ഉഭയകക്ഷി സെക്യൂരിറ്റി ബന്ധങ്ങള്‍ സ്ഥാപിക്കുന്നതിലും ശക്തമാക്കുന്നതിലും ഇന്ത്യ കൂടുതല്‍ തുറന്ന സമീപനം പുലര്‍ത്തുന്നത് തന്ത്രപരമായി മികച്ച അവസരമാണ് നല്‍കിയിരിക്കുന്നതെന്ന് യുഎസ് പസഫിക് കമാന്‍ഡ് തലവന്‍ അഡ്മിറല്‍ ഹാരി ഹാരിസ്. ആഗോള സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ ഒരുമിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഈ സഹകരണം ഉപയോഗിക്കാനാകുമെന്നാണ് കമാന്‍ഡര്‍ അഭിപ്രായപ്പെടുന്നത്. ഇന്ത്യ, അമേരിക്ക, ജപ്പാന്‍, ഓസ്‌ട്രേലിയ എന്നീ ഒരേ ദിശയില്‍ ചിന്തിക്കുന്ന രാജ്യങ്ങള്‍ ഒത്തുചേര്‍ന്നാല്‍ ഇന്തോ-പസഫിക് മേഖലയിലെ വെല്ലുവിളികള്‍ നേരിടാന്‍ കഴിയുമെന്ന് അദ്ദേഹം അമേരിക്കന്‍ സെനറ്റിന്റെ ആംഡ് സര്‍വീസ് കമ്മിറ്റിയെ അറിയിച്ചു.

രാഷ്ട്രീയം, സാമ്പത്തികം, സൈനികം തുടങ്ങിയ മേഖലകളില്‍ ഇന്ത്യയും അമേരിക്കയും സ്വാഭാവിക പങ്കാളികളാണ്. ജനാധിപത്യ മൂല്യങ്ങള്‍ ഇരുരാജ്യങ്ങളും പങ്കുവെക്കുന്നു. ഒരേ സമീപനങ്ങളാണ് പല കാര്യങ്ങളിലും ഇരു രാജ്യങ്ങള്‍ക്കും ഉള്ളത്. ഇന്തോ-പസഫിക് മേഖലയില്‍ പലപ്പോഴും സഹകരിച്ച് പ്രവര്‍ത്തിച്ചിട്ടിട്ടുമുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യയുമായി ചേരാനുള്ള മികച്ച അവസരമാണ് ഇപ്പോള്‍ ഉള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി. ആഗോള തലത്തിലുള്ള സന്തുലിതാവസ്ഥ, നിയമങ്ങള്‍ അടിസ്ഥാനമാക്കിയുള്ള അന്താരാഷ്ട്ര വ്യവസ്ഥ തുടങ്ങിയ കാര്യങ്ങളില്‍ ഇരുരാജ്യങ്ങള്‍ക്കും പരസ്പരപൂരകങ്ങളാകാമെന്നും അദ്ദേഹം വ്യക്തമാക്കി.

സമുദ്ര സുരക്ഷ, കടല്‍ക്കൊള്ളക്കെതിരായുള്ള പ്രവര്‍ത്തനങ്ങള്‍, തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍, പ്രകൃതിദുരന്തങ്ങളിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടങ്ങി വിവിധ മേഖലകളില്‍ യോജിച്ചുള്ള പ്രവര്‍ത്തനമാണ് ലക്ഷ്യമിടുന്നത്. പുതിയ രാഷ്ട്രീയ നേതാക്കളുടെ കടന്നുവരവോടെ ചേരിചേരാനയമെന്ന പഴയ സമീപനത്തില്‍ നിന്ന് ഇന്ത്യ പുറത്തു വരികയാണെന്നും സൈനിക ബന്ധങ്ങള്‍ ശക്തിപ്പെടുത്താനുള്ള നീക്കങ്ങള്‍ ഇന്ത്യയില്‍ നിന്നുണ്ടാകുന്നുണ്ടെന്നുമാണ് അമേരിക്കന്‍ സൈനികകേന്ദ്രങ്ങള്‍ വിലയിരുത്തുന്നത്.