വിടവാങ്ങല്‍ മല്‍സരത്തില്‍ റെക്കോര്‍ഡുകള്‍ തിരുത്തി അലിസ്റ്റര്‍ കുക്കിന്റെ അവിസ്മരണീയ കുതിപ്പ്. ഓവല്‍ ടെസ്റ്റില്‍ കരിയറിലെ 33–ാം സെഞ്ചുറി നേടിയ കുക്ക്, അരങ്ങേറ്റ ടെസ്റ്റിലും വിരമിക്കല്‍ മല്‍സരത്തിലും സെഞ്ചുറി നേടുന്ന അഞ്ചാമത്തെ താരമായി മാറി. 2006ല്‍ നാഗ്പൂരില്‍ ഇന്ത്യയ്ക്കെതിരെ അരങ്ങേറ്റം കുറിച്ച കുക്ക് രണ്ടാമിന്നിങ്സില്‍ സെഞ്ചുറി നേടിയിരുന്നു. അവസാന മല്‍സരത്തില്‍ മറ്റൊരു നേട്ടവും കുക്കിന് സ്വന്തമായി. ടെസ്റ്റ് ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ശ്രീലങ്കയുടെ കുമാര്‍ സങ്കക്കാരയെ മറികടന്ന് അഞ്ചാംസ്ഥാനത്തെത്തി. ഇടങ്കയ്യന്‍ ബാറ്റ്സ്മാന്‍മാരില്‍ ഏറ്റവുമധികം റണ്‍സ് നേടിയ ബാറ്റ്സ്മാനെന്ന റെക്കോര്‍ഡും കുക്കിന്റെ പേരിലായി.

209 പന്തിൽ എട്ടു ബൗണ്ടറികളോടെയാണ് കുക്ക് വിരമിക്കൽ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ സെഞ്ചുറി നേടി ചരിത്രമെഴുതിയത്. കുക്കിന്റെ സെഞ്ചുറിയുടെയും ക്യാപ്റ്റൻ ജോ റൂട്ടിന്റെയും അർധസെഞ്ചുറിയുടെയും മികവിൽ നാലാം ദിനം ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ 74 ഓവറിൽ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തിൽ 243 റൺസ് എന്ന നിലയിലാണ് ഇംഗ്ലണ്ട്. കുക്ക് 103 റൺസോടെയും റൂട്ട് 92 റൺസോടെയും ക്രീസിൽ. 222 പന്തിൽ എട്ടു ബൗണ്ടറികളോടെയാണ് കുക്ക് 103 റൺസെടുത്തത്. 132 പന്തുകൾ നേരിട്ട റൂട്ട് ആകട്ടെ, 11 ബൗണ്ടറിയും ഒരു സിക്സും നേടി.