ലോകശക്തിയെന്ന പദവിയിലേക്കുള്ള പാതയിലാണ് ഇന്ത്യ നീങ്ങുന്നതെന്ന് പെന്റഗണ്‍ ഇന്റലിജന്‍സ് തലവന്‍. ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സിയുടെ ഡയറക്ടറായ ലഫ്റ്റനന്റ് ജനറല്‍ റോബര്‍ട്ട് ആഷ്‌ലിയാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. അമേരിക്കന്‍ സെനറ്റിന്റെ ആംഡ് സര്‍വീസസ് കമ്മിറ്റിക്കു മൂന്നില്‍ മുന്നറിയിപ്പിന്റെ രൂപത്തിലാണ് ആഷ്‌ലി ഇക്കാര്യം അറിയിച്ചത്. ഇന്ത്യയുടെ സൈനികശേഷി ഈ പദവിയിലേക്കുള്ള യാത്രയില്‍ നിര്‍ണ്ണായകമാണെന്ന് ന്യൂഡല്‍ഹിക്ക് വ്യക്തമായി അറിയാമെന്ന് ആഷ്‌ലി പറയുന്നു. സൈന്യത്തിന്റെ ആധുനികവല്‍ക്കരണം ഈ ലക്ഷ്യം മുന്‍നിര്‍ത്തി ഇന്ത്യ നടത്തി വരികയാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ ആഭ്യന്തരമായി നിര്‍മിച്ച ആദ്യത്തെ ആണവ മുങ്ങിക്കപ്പല്‍ ഐഎന്‍എസ് അരിഹന്ത് കമ്മീഷന്‍ ചെയ്തുകഴിഞ്ഞു. ഈ ശ്രേണിയിലെ രണ്ടാമത്തെ മുങ്ങിക്കപ്പലായ ഐഎന്‍എസ് അരിഘാത് ഈ വര്‍ഷം നാവികസേനയ്ക്ക് സ്വന്തമാകും. ഏഷ്യയിലെമ്പാടുമുള്ള നയതന്ത്ര, സാമ്പത്തിക ബന്ധങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം രാജ്യത്തിന്റെ താല്‍പര്യങ്ങള്‍ ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ സംരക്ഷിക്കുന്നതിനുള്ള വലിയ ശ്രമങ്ങളും ഇന്ത്യ നടത്തി വരികയാണെന്നും ആഷ്‌ലി വ്യക്തമാക്കി.

നിയന്ത്രണ രേഖയില്‍ പാകിസ്ഥാനുമായുള്ള സംഘര്‍ഷങ്ങള്‍ സാവധാനം വര്‍ദ്ധിച്ചു വരികയാണ്. ഡോക്ലാം അതിര്‍ത്തിയിലെ സംഘര്‍ഷങ്ങള്‍ ചൈനയുമായുള്ള ബന്ധത്തിലും പ്രതിസന്ധികളുണ്ടാക്കിയിട്ടുണ്ട്. ഇത് ഇരു വശത്തെയും സൈനിക സന്നാഹങ്ങള്‍ വര്‍ദ്ധിപ്പിക്കുന്ന സ്ഥിതിവിശേഷത്തിലേക്കാണ് നയിച്ചിരിക്കുന്നത്. ഈ സംഘര്‍ഷങ്ങള്‍ 2018ലും തുടരുമെന്നും ആഷ്‌ലി വ്യക്തമാക്കി.