ന്യൂസ് ഡെസ്ക്

ആണവായുധങ്ങൾ വഹിക്കാൻ കഴിയുന്ന ബാലിസ്റ്റിക് മിസൈൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഇന്ത്യയിൽതന്നെ പൂർണ്ണമായി വികസിപ്പിച്ചെടുത്ത 55 അടി നീളമുള്ള അഗ്നി 5 എന്ന ബാലിസ്റ്റിക് മിസൈലാണ് പരീക്ഷിച്ചത്. 5,000 കിലോമീറ്ററുകൾ ഇതിന് ആക്രമണ പരിധിയുണ്ട്. ചൈനയും ഏഷ്യ മുഴുവനും  യൂറോപ്പിന്റെ ഭാഗങ്ങളും ആഫ്രിക്കയും  മിസൈലിന്റെ പരിധിയിൽ വരും. ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചത് ഒറീസയിലെ അബ്ദുൾ കലാം ഐലൻഡിൽ നിന്നാണ്. ഇന്നലെ രാവിലെ 9.53 നായിരുന്നു വിക്ഷേപണം നടന്നത്. 1500 കിലോഗ്രാം ഭാരം മിസൈലിന് വഹിക്കാനാകും.

പ്രകോപനമുണ്ടായാൽ ചൈനയുടെ തന്ത്രപ്രധാനമായ കേന്ദ്രങ്ങളിൽ ഉടൻ തന്നെ പ്രഹരിക്കാൻ ശേഷി ഉള്ള പോർമുനയാണ് ഇന്ത്യ വികസിപ്പിച്ചിരിക്കുന്നത്. ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി തർക്കം രൂക്ഷമായിരിക്കുന്ന അവസരത്തിൽ നടന്ന പരീക്ഷണം ചൈന ഗൗരവമായാണ് കാണുന്നത്. പരീക്ഷണ വിക്ഷേപണം വിജയകരമായിരുന്നുവെന്ന് പ്രതിരോധമന്ത്രി നിർമ്മല സീതാരാമൻ മാധ്യമങ്ങളെ അറിയിച്ചു. ഇന്ത്യയുടെ സ്ട്രാറ്റജിക് ഫോഴ്സസ് കമാൻഡിലേക്ക് ഈ വർഷം തന്നെ ഈ മിസൈൽ ചേർക്കാനുള്ള തയ്യാറെടുപ്പുകളാണ് നടന്നു വരുന്നത്. അതോടെ ഇന്റർ കോണ്ടിനെന്റെൽ ബാലിസ്റ്റിക് മിസൈലുകൾ ഉള്ള രാജ്യങ്ങളുടെ എലൈറ്റ് ക്ലബിൽ ഇന്ത്യയും അംഗമാകും. അമേരിക്ക, റഷ്യ, ചൈന, ഫ്രാൻസ്, യുകെ എന്നീ രാജ്യങ്ങൾ നിലവിൽ ഈ ക്ലബിൽ ഉണ്ട്.