ലോക ശതകോടീശ്വരന്മാരുടെ പട്ടികയില്‍ പുതിയതായി 56 ഇന്ത്യക്കാര്‍. ഹാറൂണ്‍ ഗോബല്‍ എന്ന സ്ഥാപനമാണ് ലോകത്തിലെ അതി സമ്പന്നരുടെ പേരു വിവരങ്ങള്‍ പുറത്തു വിട്ടിരിക്കുന്നത്. നോട്ട് നിരോധനം ഉള്‍പ്പെടെ ഇന്ത്യയില്‍ അടുത്തിടെ സര്‍ക്കാര്‍ കൊണ്ടു വന്നിട്ടുള്ള സാമ്പത്തിക പരിഷ്‌കാരങ്ങള്‍ കോടിപതികളെ കാര്യമായി ബാധിച്ചിട്ടില്ലെന്നതാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

292,500 കോടി രൂപയുടെ സമ്പത്തുള്ള മുകേഷ് അംബാനിയാണ് ഇന്ത്യയിലെ ഏറ്റവും പണക്കാരനായി വ്യവസായി. ലോകത്തിലെ സമ്പന്നരുടെ പട്ടികയില്‍ പത്തൊമ്പതാം സ്ഥാനത്താണ് അംബാനി. ഏറ്റവും കൂടുതല്‍ ശതകോടീശ്വരന്‍മാരുള്ള രാജ്യമെന്ന ബഹുമതി ചൈനയ്ക്കാണ്. ഏതാണ്ട് 819 ശതകോടീശ്വരന്മാര്‍ ചൈനയ്ക്ക് സ്വന്തമായുണ്ട്. രണ്ടാം സ്ഥാനത്തുള്ള അമേരിക്കയിലെ ശതകോടീശ്വരന്മാരുടെ എണ്ണം വെറും 571 മാത്രമാണ്. ചൈനയിലെ ശതകോടീശ്വരന്മാരില്‍ 163 പേര്‍ വനിതകളാണ്.

ലോകത്തിന്റെ മൊത്തം ജിഡിപി യുടെ വളര്‍ച്ചാ ശതമാനത്തിന്റെ നല്ലൊരു പങ്കും അതി സമ്പന്നരുടെ വളര്‍ച്ചാ നിരക്കിന് തുല്ല്യമായി നിര്‍ണ്ണയിക്കപ്പെടുന്നതാണ്. 2694 ശതകോട്ടീശ്വരന്മാരാണ് ലോകത്തു ആകെയുള്ളത്. ആമസോണ്‍ ഉടമ 54കാരനായ ജെഫ് ബെസോസ് ആണ് ലോകത്തെ ഏറ്റവും വലിയ പണക്കാരന്‍. ഇന്ത്യയില്‍ നിന്നുമുള്ള പേടിഎം കമ്പനി ഉടമയായ വിജയ് ശേഖര്‍ ശര്‍മയുടെ വളര്‍ച്ച അതീവ വേഗത്തിലായിരുന്നു. ഇദ്ദേഹവും പുതിയ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

ഏറ്റവും പണക്കാരായ 10 ഇന്ത്യക്കാര്‍ ഇവരാണ്.

1. മുകേഷ് അംബാനി,
2. ലക്ഷ്മി മിത്തല്‍,
3. ദിലീപ് സാങ്വി,
4. ശിവ് നാടാര്‍,
5. ഗൗതം അദാനി,
6. സൈറസ് പൂനവാല,
7. അസിം പ്രേംജി,
8. ആചാര്യ ബാലകൃഷ്ണ,
9. ഉദയ് കൊടക്,
10. സാവിത്രി ജിന്‍ഡാല്‍.