Music
സംഗീത പഠനം സ്റ്റേറ്റ് സ്‌കൂളുകളിലെ കുട്ടികള്‍ക്ക് അന്യമാകുന്നുവെന്ന് റിപ്പോര്‍ട്ട്. ഒട്ടേറെ സ്‌കൂളുകളുടെ പാഠ്യപദ്ധതിയില്‍ നിന്ന് മ്യൂസിക് പുറത്തായതായി ഹൗസ് ഓഫ് ലോര്‍ഡ്‌സ് വിലയിരുത്തുന്നു. മ്യൂസിക് എന്ന പാഠ്യവിഷയം ഇപ്പോള്‍ ഒരു അസ്തിത്വ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് റോയല്‍ കോളേജ് ഓഫ് മ്യൂസിക് അധ്യക്ഷന്‍ ലോര്‍ഡ് ബ്ലാക്ക് ബ്രെന്റ് വുഡ് പറഞ്ഞു. സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ സംഗീതത്തിന്റെ സ്ഥാനത്തെക്കുറിച്ചുള്ള ഒരു ചര്‍ച്ചയില്‍ ലോര്‍ഡ്‌സില്‍ സംസാരിക്കുമ്പോളാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. നമ്മുടെ സ്‌കൂളുകളില്‍ നിന്ന് സംഗീതം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. കുട്ടികളുടെ മൗലികാവകാശമാണെന്നിരിക്കെ ഈ വിഷയം ഇപ്പോള്‍ ഇന്‍ഡിപ്പെന്‍ഡന്റ് സ്‌കൂളുകളിലെ ഒരു പ്രത്യേക വിഭാഗത്തിന് വേണ്ടി മാത്രമായി ചുരുങ്ങിയിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സ്റ്റേറ്റ് സെക്ടറില്‍ ഇത് ഇല്ലാതായി. രാജ്യത്ത് സംഗീതം ഒരു അസ്തിത്വ പ്രതിസന്ധിയെ നേരിടുകയാണ്. ഗവണ്‍മെന്റിന്റെ ഭാഗത്തു നിന്ന് മൗലികമായ ഇടപെടലുകള്‍ ഉണ്ടായാല്‍ മാത്രമേ ഈ പ്രശ്‌നത്തിന് പരിഹാരം ഉണ്ടാകുകയുള്ളുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. റോയല്‍ കോളേജ് ഓഫ് മ്യൂസിക്കിന്റെ ഗ്രാജ്വേഷന്‍ സെറിമണിയില്‍ പങ്കെടുത്ത നിരവധി പേര്‍ തങ്ങളുടെ പ്രദേശങ്ങളില്‍ സംഗീതത്തിനുള്ള പ്രാധാന്യം കുറയുന്നതായി പരാതിപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് പാര്‍ലമെന്റില്‍ ഈ വിഷയം അവതരിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ അഞ്ചിലൊന്ന് സ്‌കൂളുകളിലെ ജിസിഎസ്ഇ പാഠ്യപദ്ധതിയില്‍ നിന്ന് മ്യൂസിക് ഒഴിവാക്കപ്പെട്ടിട്ടുണ്ട്. ഈ സമ്മറില്‍ ഇംഗ്ലണ്ടില്‍ ജിസിഎസ്ഇയില്‍ സംഗീതം പഠിച്ചിറങ്ങിയത് 35,000 കുട്ടികള്‍ മാത്രമാണ്. 2010നെ അപേക്ഷിച്ച് 23 ശതമാനത്തിന്റെ കുറവാണ് ഇക്കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്.
ന്യൂസ് ഡെസ്ക് പാട്ട് ആസ്വദിക്കാത്തവരായി ആരും തന്നെയുണ്ടാകില്ല. സംഗീതത്തിന് മനുഷ്യ മനസ്സിനെ സ്വാധീനിക്കാനുള്ള കഴിവ് ഏറെയാണ്. ജീവിത്തിലെ വിഷമഘട്ടങ്ങളില്‍ പോലും മനസ്സിന് ശാന്തത നല്‍കാന്‍ സംഗീതത്തിന് കഴിവുണ്ട്. ബസ്സിലോ കാറിലോ യാത്ര ചെയ്യുന്ന സമയത്ത് കേള്‍ക്കുന്ന ചില പാട്ടുകള്‍ നമ്മെ ഓര്‍മ്മകളിലേക്ക് തള്ളിവിടാറുണ്ട്. കുട്ടിക്കാലത്തെക്കുറിച്ചോ, വീട്, സുഹൃത്തുക്കള്‍ തുടങ്ങി പലവിധത്തിലുള്ള ഓര്‍മകളിലേക്ക് ചില പാട്ടുകള്‍ നമ്മെ കൊണ്ടെത്തിക്കും. പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ രോമാഞ്ചമുണ്ടാകുന്നത് ചിലരുടെ അനുഭവമാണ്. നിങ്ങള്‍ അങ്ങനെയുള്ള ആളാണോ? എങ്കില്‍ നിങ്ങളുടെ മസ്തിഷ്‌കത്തിന് ചില പ്രത്യേകതകളുണ്ട്. ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ മുന്‍ അണ്ടര്‍ഗ്രാജുവേറ്റ് മാത്യു സാക്ക്‌സ് നടത്തിയ പഠനമാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വികാരത്തെയും ഓര്‍മ്മകളെയും ഉണര്‍ത്താന്‍ കഴിയുന്ന സംഗീതത്തിൻറെ അപൂര്‍വ്വമായ കഴിവിനെക്കുറിച്ചാണ് സാക്ക്‌സിൻറെ പഠനം. 20 വിദ്യാര്‍ത്ഥികളിലാണ് പഠനം നടത്തിയത്. വികാരങ്ങളെയും ഓര്‍മ്മകളെയും ഉണര്‍ത്താന്‍ സംഗീതത്തിന് കഴിയുമെന്ന് അറിയിച്ച 10 പേരും പ്രത്യേക മാറ്റമൊന്നും സംഗീതം തങ്ങളിലുണ്ടാക്കുന്നില്ലെന്ന് വ്യക്തമാക്കിയ 10 പേരുമാണ് പഠനത്തില്‍ പങ്കെടുത്തത്. ഇവരുടെ 20 പേരുടെയും തലച്ചോറിൻറെ സ്‌കാന്‍ റിപ്പോര്‍ട്ടുകള്‍ എടുത്തപ്പോള്‍ സംഗീതവുമായി വൈകാരികവും ഭൗതികവുമായ അടുപ്പം സൂക്ഷിച്ചവരുടെ മസ്തിഷ്‌ക ഘടന വ്യത്യാസമുള്ളതാണെന്ന് വ്യക്തമായി. തലച്ചോറിലെ വികാരങ്ങളെ നിയന്ത്രിക്കുന്ന ഭാഗവും കേള്‍വിയെ നിയന്ത്രിക്കുന്ന ഭാഗവും തമ്മില്‍ നാഡീ കോശങ്ങളാല്‍ ശക്തമായി ബന്ധിപ്പിച്ചിരിക്കുന്നതായി കണ്ടെത്തി. ഈ ഭാഗങ്ങള്‍ തമ്മില്‍ കൂടുതല്‍ ആശയവിനിമയം ഇതു മൂലം സാധ്യമാകുന്നു. സംഗീതം കേള്‍ക്കുമ്പോള്‍ നിങ്ങളില്‍ രോമാഞ്ചമുണ്ടാകുന്നുണ്ടെങ്കില്‍ ഈ ഘടനയുള്ള മസ്തിഷ്‌കത്തിന് ഉടമയാണ് നിങ്ങളെന്ന് സാരം. പാട്ടുകളില്‍ നിന്ന് ലഭിക്കുന്ന ഇത്തരം ഉണര്‍ച്ചകള്‍ക്ക് മനുഷ്യ മനസ്സില്‍ ആഴ്ന്നു കിടക്കുന്ന ഓര്‍മ്മകളുമായി ഏറെ ബന്ധമുണ്ടെന്ന് മാത്യൂ സാക്ക്‌സ് നടത്തിയ പഠനം വ്യക്തമാക്കുന്നു. നിങ്ങളിലെ ഓര്‍മ്മകളെ ഉണര്‍ത്താനുള്ള കഴിവിനെ സംഗീതം ഉത്തേജിപ്പിക്കുന്നുവെന്ന് ചുരുക്കം. ഇത്തരം കഴിവുകളെ ഒരു ലബോറട്ടറികളിലും നിര്‍മ്മിച്ചെടുക്കുക സാധ്യമല്ല. സംഗീതം ആസ്വദിക്കുന്ന സമയത്തെ തലച്ചോറിന്റെ ചലനം എങ്ങനെയായിരിക്കുമെന്ന പഠിക്കുകയാണ് ഗവേഷണത്തിൻറെ അടുത്ത ഘട്ടത്തില്‍ സാക്ക്‌സ് ലക്ഷ്യമിടുന്നത്. മാനസിക രോഗങ്ങളുടെ ചികിത്സക്ക് ഈ കണ്ടുപിടിത്തം സഹായിക്കുമെന്നാണ് കരുതുന്നത്.
RECENT POSTS
Copyright © . All rights reserved