ഇന്ത്യൻ ഗോൾകീപ്പറും മുൻ നായകനുമായ സുബ്രതാ പാൽ ഉത്തേജക മരുന്നു പരിശോധനയിൽ പരാജയപ്പെട്ടു. മാർച്ച് 18ന് മുംബൈയിൽ ഇന്ത്യൻ ടീമിന്‍റെ പരിശീലന ക്യാന്പിൽ വച്ച് ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി(നാഡ) നടത്തിയ പരിശോധനയിലാണ് അർജുന അവാർഡ് ജേതാവായ പാൽ നിരോധിച്ച ഉത്തേജക മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയത്.

മ്യാൻമറിനെതിരായ എഎഫ്സി ഏഷ്യൻ കപ്പും കന്പോഡിയക്കെതിരേയുള്ള സൗഹൃദ മത്സരവും കളിക്കാൻ പുറപ്പെടുന്നതിന് മുന്പ് നടത്തിയ ക്യാന്പിൽ വച്ചായിരുന്നു നാഡയുടെ പരിശോധന. സുബ്രതാ പാൽ ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ട കാര്യം അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ(എഫ്ഐഎഫ്എഫ്) ജനറൽ സെക്രട്ടറി കുശാൽ ദാസ് സ്ഥിരീകരിച്ചു. ഇനി ബി സാന്പിൾ പരിശോധനയ്ക്ക് അപേക്ഷ നൽകുകയോ അപ്പീൽ നൽകുകയോ ചെയ്യാം.

പശ്ചിമ ബംഗാൾ സ്വദേശിയായ സുബ്രതാ പാൽ ഐഎസ്എല്ലിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്‍റെയും ഐ ലീഗിൽ ഡിഎസ്കെ ശിവാജിയൻസിന്‍റേയും താരമാണ്. പാൽ ഉത്തേജക മരുന്നു പരിശോധനയിൽ പരാജയപ്പെട്ട കാര്യം ഡിഎസ്കെ ശിവാജിയൻസ് ടീം അധികൃതരെ അറിയിച്ചിട്ടുണ്ടെന്ന് കുശാൽ ദാസ് പറഞ്ഞു.

2007ൽ ഇന്ത്യൻ ദേശീയ ടീമിൽ എത്തിയ പാൽ 64 മത്സരങ്ങളിൽ ഗോൾവല കാത്തിട്ടുണ്ട്.