പ്രതീക്ഷകളുടെ അമിത ഭാരം ഇന്ത്യയെ അലസരാക്കി. ഫിഫ റാങ്കിങ്ങിൽ 187–ാം സ്ഥാനക്കാരായ ബംഗ്ലദേശിനെതിരെ ഇന്ത്യയ്ക്കു നാണംകെട്ട സമനില. സന്ദർശകരുടെ ടീമിൽ കൊള്ളാവുന്ന ഒരു സ്ട്രൈക്കർ ഇല്ലാതിരുന്നതു കൊണ്ടാണ്, 103–ാം സ്ഥാനക്കാരായ ഇന്ത്യ തോൽവിയിൽനിന്നു രക്ഷപ്പെട്ടത്! 42–ാം മിനിറ്റിൽ നേടിയ ഗോളോടെ ബംഗ്ലദേശ് വിങ്ങർ നിശ്ശബ്ദമാക്കിയ സോൾട്ട് ലേക്ക് സ്റ്റേഡിയത്തെ ഇന്ത്യൻ പ്രതിരോധനിരതാരം ആദിൽ ഖാൻ ഒടുവിൽ ജീവൻവെപ്പിച്ചു. മത്സരം അവസാനിക്കാൻ 3 മിനിറ്റ് ശേഷിക്കെ ആദിൽ നേടിയ ഗോളിൽ ഇന്ത്യയ്ക്കു സമനില.

മികച്ച ഗോൾവ്യത്യാസത്തിൽ ജയിക്കാമെന്ന കണക്കുകൂട്ടലിൽ ഇറങ്ങിയ ഇന്ത്യ ബംഗ്ലദേശിന്റെ കടുകട്ടി പ്രതിരോധത്തിനു മുന്നിൽ പകച്ചുപോയി. മത്സരത്തിന്റെ ആദ്യാവസാനം മുൻതൂക്കം നിലനിർത്താനായെങ്കിലും ഫിനിഷിങ്ങിലെ പോരായ്മയും മുന്നേറ്റനിരയുടെ ഒത്തിണക്കമില്ലായ്മയും ഇന്ത്യയ്ക്കു തിരിച്ചടിയായി.

ഇതിനിടെ ലീഡ് ഉയർത്താനുള്ള പല സുവർണാവസരങ്ങൾ ബംഗ്ലദേശും പാഴാക്കി. അടുത്ത മാസം 14ന് അഫ്ഗാനിസ്ഥാന് എതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.2 പോയിന്റുള്ള ഇന്ത്യ ഗ്രൂപ്പ് ഇയിൽ 4–ാം സ്ഥാനത്തു തുടരുന്നു. ഖത്തർ (7 പോയിന്റ്), ഒമാൻ (6) എന്നിവർ മുന്നിട്ടുനിൽക്കുന്ന ഗ്രൂപ്പിൽ ബംഗ്ലദേശാണ് (1) അവസാന സ്ഥാനത്ത്. ആദ്യ 3 കളിയിൽനിന്ന് 2 പോയിന്റ് മാത്രമുള്ള ഇന്ത്യയ്ക്ക് ഇനിയുള്ള എല്ലാ മത്സരങ്ങളും നിർണായകമാണ്.

ഇന്ത്യൻ നിരയിൽ മലയാളികളായ അനസ് എടത്തൊടിക, ആഷിക് കുരുണിയൻ, സഹൽ അബ്ദുൽ സമദ് എന്നിവർ പ്ലേയിങ് ഇലവനിൽ ഇറങ്ങി.