കപ്പല്‍ കമ്പനി തകര്‍ന്നു; ഗ്രേറ്റ് യാര്‍മൗത്തില്‍ കപ്പലില്‍ കുടുങ്ങി ഇന്ത്യക്കാരനായ നാവികന്‍; ഒന്നര വര്‍ഷമായിട്ടും മോചനമില്ല

കപ്പല്‍ കമ്പനി തകര്‍ന്നു; ഗ്രേറ്റ് യാര്‍മൗത്തില്‍ കപ്പലില്‍ കുടുങ്ങി ഇന്ത്യക്കാരനായ നാവികന്‍; ഒന്നര വര്‍ഷമായിട്ടും മോചനമില്ല
August 09 06:09 2018 Print This Article

ഒന്നര വര്‍ഷമായി ഗ്രേറ്റ് യാര്‍മൗത്ത് തുറമുഖത്ത് കപ്പലില്‍ കുടുങ്ങിയിരിക്കുകയാണ് ഇന്ത്യക്കാരനായ ക്യാപ്റ്റന്‍ നികേഷ് രസ്‌തോഗി. മാളവ്യ ട്വന്റി എന്ന ഇന്ത്യന്‍ കപ്പലിലാണ് രസ്‌തോഗി ഇത്രയും കാലമായി കാത്തിരിക്കുന്നത്. കപ്പല്‍ കമ്പനി തകര്‍ന്നതോടെയാണ് ഈ തുറമുഖത്തു നിന്ന് പുറപ്പെടാന്‍ കഴിയാതെ കപ്പല്‍ നങ്കൂരമിടേണ്ടി വന്നത്. കമ്പനി തകര്‍ന്നതോടെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ കഴിയാത്തതിന്റെയും പോര്‍ട്ട് ഫീസ് നല്‍കുന്നതിന്റെയും നിയമ പ്രശ്‌നങ്ങളും പ്രതിസന്ധിയായി. ഇതേത്തുടര്‍ന്ന് തുറമുഖം വിടാന്‍ കപ്പലിന് അനുവാദം ലഭിച്ചില്ല. 2017 മുതല്‍ ശമ്പളം പോലും ലഭിക്കാതെയാണ് രസ്‌തോഗി കപ്പലില്‍ കഴിയുന്നത്.

കപ്പല്‍ ഉപേക്ഷിച്ചു പോയാല്‍ കിട്ടാനുള്ള ശമ്പളം പോലും നഷ്ടമാകുമെന്നും ഇദ്ദേഹത്തിന് ആശങ്കയുണ്ട്. രസ്‌തോഗിക്കൊപ്പം മൂന്ന് ജീവനക്കാര്‍ കൂടി കപ്പലിലുണ്ട്. ഇത് ഉപേക്ഷിച്ചാല്‍ മറ്റാരെങ്കിലും കപ്പല്‍ എടുത്തുകൊണ്ടുപോകുമെന്ന ഭയവും ഇവര്‍ക്കുണ്ട്. ശമ്പളം നല്‍കാത്തതിനെത്തുടര്‍ന്ന് ജീവനക്കാര്‍ ഹൈക്കോടതിയിലെ അഡ്മിറാലിറ്റി മാര്‍ഷലിനെ സമീപിച്ചിരുന്നു. ഇവരുടെ പരാതിയില്‍ ഇപ്പോള്‍ കപ്പല്‍ അറസ്റ്റ് ചെയ്തിരിക്കുകയാണ്. ഇതനുസരിച്ച് കപ്പല്‍ വിറ്റ് ജീവനക്കാരുടെ ശമ്പളം നല്‍കാന്‍ കോടതിക്ക് ഉത്തരവിടാം. ഈ തീരുമാനം വന്നതോടെ ആഴ്ചകള്‍ക്കുള്ളില്‍ സ്വന്തം നാടായ മുംബൈയിലേക്ക് മടങ്ങാനാകുമെന്നാണ് രസ്‌തോഗി പ്രതീക്ഷിക്കുന്നത്.

കോടതി നിയോഗിക്കുന്ന ഒരു സര്‍വേയര്‍ കപ്പലിലെത്തി അതിന്റെ മൂല്യം നിര്‍ണ്ണയിക്കും. അതിനു ശേഷം സെപ്റ്റംബറോടെ കപ്പല്‍ വില്‍ക്കാനാകുമെന്ന് ജീവനക്കാര്‍ക്കു വേണ്ടി കോടതിയില്‍ ഹാജരായ ലോ ഫേം ബേര്‍ക്കറ്റ്‌സ് പറഞ്ഞു. 7 ലക്ഷം മുതല്‍ 8 ലക്ഷം പൗണ്ട് വരെ മൂല്യമുള്ളതാണ് കപ്പലെന്ന് ഇന്റര്‍നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ ഇന്‍സ്‌പെക്ടര്‍ പോള്‍ കീനാന്‍ വിലയിരുത്തുന്നു. ഈ പണം ശമ്പള കുടിശികയും പോര്‍ട്ട് ഫീ കുടിശികയും അഡ്മിറാലിറ്റി മാര്‍ഷല്‍ ചെലവുകളും നെഗോഷ്യേഷന്‍, വക്കീല്‍ ഫീസുകളും നല്‍കാന്‍ മതിയാകുമെന്നാണ് കരുതുന്നത്.

  Article "tagged" as:
  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles