പാകിസ്ഥാന്‍ സ്ഥാപകനായ മുഹമ്മദ് അലി ജിന്നയുടെ വീട് പുതുക്കി പണിയാന്‍ പദ്ധതിയുമായി  ഇന്ത്യ. ദി ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സിന്റെ ആഭിമുഖ്യത്തിലാണ് പുതിയ പദ്ധതി നടപ്പിലാക്കുക. മുംബൈയിലെ ജിന്നയുടെ വസതി ഭാവിയില്‍ നയതന്ത്രപരമായ ആവശ്യങ്ങള്‍ ഉപയോഗപ്രദമാക്കുകയെന്ന ലക്ഷ്യം മുന്‍ നിര്‍ത്തിയാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നതെന്ന് ദി ഹിന്ദു പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. മുംബൈയിലെ പ്രസ്തുത കെട്ടിടം സൗത്ത് കോര്‍ട്ട് എന്നാണ് അറിയപ്പെടുന്നത്. മറ്റു വാക്കുകളില്‍ പറഞ്ഞാല്‍ ഇത് ജിന്നയുടെ വീടല്ല. ദി ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സിന് കീഴിലുള്ള കെട്ടിടമാണ് നിലവിലിത്. അസംഖ്യം കേസുകളില്‍പ്പെട്ട് കെട്ടിടം വര്‍ഷങ്ങളോളം ഉപയോഗിക്കാതെ കിടക്കുകയായിരുന്നു. പക്ഷേ ഇപ്പോള്‍ യാതൊരു സംശയവുമില്ലാതെ പറയാന്‍ കഴിയും കെട്ടിടം പുതുക്കി പണിയുകയാണ്. ഐസിസിആറിന്റെ പുതിയ തലവന്‍ വിനയ് സഹസ്രബുദ്ധ പറഞ്ഞു.

നയതന്ത്ര ആവശ്യങ്ങള്‍ ഉള്‍പ്പെടെ രാജ്യത്തിന്റെ പലവിധങ്ങളായ ഉപയോഗങ്ങള്‍ക്കായി കെട്ടിടം ലഭ്യമാക്കും. ഡെല്‍ഹിയിലെ ഹൈദരാബാദ് ഹൗസ് മാതൃകയിലുള്ള പ്രവര്‍ത്തനങ്ങളായിരിക്കും കെട്ടിടത്തില്‍ നടക്കുക. ഉപയോഗ ശൂന്യമായിരിക്കുന്ന ഈ കെട്ടിടം രാജ്യ താല്‍പ്പര്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ തീരുമാനിച്ചു കഴിഞ്ഞുവെന്നും വിനയ് സഹസ്രബുദ്ധ കൂട്ടിച്ചേര്‍ത്തു. 1947ലെ വിഭജനത്തിന് മുന്‍പ് ജിന്ന താമസിച്ചിരുന്ന വീടാണിത്. കെട്ടിടവുമായി ബന്ധപ്പെട്ട് നിരവധി കേസുകളും വിവാദങ്ങളും നിലനിന്നിരുന്നു. പാകിസ്ഥാന്‍ കെട്ടിടത്തിന് ഉടമസ്ഥാവകാശവാദമുന്നയിച്ച് രംഗത്തു വന്നിരുന്നു. പ്രസ്തുത കെട്ടിടത്തില്‍ കോണ്‍സുലേറ്റ് നിര്‍മ്മിക്കണമെന്നായിരുന്നു പാകിസ്ഥാന്റെ ആവശ്യം. കെട്ടിടം ജിന്നയുടെ സഹോദരി ഫാത്തിമ ജിന്നയ്ക്ക് നല്‍കിയിരുന്നതായി ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ജിന്നയുടെ മകള്‍ ദിന വാദിയയും കെട്ടിടത്തിന് അവകാശം ഉന്നയിച്ച് രംഗത്തു വന്നിരുന്നു. ദിന നല്‍കിയ പരാതി ഇപ്പോഴും ബോംബെ ഹൈക്കോടതിയില്‍ നിലനില്‍ക്കുന്നുണ്ട്. ഇന്ത്യന്‍ പൗരത്വം ഉണ്ടായിരുന്ന ദിന 2017 നവംബറില്‍ ന്യൂയോര്‍ക്കില്‍ വെച്ച് മരണപ്പെടുകയായിരുന്നു. കെട്ടിടം പരിഷ്‌കരിച്ച് നയന്ത്ര ആവശ്യങ്ങള്‍ക്ക് ഉപയോഗപ്രദമാക്കുകയെന്ന ഇന്ത്യയുടെ തീരുമാനം ഇസ്ലാമബാദിനെ സംബന്ധിച്ചടത്തോളം അത്ര സന്തോഷം നല്‍കുന്ന വാര്‍ത്തയല്ല. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ കെട്ടിടം പാകിസ്ഥാന് നല്‍കണമെന്ന് ഇന്ത്യന്‍ സര്‍ക്കാരിനോട് പാകിസ്ഥാന്‍ ആവശ്യപ്പെട്ടിരുന്നു. കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം പാകിസ്ഥാന്‍ സ്ഥാപകനായ ജിന്നയ്ക്കാണെന്നും അതുകൊണ്ടു തന്നെ വീട് ഞങ്ങള്‍ക്ക് വിട്ടു തരണമെന്നും പാക് സര്‍ക്കാര്‍ പറയുന്നു.