Students
ബ്രിട്ടനിലെ മുന്‍നിര യൂണിവേഴ്‌സിറ്റികളിലെ വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് മയക്കുമരുന്ന് മാഫിയ. പ്രൊഫഷണല്‍ ബിസിനസ് കാര്‍ഡുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയാണ് കച്ചവടം. പോലീസ് ഇക്കാര്യത്തില്‍ കണ്ണടയ്ക്കുകയാണെന്നും ആരോപണമുണ്ട്. ബിസിനസ് കാര്‍ഡുകളിലെ നമ്പറുകളില്‍ വിളിച്ചാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൊക്കെയിന്‍, എംഡിഎംഎ, കീറ്റാമിന്‍ തുടങ്ങിയ ക്ലാസ് എ മയക്കുമരുന്നുകള്‍ എത്തിച്ചു നല്‍കുകയാണ് ചെയ്യുന്നത്. ആദ്യമായി വീടുകളില്‍ നിന്ന് വിട്ട് താമസിക്കുന്ന വിദ്യാര്‍ത്ഥികളാണ് ഈ ഓഫറുകളില്‍ പലപ്പോഴും വീഴുന്നത്. ബിസിനസ് കാര്‍ഡുകളുടെ പിന്നില്‍ സ്റ്റേപ്പിള്‍ ചെയ്ത് സാമ്പിളുകള്‍ പോലും മയക്കുമരുന്ന് കച്ചവടക്കാര്‍ നല്‍കുന്നുണ്ടെന്ന് ഡെയിലി മെയില്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. നിരവധി വിദ്യാര്‍ത്ഥികളുടെ ജീവിതത്തിന് അവസാനം കുറിച്ച ക്ലാസ് എ മയക്കുമരുന്നുകള്‍ ബൈ വണ്‍ ഗെറ്റ് വണ്‍ ഓഫറിലും ഇവല്‍ നല്‍കുന്നുണ്ട്. പോലീസ് ഇക്കാര്യത്തില്‍ കാര്യമായ നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്നും അന്വേഷണം വ്യക്തമാക്കുന്നു. മയക്കുമരുന്ന് ഉപയോഗിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കെതിരെ യൂണിവേഴ്‌സിറ്റികള്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് 62 ശതമാനം വിദ്യാര്‍ത്ഥികള്‍ അഭിപ്രായപ്പെടുന്നതായി അടുത്തിടെ നടത്തിയ ഒരു സര്‍വേയില്‍ വ്യക്തമായിരുന്നു. മറ്റൊരു സര്‍വേയില്‍ 56 ശതമാനം വിദ്യാര്‍ത്ഥികള്‍ തങ്ങള്‍ മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്നവരാണെന്ന് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ നിരോധിത മയക്കുമരുന്നുകളുമായി പിടിക്കപ്പെടുന്ന വിദ്യാര്‍ത്ഥികളുടെ വിവരം പോലീസിന് കൈമാറരുതെന്നായിരുന്നു നാഷണല്‍ യൂണിയന്‍ ഓഫ് സ്റ്റുഡന്റ്‌സ് കഴിഞ്ഞ വര്‍ഷം ആവശ്യപ്പട്ടത്. വിദ്യാര്‍ത്ഥികള്‍ ക്രിമിനല്‍ പട്ടികയില്‍ പെടുന്നത് ഒഴിവാക്കുന്നതിനായാണ് ഈ നിര്‍ദേശം നാഷണല്‍ യൂണിയന്‍ ഓഫ് സ്റ്റുഡന്റ്‌സ് നല്‍കിയത്. ലീഡ്‌സ് യൂണിവേഴ്‌സിറ്റി, മാഞ്ചസ്റ്റര്‍ യൂണിവേഴ്‌സിറ്റി, നോട്ടിംഗ്ഹാം യൂണിവേഴ്‌സിറ്റി, ലണ്ടനിലെ ക്വീന്‍ മേരി യൂണിവേഴ്‌സിറ്റി എന്നിവയിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് മയക്കുമരുന്ന് കച്ചവടക്കാരുടെ ഓഫറുകള്‍ ലഭിച്ചതെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.
ലണ്ടന്‍: സ്‌കൂള്‍ വിദ്യാഭ്യാസ കാലഘട്ടത്തിലായിരിക്കും ഒരുപക്ഷേ കുട്ടികളെ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. പല കാരണങ്ങള്‍ കൊണ്ടും കുട്ടികളുടെ ചെറുതും വലുതുമായി വികൃതികള്‍ പഠനത്തെയും സമാനമായി ജീവിതത്തെയും ബാധിക്കും. യു.കെയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് പുറത്തുവരുന്ന കണക്കുകള്‍ ആശങ്കാജനകമാണ്. ഏതാണ്ട് 3000ത്തിലേറെ കുട്ടികളെ 'പഠിപ്പിക്കാന്‍' സ്‌കൂളുകള്‍ക്ക് സാധിക്കുന്നില്ല. ചെറുതും വലുതുമായി കുറ്റകൃത്യങ്ങള്‍ ചെയ്ത് സസ്‌പെന്‍ഷന്‍ വാങ്ങിക്കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തിലും ഗണ്യമായ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. മാതാപിതാക്കളെ സംബന്ധിച്ചടത്തോളം വലിയ നമ്പറാണിത്. സമീപ വര്‍ഷങ്ങളെക്കാളും കൂടുതല്‍ കുട്ടികളാണ് ഇത്തവണ അച്ചടക്ക നടപടികള്‍ നേരിട്ടേണ്ടി വന്നിരിക്കുന്നതെന്ന് ഡിപാര്‍ട്ട്‌മെന്റ് ഓഫ് എജ്യുക്കേഷന്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. അച്ചടക്കത്തോടെ പഠന സാഹചര്യത്തിലേക്ക് കുട്ടികളെ കൊണ്ടുവരുന്നത് വലിയ ശ്രമകരമായ ജോലിയാണ്. അച്ചടക്ക നടപടി നേരിടേണ്ടി വന്നിരിക്കുന്ന കുട്ടികള്‍ ചെയ്തിരിക്കുന്ന കുറ്റകൃത്യങ്ങള്‍ അതിന്റെ ഗൗരവം ബോധ്യപ്പെടുത്തുന്നതാണെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. അധ്യാപകരെ ഉപദ്രവിക്കുക, സഹപാഠികളോട് വര്‍ണ്ണവിവേചനം കാണിക്കുക, അപമാനിക്കുക, ശാരീരികമായി മറ്റു കുട്ടികളെ ഉപദ്രവിക്കുക, മയക്കുമരുന്ന് ഉപയോഗം, സഹപാഠികളെ മാനസികമായി ആഘാതമേല്‍പ്പിക്കുക തുടങ്ങിയവയാണ് പ്രധാനമായും സസ്‌പെന്‍ഡ് ചെയ്യപ്പെട്ടിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ ചെയ്തിരിക്കുന്ന കുറ്റകൃത്യങ്ങള്‍. സ്‌കൂളുകള്‍ 'പഠിപ്പിക്കുന്നതില്‍' പരാജയപ്പെട്ട 430 വിദ്യാര്‍ത്ഥികള്‍ പ്രൈമറി ക്ലാസുകളില്‍ ഉള്ളവരാണ്. ചെറുപ്രായത്തില്‍ തന്നെ കുട്ടികളില്‍ കാണപ്പെടുന്ന അക്രമവാസനയാണ് പ്രധാനമായും ഇവിടെ വില്ലനാകുന്നത്. സ്‌കൂളില്‍ നിന്ന് ഏറ്റവും കൂടുതല്‍ അച്ചടക്ക നടപടി നേരിട്ട വിദ്യാര്‍ത്ഥി 63 പ്രാവശ്യമാണ് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടത്. അതായത് 43ലധികം സ്‌കൂള്‍ ദിവസങ്ങള്‍ ഈ കുട്ടിക്ക് നഷ്ടപ്പെട്ടു. മറ്റൊരു വിദ്യാര്‍ത്ഥിയെ 22 പ്രാവശ്യം സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്, ഏതാണ്ട് 62 ദിവസമാണ് നഷ്ടമായത്. ദി സണ്‍ഡേ പീപ്പിള്‍ വിവരാവകാശ നിയമപ്രകാരം നേടിയെടുത്ത രേഖകളിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ചില കുട്ടികള്‍ക്ക് സാധാരണ സ്‌കൂളുകളിലെ ചുറ്റുപാടുമായി സഹകരിക്കാന്‍ കഴിയില്ലെന്നും അത്തരക്കാര്‍ മറ്റു വിദ്യാര്‍ത്ഥികളുടെ ജീവിതവും വിദ്യാഭ്യാസവും തകരാന്‍ കാരണമാകുമെന്നും റിയല്‍ എജ്യുക്കേഷന്‍ ക്യാംപെയിനേഴ്‌സ് ചെയര്‍മാന്‍ ചൂണ്ടിക്കാണിച്ചു.
യൂണിവേഴ്‌സിറ്റികളില്‍ പ്രവേശനത്തിനായി നല്‍കേണ്ട യുകാസ് ആപ്ലിക്കേഷന്‍ ഫോമില്‍ ഈ വര്‍ഷം മുതല്‍ അപേക്ഷകരുടെ മാനസിക വൈകല്യങ്ങളും രേഖപ്പെടുത്തണം. യുകാസ് ഫോമിന്റെ ഒരു സെക്ഷനില്‍ ഇവ കൂടി ഉള്‍പ്പെടുത്തണമെന്ന് യൂണിവേഴ്‌സിറ്റീസ് യുകെയുടെ മെന്റല്‍ ഹെല്‍ത്ത് തലവന്‍ ആവശ്യപ്പെട്ടു. ഭക്ഷണം കഴിക്കുന്നതിലുള്ള വൈകല്യങ്ങള്‍, ആത്മഹത്യാ പ്രവണത തുടങ്ങിയവയെക്കുറിച്ച് പ്രസ്താവന നല്‍കണമെന്നാണ് നിര്‍ദേശം. വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ മാനസികാരോഗ്യത്തെക്കുറിച്ച് സ്ഥാപനങ്ങളോട് വ്യക്തമാക്കുന്ന വിധത്തില്‍ യൂണിവേഴ്‌സിറ്റി പ്രവേശന സമ്പ്രദായം മാറണമെന്നും ഇത് ഫ്രഷേഴ്‌സ് വീക്കിനു മുമ്പായി ചെയ്യണമെന്നും യൂണിവേഴ്‌സിറ്റി ഓഫ് വെസ്റ്റ് ഇംഗ്ലണ്ട് വൈസ് ചാന്‍സലര്‍ സ്റ്റീവ് വെസ്റ്റ് പറഞ്ഞു. യുകാസില്‍ മാനസിക വൈകല്യങ്ങള്‍ രേഖപ്പെടുത്തുന്നതില്‍ നിന്ന് വിദ്യാര്‍ത്ഥികളെ മാറ്റി നിര്‍ത്തിയിരിക്കുകയായിരുന്നു. ഇത് ഒരു വൈകല്യമായി കണക്കാക്കുന്നതിനാലായിരുന്നു ഇപ്രകാരം ചെയ്തിരുന്നത്. യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളില്‍ വര്‍ദ്ധിച്ചു വരുന്ന മാനസികാരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് ആശങ്ക ഉയരുന്നതിനിടെയാണ് ഈ സമ്പ്രദായം ഏര്‍പ്പെടുത്താന്‍ ഒരുങ്ങുന്നതെന്ന പ്രത്യേകതയും ഉണ്ട്. ഒരു തലമുറ തന്നെ പരാജയത്തിലേക്ക് നീങ്ങുകയാണെന്ന മുന്നറിയിപ്പാണ് ഇക്കാര്യത്തില്‍ മന്ത്രിമാര്‍ നല്‍കുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങള്‍ക്കിടെ ബ്രിസ്റ്റോള്‍ യൂണിവേഴ്‌സിറ്റിയിലെ 10 വിദ്യാര്‍ത്ഥികളും യൂണിവേഴ്‌സിറ്റി ഓഫ് വെസ്റ്റ് ഇംഗ്ലണ്ടിലെ രണ്ട് വിദ്യാര്‍ത്ഥികളും ആത്മഹത്യ ചെയ്തിട്ടുണ്ട്. ഈ വിധത്തിലേക്ക് വിദ്യാര്‍ത്ഥികളുടെ മാനസിക പ്രശ്‌നങ്ങള്‍ ഉയരുന്നത് യൂണിവേഴ്‌സിറ്റികളിലേക്കുള്ള പ്രവേശനം നടന്നു വരുന്ന ഈ സമയത്ത് പരിഗണിക്കേണ്ട സുപ്രധാന വിഷയമാണെന്ന് പ്രൊഫസര്‍ വെസ്റ്റ് പറയുന്നു.
അതീവ പ്രശ്‌നക്കാരായ അഞ്ച് ബ്രിട്ടീഷ് വിദ്യാര്‍ത്ഥികളെ ഇന്ത്യയിലെ ഡൂണ്‍ സ്‌കൂളിലയച്ച് ചാനല്‍ 4ന്റെ സോഷ്യല്‍ എക്‌സ്പിരിമെന്റ്. വൈറ്റ്, വര്‍ക്കിംഗ്ക്ലാസ് പശ്ചാത്തലത്തില്‍ നിന്നുള്ള പഠനത്തില്‍ ഏറെ മോശവും അങ്ങേയറ്റം ഉഴപ്പന്‍മാരുമായ അഞ്ച് വിദ്യാര്‍ത്ഥികളെ ഡൂണ്‍ സ്‌കൂള്‍ വിദ്യാഭ്യാസം മാറ്റിമറിക്കുമോ എന്ന പരീക്ഷണമാണ് ചാനല്‍ 4 ഡോക്യുമെന്ററിക്കായി നടത്തിയത്. മൂന്ന് എപ്പിസോഡുകളിലായി സംപ്രേഷണം ചെയ്യുന്ന ഡോക്യുമെന്ററിയില്‍ ഇവരുടെ മാറ്റങ്ങള്‍ പ്രേക്ഷകരുടെ മുന്നിലെത്തുന്നു. ഇന്ത്യന്‍ ഡൂണ്‍ സ്‌കൂളുകളിലെ പഴയ മട്ടിലുള്ള വിദ്യാഭ്യാസ രീതിയും കടുത്ത അച്ചടക്കവും ഇവരെ വലിയ തോതില്‍ മാറ്റിയെന്നാണ് വിവരം. ഈ വ്യാഴാഴ്ച രാത്രി 9 മണിക്ക് ഡോക്യുമെന്ററിയുടെ ആദ്യ എപ്പിസോഡ് സംപ്രേഷണം ചെയ്യും. മെരുങ്ങുന്നതിനു മുമ്പായുള്ള വിദ്യാര്‍ത്ഥികളുടെ മാനസിക സംഘര്‍ഷങ്ങളും പെരുമാറ്റവും എല്ലാം ഡോക്യുമെന്ററിയില്‍ ചിത്രീകരിച്ചിരിക്കുന്നു. പലപ്പോഴും അധികൃതരുമായി ഇവര്‍ സംഘര്‍ഷത്തിലാകുന്നുമുണ്ട്. അഞ്ച് പേരും കഴിഞ്ഞ ജിസിഎസ്ഇ പരീക്ഷയില്‍ തോറ്റവരാണ്. അതുകൊണ്ടുതന്നെ ഇവരെ മാറ്റിയെടുക്കുകയെന്നത് അസാധ്യ കാര്യമെന്നായിരുന്നു പ്രാഥമിക വിലയിരുത്തല്‍. ഇവരില്‍ രണ്ടുപേര്‍ ഇനി പഠിക്കാനില്ലെന്ന തീരുമാനത്തില്‍ എത്തിയിരുന്നു. ആത്മവിശ്വാസമില്ലായ്മയായിരുന്നു ഇവരുടെ പ്രധാന പ്രശ്‌നം. ആദ്യ എപ്പിസോഡില്‍ ഇവരുടെ വിമത സ്വഭാവവും പശ്ചാത്തലവും മറ്റുമായിരിക്കും പരിചയപ്പെടുത്തുക. ബ്രൈറ്റണില്‍ നിന്നുള്ള ജെയ്ക്ക് (18), സൗത്ത് വെയില്‍സ് സ്വദേശിയായ ഈതാന്‍ (17), ബ്ലാക്ക്പൂള്‍ സ്വദേശി ഹാരി (18), ചെംസ്‌ഫോര്‍ഡ് സ്വദേശി ആല്‍ഫി (17), ഹള്‍ സ്വദേശി ജാക്ക് (18) എന്നിവരെയാണ് പരീക്ഷണത്തിന് വിധേയരാക്കിയത്. ഇവര്‍ക്ക് കണ്‍വെന്‍ഷണല്‍ സ്‌കൂളിംഗ് ആദ്യം ബുദ്ധിമുട്ടുള്ളതായി തോന്നിയെങ്കിലും പിന്നീട് അതിന്റെ ഭാഗമായി മാറിയെന്ന് സ്‌കൂള്‍ അധികൃതര്‍ പറയുന്നു. ആറ് മാസത്തിനുള്ളില്‍ത്തന്നെ കാര്യമായ മാറ്റങ്ങള്‍ ഇവരിലുണ്ടായി. ബ്രിട്ടീഷ് പബ്ലിക് സ്‌കൂളുകളുടെ മാതൃകയിലാണ് ഡൂണ്‍ സ്‌കൂളുകള്‍ അധ്യയനം നടത്തുന്നത്. 30 പേരുടെ ഷോര്‍ട്ട് ലിസ്റ്റില്‍ നിന്നാണ് അഞ്ചുപേരെ തിരഞ്ഞെടുത്തത്. ബ്രിട്ടനില്‍ നിന്ന് 4000 മൈല്‍ ഇപ്പുറത്ത് ഉത്തരാഖണ്ഡില്‍ ഹിമാലയന്‍ മലകള്‍ക്കിടയിലുള്ള സ്‌കൂളിലാണ് ഇവര്‍ക്ക് പ്രവേശനം നല്‍കിയത്. വര്‍ഷം 12,000 പൗണ്ടാണ് ഇവിടെ നല്‍കേണ്ടി വന്ന ഫീസ്. 12നും 18നുമിടയില്‍ പ്രായമുള്ള 500 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലായിരുന്നു ഇവര്‍ക്ക് പഠിക്കേണ്ടി വന്നത്.
ലണ്ടന്‍: സീനിയര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം അടുത്ത 5 വര്‍ഷത്തിനുള്ളില്‍ 6 ലക്ഷത്തിലേറെയായി ഉയരുമെന്ന് പ്രതീക്ഷ. കുടിയേറ്റം മൂലം കുട്ടികളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവാണ് ഇതിന് കാരണം. സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ 21 ശതമാനം വര്‍ദ്ധനയാണ് ഇക്കാലയളവില്‍ പ്രതീക്ഷിക്കുന്നതെന്ന് ഗവണ്‍മെന്റ് കണക്കുകള്‍ പറയുന്നു. ലേബര്‍ ഗവണ്‍മെന്റിന്റെ കാലഘട്ടത്തിലുണ്ടായ വര്‍ദ്ധിച്ച കുടിയേറ്റത്തിനു പിന്നാലെ 2000 മുതലാണ് കുട്ടികളുടെ എണ്ണം വര്‍ദ്ധിക്കാനാരംഭിച്ചത്. വിദേശത്തു നിന്നെത്തിയ സ്ത്രീകളിലെ പ്രസവ നിരക്ക് തദ്ദേശീയരായവരേക്കാള്‍ കൂടുതലാണെന്ന് ഗവണ്‍മെന്റ് കണക്കുകള്‍ വിലയിരുത്തുന്നു. ഈ വിധത്തില്‍ ജനസംഖ്യയിലുണ്ടായ വര്‍ദ്ധനവ് പ്രൈമറി സ്‌കൂളുകളില്‍ പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. മിക്ക സ്‌കൂളുകള്‍ക്കും ക്ലാസുകള്‍ കൂടുതലാക്കേണ്ടിവരികയോ ക്ലാസ്മുറികളുടെ വലിപ്പം കൂട്ടേണ്ടതായി വരികയോ ചെയ്തു. കുട്ടികള്‍ വളരുന്നതോടെ ഈ പ്രശ്‌നം ഇനി സെക്കന്‍ഡറി സ്‌കൂളുകളും നേരിടേണ്ടതായി വരികയാണ്. സ്‌കൂളുകളില്‍ പ്രവേശനം ലഭിക്കുന്നതില്‍ രാജ്യത്തൊട്ടാകെ പ്രശ്‌നങ്ങളുണ്ടെന്ന് അസോസിയേഷന്‍ ഓഫ് സ്‌കൂള്‍ ആന്‍ഡ് കോളേജ് ലീഡേഴ്‌സ് ജനറല്‍ സെക്രട്ടറി ജെഫ് ബാര്‍ട്ടണ്‍ പറഞ്ഞു. ചില മേഖലകളില്‍ സമീപത്തുള്ള കുട്ടികളെപ്പോലും പ്രവേശിപ്പിക്കാനാകാത്ത അവസ്ഥയാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. വരുന്ന അഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ കുട്ടികളുടെ എണ്ണം വര്‍ദ്ധിക്കുമെന്ന വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ പ്രാദേശികമായ സീറ്റ് ആവശ്യങ്ങള്‍ പരിഗണിച്ചുകൊണ്ടുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കണം. കുട്ടികള്‍ക്ക് അര്‍ഹവും ആവശ്യവുമായ വിദ്യാഭ്യാസം നല്‍കാന്‍ ഗവണ്‍മെന്റ് ഫണ്ടഡ് സ്‌കൂളുകളില്‍ സൗകര്യങ്ങള്‍ ഉറപ്പു വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 2016-17 വര്‍ഷത്തില്‍ 3.14 മില്യന്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രായമുള്ള കുട്ടികള്‍ യുകെയില്‍ ഉണ്ടായിരുന്നു. 2023-24 വര്‍ഷത്തോടെ ഇതില്‍ നിന്ന് 3.8 മില്യന്റെ വര്‍ദ്ധനവ് പ്രതീക്ഷിക്കാമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. നിലവില്‍ ഇംഗ്ലണ്ടിലെ സെക്കന്‍ഡറി സ്‌കൂളുകള്‍ പലതും ശേഷിക്കു മേലാണ് പ്രവര്‍ത്തിക്കുന്നതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
RECENT POSTS
Copyright © . All rights reserved