ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ വ്യക്തികളുടെ പട്ടിക ഫോബ്സ് പ്രസിദ്ധീകരിച്ചു. 51.4 ബില്യണ്‍ ഡോളറുമായി (ഏകദേശം 3.62 ലക്ഷം കോടി രൂപ) ഇത്തവണയും ഒന്നാമത് മുകേഷ് അംബാനി തന്നെ.15.7 ബില്യണ്‍ ഡോളറിന്റെ ആസ്തിയുമായി ഗൗതം അദാനിയാണ് രണ്ടാം സ്ഥാനത്ത്. കഴിഞ്ഞ തവണ അദാനി പത്താം സ്ഥാനത്തായിരുന്നു.

മൂന്നാം സ്ഥാനത്ത് 15.6 ബില്യണ്‍ ഡോളർ (ഏതാണ്ട് 11,08,78,56,00,000 ഇന്ത്യൻ രൂപ) ആസ്തിയുമായി അശോക് ലെയ്ലന്‍ഡിന്റെ ഉടമസ്ഥരായ ഹിന്ദുജ ബ്രദേഴ്സ് ആണ്. നാലാം സ്ഥാനത്ത് ഷപൂര്‍ജി പല്ലോന്‍ജി ഗ്രൂപ്പ് ഉടമ പല്ലോന്‍ജി മിസ്ത്രിയും അഞ്ചാം സ്ഥാനത്ത കൊട്ടക് മഹീന്ദ്ര ബാങ്ക് ഉടമ ഉദയ് കൊട്ടക്കും ആറാം സ്ഥാനത്ത് എച്ച് സി എല്‍ ടെക്നോളജീസ് ഉടമ ശിവ് നടാരുമാണ്.

രാധാകൃഷ്ണന്‍ ദമാനി (അവന്യൂ സൂപ്പര്‍മാര്‍ട്സ് ഉടമ) ഏഴാമതായും ആദി ഗോദ്റേജ് (ഗോദ്റേജ് ഗ്രൂപ്പ് ചെയര്‍മാന്‍) എട്ടാമതായും ലക്ഷ്മി മിത്തല്‍ ഒമ്പതാം സ്ഥാനത്തും കുമാരമംഗലം ബിര്‍ല പത്താം സ്ഥാനത്തുമാണ്. ആദ്യ മുപ്പത്തില്‍ ഇടം പിടിച്ച് ഒരെയൊരു മലയാളി യ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി മാത്രമാണ്.

4.3 ബില്യണ്‍ ഡോളര്‍ (ഏതാണ്ട് 3,05,57,09,00,000 ഇന്ത്യൻ രൂപ) ആസ്തിയുമായി യൂസഫലി 26-ാം സ്ഥാനത്താണ്. 3.1 ബില്യണ്‍ ഡോളറുമായി 43ാം സ്ഥാനത്ത് രവി പിള്ളയുണ്ട്. മുത്തൂറ്റ് ഫൈനാന്‍സ് ഉടമ എം.ജി ജോര്‍ജ് മുത്തൂറ്റ് (3.05 ബില്യണ്‍ ഡോളര്‍), ഇന്‍ഫോസിസ് മുന്‍വൈസ് ചെയര്‍മാന്‍ ക്രിസ് ഗോപാലകൃഷ്ണന്‍ (2.36 ബില്യണ്‍ ഡോളര്‍), ജെംസ് എഡ്യുക്കേഷന്‍ ഉടമ സണ്ണി വര്‍ക്കി (2.05 ബില്യണ്‍ ഡോളര്‍) എന്നിവരും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.

പഠന ആപ്പായ ബൈജൂസ് ആപ്പിന്റെ ഉടമ ബൈജു രവീന്ദ്രനും പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. 1.91 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള ബൈജു ആദ്യമായാണ് പട്ടികയില്‍ ഇടം നേടുന്നത്. മലയാളി ഡോക്ടര്‍ ഷംസീര്‍ വയലിന്‍ ആദ്യം നൂറിനുള്ളില്‍ ഇടം നേടിയിട്ടുണ്ട്. 1.41 ബില്യണ്‍ ഡോളറുമായി ഷംസീര്‍ 99-ാം സ്ഥാനത്താണ്.

അമേരിക്കന്‍ ബിസിനസ് മാഗസിനാണ് ഫോബ്‌സ്. രണ്ടാഴ്ചയില്‍ ഒരിക്കല്‍ പ്രസിദ്ധീകരിക്കുന്ന ഫോബ്‌സില്‍ ധനകാര്യം, വ്യവസായം, നിക്ഷേപം, വിപണനം തുടങ്ങിയ വിഷയങ്ങളും സാങ്കേതികവിദ്യ, വാര്‍ത്താവിനിമയം, ശാസ്ത്രം, നിയമം തുടങ്ങിയ വിഷയങ്ങളും മാസികയില്‍ ഉള്‍പ്പെടുത്താറുണ്ട്.