഫ് കെയര്‍ ഏര്‍പ്പെടുത്തണമെന്ന് രക്ഷിതാക്കളില്‍ ഭൂരിപക്ഷവും അഭിപ്രായപ്പെടുന്നുവെന്ന് സര്‍വേ. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ കുട്ടികളെ സുരക്ഷിതരാക്കാന്‍ നിയമപരമായി ഉത്തരവാദിത്തബോധം നടപ്പാക്കുന്ന ഈ നിയന്ത്രണം ആവശ്യമാണെന്നാണ് എന്‍എസ്പിസിസി നടത്തിയ അഭിപ്രായ വോട്ടെടുപ്പില്‍ രക്ഷിതാക്കള്‍ വ്യക്തമാക്കിയത്. വോട്ടിംഗില്‍ പങ്കെടുത്തവരില്‍ പത്തില്‍ ഒമ്പതു പേരും ഇതേ അഭിപ്രായം അറിയിച്ചു. 2700ലേറെ ആളുകളിലാണ് പോള്‍ നടത്തിയത്. 11 മുതല്‍ 18 വയസ് വരെ പ്രായമുള്ള കുട്ടികളുടെ രക്ഷിതാക്കളില്‍ 92 ശതമാനം പേരും പൊതുജനങ്ങളില്‍ 89 ശതമാനം പേരും ഡ്യൂട്ടി ഓഫ് കെയറിനെ അനുകൂലിച്ചു. 11-12 വയസ് പരിധിയിലുള്ളവര്‍ക്ക് സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ ഒട്ടും സുരക്ഷിതമല്ലെന്ന് ഭൂരിപക്ഷവും അഭിപ്രായപ്പെടുന്നു. ഫെയിസ്ബുക്ക് ഒട്ടും സുരക്ഷിതമല്ലെന്നാണ് 70 ശതമാനം പേര്‍ പറയുന്നത്. മിക്ക സോഷ്യല്‍ നെറ്റ് വര്‍ക്കുകളും അതിന്റെ ഉപയോക്താക്കളുടെ ഏറ്റവും കുറഞ്ഞ പ്രായമായി പറയുന്നത് 13 വയസാണ്. എന്നാല്‍ പ്രായം പരിശോധിക്കാന്‍ ഫലപ്രദമായ സംവിധാനങ്ങളില്ല എന്നതാണ് വാസ്തവം. ഇതുകൊണ്ടു തന്നെ കുട്ടികള്‍ക്ക് അപകടകരമല്ല തങ്ങളുടെ പ്ലാറ്റ്‌ഫോം എന്ന കാര്യത്തില്‍ ഉറപ്പു നല്‍കാന്‍ സോഷ്യല്‍ മീഡിയ കമ്പനികള്‍ തയ്യാറാകണമെന്നാണ് എന്‍എസ്പിസിസി ആവശ്യപ്പെടുന്നത്. സോഷ്യല്‍ മീഡിയ കമ്പനികള്‍ക്ക് നിയമപരമായ ഡ്യൂട്ടി ഓഫ് കെയര്‍ ഏര്‍പ്പെടുത്തണമെന്ന് സര്‍ക്കാരിനു മേല്‍ സമ്മര്‍ദ്ദം ശക്തമായ സാഹചര്യത്തിലാണ് എന്‍എസ്പിസിസിയുടെ സര്‍വേ ഫലം പുറത്തു വരുന്നത്. ഗവണ്‍മെന്റിന്റെ ഓണ്‍ലൈന്‍ ഹാംസ് വൈറ്റ് പേപ്പര്‍ സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ക്ക് ലീഗല്‍ ഡ്യൂട്ടി ഓഫ് കെയര്‍ ഏര്‍പ്പെടുത്തണമെന്ന് ചാരിറ്റിയുടെ ചീഫ് എക്‌സിക്യൂട്ടീവ് പീറ്റര്‍ വാന്‍ലെസ് ആവശ്യപ്പെട്ടു.
ഗൂഗിള്‍, ഫെയിസ്ബുക്ക് എന്നിവയില്‍ കൂടി പ്രചരിക്കപ്പെടുന്ന വാര്‍ത്തകളില്‍ നിയന്ത്രണം കൊണ്ടുവരണമെന്ന് റിപ്പോര്‍ട്ട്. വാര്‍ത്തകളുടെ വിശ്വാസ്യത സംബന്ധിച്ച് ആശങ്കകള്‍ ഉയരുന്ന സാഹചര്യത്തിലാണ് സോഷ്യല്‍ മീഡിയ വാര്‍ത്തകളില്‍ മേല്‍നോട്ടത്തിന് റെഗുലേറ്ററെ നിയമിക്കണമെന്ന് ഗവണ്‍മെന്റ് പിന്തുണയോടെ നടത്തിയ റിവ്യൂ റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നത്. യുകെയുടെ വാര്‍ത്താ ഇന്‍ഡസ്ട്രിയുടെ ഭാവി സംബന്ധിച്ചുള്ള കെയണ്‍ക്രോസ് റിവ്യൂവിലാണ് ഈ നിര്‍ദേശമുള്ളത്. സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകള്‍ നല്‍കുന്ന സൈറ്റുകള്‍ വ്യാജവാര്‍ത്തകള്‍ തിരിച്ചറിയാന്‍ വായനക്കാരെ സഹായിക്കണമെന്നും നിലവാരമുള്ള വാര്‍ത്തകള്‍ സംബന്ധിച്ച് അവര്‍ക്ക് അറിവ് നല്‍കണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു. ലോക്കല്‍ ജേര്‍ണലിസത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി നികുതിയിളവുകള്‍ അനുവദിക്കണമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നുണ്ട്. ഇതിനേക്കാള്‍ ഉപരിയായി ഒരു പബ്ലിക് ഇന്ററസ്റ്റ് ന്യൂസ് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കണമെന്നും നിര്‍ദേശമുണ്ട്. ആര്‍ട്‌സ് കൗണ്‍സിലിന് തുല്യമായി പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനം വാര്‍ത്താ മേഖലയില്‍ സഹായം ആവശ്യമായ സ്ഥാപനങ്ങള്‍ക്ക് പബ്ലിക്, പ്രൈവറ്റ് ഫണ്ടുകള്‍ ലഭ്യമാക്കുന്നതിനായി പ്രവര്‍ത്തിക്കും. ഉന്നത നിലവാരത്തിലുള്ള മാധ്യമപ്രവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കാന്‍ ഉദ്ദേശിച്ച് നടത്തിയ സ്വതന്ത്ര റിവ്യൂ മുന്‍ മാധ്യമപ്രവര്‍ത്തകനായ ഡെയിം ഫ്രാന്‍സസ് കെയണ്‍ക്രോസ് ആണ് നടത്തിയത്. വാര്‍ത്താ പ്രസാധകര്‍ക്കും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ക്കും ഇടയില്‍ വാര്‍ത്തകള്‍ വിതരണം ചെയ്യപ്പെടുന്നതിലുള്ള ക്രമരാഹിത്യവും അസന്തുലിതാവസ്ഥയും ഇല്ലാതാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു. ഫെയിസ്ബുക്ക്, ഗൂഗിള്‍, ആപ്പിള്‍ തുടങ്ങിയവര്‍ തങ്ങളുടെ ഉപയോക്താക്കള്‍ക്ക് വിശ്വസിക്കാവുന്ന വാര്‍ത്തകള്‍ ഏതാണെന്ന് വ്യക്തമാക്കിക്കൊടുക്കണം. ഏതൊക്കെ വാര്‍ത്തകള്‍ക്കായിരിക്കണം ദൃശ്യത നല്‍കേണ്ടത് എന്നകാര്യത്തില്‍ കൂടുതല്‍ സുതാര്യത വരുത്തണം. ഈ ശ്രമങ്ങളെല്ലാം മേല്‍നോട്ടത്തിന് വിധേയമായി നടപ്പിലാക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സൈറ്റുകള്‍ ഏതു വിധത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് റെഗുലേറ്റര്‍ ആദ്യഘട്ടത്തില്‍ വിലയിരുത്തും. നിയന്ത്രണങ്ങള്‍ നടപ്പിലാക്കപ്പെടുന്നില്ലെങ്കില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന മുന്നറിയിപ്പും റിപ്പോര്‍ട്ട് നല്‍കുന്നുണ്ട്.
ലണ്ടന്‍: 15കാരി നടത്തിയ രഹസ്യ പാര്‍ട്ടി വീട് തകര്‍ത്തു. കഴിഞ്ഞ ശനിയാഴ്ച്ചയാണ് രക്ഷിതാക്കളെ ഞെട്ടിച്ചുകൊണ്ട് 15കാരിയായ മകള്‍ സ്വന്തം വീട്ടില്‍ നൂറിലധികം പേരെ പങ്കെടുപ്പിച്ചുകൊണ്ട് പാര്‍ട്ടി നടത്തിയത്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പത്തിലധികം പോലീസ് വാഹനങ്ങളാണ് സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയത്. ആരെയും അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ടുകളില്ല. തന്റെ മകളുടെ പ്രവൃത്തി അവശ്വസീനയമായിരുന്നുവെന്ന് മാതാവ് പ്രതികരിച്ചു. ഇവരുടെ പേര് വിവരങ്ങള്‍ പുറത്തുവട്ടിട്ടില്ല. കഴിഞ്ഞ ശനിയാഴ്ച്ച വൈകീട്ട് ആരംഭിച്ച പാര്‍ട്ടി വെളുക്കുവോളം നീണ്ടുനിന്നതായി അയല്‍വാസികള്‍ വ്യക്തമാക്കി. ഫെയിസ്ബുക്ക് വഴിയാണ് 15കാരി പാര്‍ട്ടി നടത്തുന്നതുമായി ബന്ധപ്പെട്ട് പരസ്യം നല്‍കിയത്. പരസ്യം മുഖേന ഏതാണ്ട് നൂറിലധികം പേരാണ് ഇവരുടെ വീട്ടിലെത്തിയത്. മുത്തശ്ശിക്കൊപ്പമാണ് വളരെക്കാലമായി പതിനഞ്ചുകാരി താമസിക്കുന്നത്. ശനിയാഴ്ച്ച ഉച്ചയ്ക്ക് പെണ്‍കുട്ടി സ്വന്തം വീട്ടിലെത്തി പാര്‍ട്ടിക്ക് വേണ്ട ഒരുക്കങ്ങള്‍ നടത്തുകയായിരുന്നു. ഈ സമയത്ത് വളരെ ദൂരത്ത് ജോലി ചെയ്യുകയായിരുന്നു മാതാവ്. മാതാപിതാക്കള്‍ക്ക് പാര്‍ട്ടിയെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിരുന്നില്ല. അസാധാരണമായി മുത്തശ്ശിയുടെ വീട്ടില്‍ നിന്ന് മകള്‍ സ്വന്തം വീട്ടിലെത്തിയത് തന്നെ ഞെട്ടിച്ചുവെന്ന് അമ്മ പറയുന്നു. പാര്‍ട്ടിയില്‍ നൂറിലധികം പേര്‍ പങ്കെടുത്തിരുന്നുവെന്നും വലിയ ശബ്ദത്തില്‍ വീടിനുള്ളില്‍ നിന്ന് പാട്ട് കേള്‍ക്കാമായിരുന്നുവെന്നും അയല്‍വാസികള്‍ പറയുന്നു. പാര്‍ട്ടിക്കിടയില്‍ മയക്കുമരുന്ന് ഉപയോഗം നടന്നതായി സൂചനയുണ്ട്. വീടിനുള്ളിലെ നിരവധി ഉപകരണങ്ങള്‍ തകര്‍ക്കപ്പെട്ടിട്ടുണ്ട്. ടി.വി, ബെഡ്, അടുക്കളയിലുണ്ടായിരുന്ന വസ്തുക്കള്‍, ജനല്‍ചില്ലുകള്‍ തുടങ്ങിയവ തകര്‍ക്കപ്പെട്ട വസ്തുക്കളില്‍പ്പെടുന്നു. വീടിനുള്ളില്‍ സൂക്ഷിച്ചിരുന്ന ഫര്‍ണിച്ചറുകള്‍ പുറത്തേക്ക് വലിച്ചിട്ടിരുന്നു. രഹസ്യ പാര്‍ട്ടിക്ക് പിന്നില്‍ പ്രത്യേക കാരണങ്ങള്‍ ഉണ്ടോയെന്ന് വ്യക്തമല്ല. ഇക്കാര്യം അന്വേഷിച്ച് വരികയാണ്. പാര്‍ട്ടിയോടനുബന്ധിച്ച് വലിയ കോലാഹലങ്ങള്‍ നടന്നതായി അയല്‍വാസികള്‍ സാക്ഷ്യപ്പെടുത്തുന്നു. സാധാരണയായി ഇത്തരം ശബ്ദങ്ങളൊന്നും ഉണ്ടാകാത്ത വീട്ടില്‍ ഇത്തരമൊരു പാര്‍ട്ടി നടന്നത് അവിശ്വസനീയമായി തോന്നിയതായും അയല്‍വാസികള്‍ പ്രതികരിച്ചു.
29 മില്യണ്‍ ഉപഭോക്താക്കളുടെ ഫെയിസ്ബുക്ക് അക്കൗണ്ടിലെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നതായി സമ്മതിച്ച് കമ്പനി. ഇ-മെയില്‍ വിലാസവും മൊബൈല്‍ നമ്പറുകളും ഉള്‍പ്പെടെയുള്ള വിവരങ്ങളാണ് ഹാക്കര്‍മാര്‍ ചോര്‍ത്തിയിരിക്കുന്നത്. അഞ്ചു കോടി ഫെയ്സ്ബുക്ക് അക്കൗണ്ടുകള്‍ ഹാക്കു ചെയ്യപ്പെട്ടതായി നേരത്തെ സ്ഥിരീകരിച്ചിരുന്നു. കമ്പനിയുടെ വൈസ്പ്രസിഡന്റുമാരില്‍ ഒരാളായ ഗെയ് റോസണാണ് (Guy Rosen) ഈ വിവരം അറിയിച്ചത്. സെപ്റ്റംബര്‍ 25-ാം തീയതിയാണ് സുരക്ഷാ പാളിച്ച കണ്ടെത്തുന്നത്. തുടര്‍ന്ന് അക്കൗണ്ടുകള്‍ സുരക്ഷിതമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായും ഫെയിസ്ബുക്ക് വ്യക്തമാക്കിയിരുന്നു. ഫെയിസ്ബുക്കിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സുരക്ഷാ വീഴ്ച്ചകളിലൊന്നാണ് ഇത്. ഫെയിസ്ബുക്ക് ഹെല്‍പ്പ് സെന്റര്‍ ഫീച്ചര്‍ ഉപയോഗിക്കുന്നതിലൂടെ നിങ്ങള്‍ക്കും അക്കൗണ്ട് ഹാക്ക് ചെയ്തിട്ടുണ്ടോയെന്ന് അറിയാന്‍ കഴിയും. ഹെല്‍പ്പ് സെന്ററില്‍ നല്‍കിയിട്ടുള്ള സുരക്ഷാ ക്രമീകരണങ്ങളില്‍ നിങ്ങളുടെ വിവരങ്ങള്‍ ചോര്‍ത്തപ്പെട്ടതായി സംശയം രേഖപ്പെടുത്തിയാല്‍ ടെക്‌നിക്കല്‍ ടീം ഇത് പരിശോധിച്ച് ഉപഭോക്താവിന് മറുപടി നല്‍കുന്നതാണ്. ഏതൊക്കെയാണ് ചോര്‍ത്തപ്പെട്ടതെന്ന് സംബന്ധിച്ച വിവരങ്ങളും ഉപഭോക്താവിന് ലഭ്യമാകും. അഞ്ച് കോടിയിലേറെപ്പേരുടെ അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തെപ്പെട്ടെങ്കിലും എല്ലാവരുടെയും മൊബൈല്‍ നമ്പറുകള്‍ തുടങ്ങിയ നഷ്ടപ്പെട്ടിട്ടില്ല. ഫെയിസ്ബുക്ക് നല്‍കിയിട്ടുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ ഉപയോഗപ്പെടുത്തി നിങ്ങളുടെ അക്കൗണ്ട് സുരക്ഷിതമായി സൂക്ഷിക്കുകയും ചെയ്യാന്‍ ഹെല്‍പ്പ് സെന്റര്‍ ഉപാകരപ്രദമാണ്. ഫെയ്സ്ബുക്കിന്റെ വ്യൂ ആസ് ('View As') ഫീച്ചര്‍ മുതലെടുത്താണ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടത്. അക്കൗണ്ട് പ്രൊഫൈല്‍ എഡിറ്റു ചെയ്യുമ്പോഴോ പ്രൊഫൈല്‍ ഫോട്ടോ മാറ്റുമ്പോഴൊ (edit your account details or the profile picture) കാണാന്‍ സാധിക്കുന്നതാണ് ഈ ഫീച്ചര്‍. നിങ്ങളുടെ അക്കൗണ്ട് മറ്റാരെങ്കിലുമാണെന്ന രീതിയില്‍ കാണാന്‍ അനുവദിക്കാനായി ആണ് ഇതുണ്ടാക്കിയിരുന്നത്. അക്കൗണ്ട് ടോക്കണ്‍സ് ഒരുതരം ഡിജിറ്റല്‍ താക്കോലുകളാണ്. ഒരാള്‍ ഫെയ്സ്ബുക്കിലേക്കു ലോഗ്-ഇന്‍ ചെയ്തു കഴിഞ്ഞാല്‍ പിന്നീട് ഓരോ തവണയും പാസ്വേഡ് കൊടുക്കുന്ന ശല്യം ഒഴിവാക്കാന്‍ വേണ്ടിയാണ് ഇത് നല്‍കിയിരിക്കുന്നത് എന്നാണ് കമ്പനി പറയുന്നത്. ഹാക്കര്‍മാര്‍ തങ്ങളുടെ കോഡിലേക്ക് കടന്നു കയറുകയാണ് ചെയ്തിരിക്കുന്നതെന്നാണ് ഫെയ്സ്ബുക്ക് വിശദീകരിച്ചിരിക്കുന്നത്. പ്രശ്നബാധിതരായ 5 കോടി ഉപയോക്താക്കളുടെ അക്സസ് ടോക്കണുകള്‍ റീസെറ്റു ചെയ്തു. ഒരു മുന്‍കരുതലെന്നവണ്ണം 4 കോടി ഉപയോക്താക്കളുടെ കൂടി അക്സസ് ടോക്കണുകള്‍ റീസെറ്റു ചെയ്തായി കമ്പനി അറിയിച്ചു. ഒപ്പം, വ്യൂ ആസ് ഫീച്ചര്‍ താത്കാലികമായി നിറുത്തിവെച്ചിട്ടുണ്ട്.
RECENT POSTS
Copyright © . All rights reserved