രാജ്യത്ത് മാസ്കുകള്‍ക്കും സുരക്ഷാവസ്ത്രങ്ങള്‍ക്കും ക്ഷാമം നിലനില്‍ക്കെ സെര്‍ബിയയ്ക്ക് അവ കയറ്റുമതി ചെയ്ത് കേന്ദ്ര സര്‍ക്കാര്‍. മാസ്കുകളടക്കമുള്ള 90 ടണ്‍ സുരക്ഷാവസ്ത്രങ്ങളാണ് ഇന്ത്യ സെര്‍ബിയയ്ക്ക് അയച്ചു നല്‍കിയതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. യുനൈറ്റഡ് നാഷന്‍സ് ഡവലപ്മെന്റ് പ്രോഗ്രാം (യുഎന്‍ഡിപി) മാര്‍ച്ച് 29ന് ഒരു ട്വീറ്റ് ചെയ്തിരുന്നു. 90 ടണ്‍ സുരക്ഷാവസ്ത്രങ്ങള്‍ ഇന്ത്യയില്‍ നിന്നും വാങ്ങി എന്നറിയിക്കുന്ന ട്വീറ്റായിരുന്നു അത്. സെര്‍ബിയന്‍ സര്‍ക്കാര്‍ വാങ്ങിയ ഈഈ സുരക്ഷാവസ്ത്രങ്ങള്‍ക്ക് ഫണ്ട് നല്‍‍കിയത് യൂറോപ്യന്‍ യൂണിയനാണെന്നും, അവ കൊണ്ടുവരാനുള്ള വിമാനം തയ്യാറാക്കിയതും, അതിവേഗത്തില്‍ അവയുടെ ലഭ്യത ഉറപ്പാക്കിയതുമെല്ലാം യുഎന്‍ഡിപി ആണെന്നും ട്വീറ്റ് പറയുന്നുണ്ട്.

അതെസമയം ഇത്തരമൊരു വില്‍പ്പന നടന്ന കാര്യത്തെക്കുറിച്ച് അറിയില്ലെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം പറയുന്നത്.

90 ടണ്‍ സാധനങ്ങളാണ് വിമാനത്തില്‍ കയറ്റിവിട്ടത്. ഇതില്‍ 50 ടണ്‍ സര്‍ജിക്കല്‍ ഗ്ലൗസുകളുണ്ട്. ഇതുകൂടാതെ മാസ്കുകളും മറ്റുമുണ്ട്. ഇവയെല്ലാം ഇന്ത്യയിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഇപ്പോള്‍ അവശ്യം വേണ്ടവയാണ്. പലയിടത്തും ഇവയുടെ കടുത്ത ക്ഷാമം നിലനില്‍ക്കുന്നുമുണ്ട്.

മാര്‍ച്ച് 29നും ഇതേപോലെ സുരക്ഷാ വസ്ത്രങ്ങള്‍ കയറ്റി അയച്ചിരുന്നതായി കൊച്ചി എയര്‍പോര്‍ട്ട് വക്താവ് പറഞ്ഞതായി എന്‍ഡിടിവി പറയുന്നു. ഇക്കാര്യം കൊച്ചിന്‍ കസ്റ്റംസ് ട്വീറ്റ് ചെയ്തിട്ടുണ്ട്.

ഇതര രാജ്യങ്ങളില്‍ നിന്നും പരമാവധി സുരക്ഷാ വസ്ത്രങ്ങള്‍ ഒപ്പിക്കാനുള്ള ശ്രമത്തിലാണ് തങ്ങളെന്നും സൈര്‍ബിയയിലേക്ക് കയറ്റി അയച്ച കാര്യത്തെക്കുറിച്ച് അറിയില്ലെന്നുമാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ വിശദീകരണം. രാജ്യത്ത് വേണ്ടത്ര സുരക്ഷാ വസ്ത്രങ്ങളില്ലാതെ രോഗികളോട് ഇടപെട്ട നൂറിലധികം ഡോക്ടര്‍മാര്‍ ക്വാറന്റൈനിലാണ്. പലര്‍ക്കും രോഗബാധയും ഉണ്ടായിട്ടുണ്ട്. ഡോക്ടര്‍മാര്‍ റെയിന്‍കോട്ടുകളും ഹെല്‍മെറ്റുമെല്ലാമാണ് സുരക്ഷാ വസ്ത്രങ്ങള്‍ക്ക് പകരമായി ഉപയോഗിക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

ഇവയുടെ ക്ഷാമം തീര്‍ക്കാര്‍ ദക്ഷിണ കൊറിയയില്‍ നിന്നും ചൈനയില്‍ നിന്നുമെല്ലാം സുരക്ഷാവസ്ത്രങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ ഇന്ത്യ ശ്രമിക്കുന്നതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. സുരക്ഷാ വസ്ത്രങ്ങളില്ലാതെ ജോലി ചെയ്യാനാകില്ലെന്ന് ചൂണ്ടിക്കാട്ടി ഉത്തര്‍പ്രദേശിലെ 4700ഓളം ആംബുലന്‍സ് ഡ്രൈവര്‍മാര്‍ സമരം ചെയ്തത് കഴിഞ്ഞദിവസങ്ങളിലാണ്.

രാജ്യത്തെ കൊറോണ പകര്‍ച്ചയുടെ നിരക്ക് അടുത്ത ദിവസങ്ങളില്‍ വര്‍ധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സുരക്ഷാ വസ്ത്രങ്ങളുടെ ലഭ്യതക്കുറവ് വരുന്നത് ആശങ്ക വളര്‍ത്തുന്നുണ്ട്.