കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ആദ്യമായി ഫോളോ ഓൺ നാണക്കേട് ഏറ്റുവാങ്ങേണ്ടി വന്ന ദക്ഷിണാഫ്രിക്ക, പുണെ ക്രിക്കറ്റ് ടെസ്റ്റിൽ തോൽവിയിലേക്ക്. 326 റൺസിന്റെ കൂറ്റൻ ഒന്നാം ഇന്നിങ്സ് കടവുമായി ഫോളോ ഓൺ ചെയ്ത ദക്ഷിണാഫ്രിക്കയ്ക്ക് 79 റൺസിനിടെ അഞ്ച് വിക്കറ്റ് നഷ്ടമായി. 34 ഓവർ പൂർത്തിയാകുമ്പോൾ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 88 റൺസ് എന്ന നിലയിലാണ് അവർ. തെംബ ബാവുമ (10), സെനുരൻ മുത്തുസ്വാമി (രണ്ട്) എന്നിവർ ക്രീസിൽ. ഇപ്പോഴും ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്കോറിനേക്കാൾ 236 റൺസ് പിന്നിലാണ് സന്ദർശകർ.

ഓപ്പണർ എയ്ഡൻ മാർക്രം (0), തെയുനിസ് ഡിബ്രൂയിൻ (എട്ട്), ഡീൻ എൽഗാർ (72 പന്തിൽ 48), ക്യാപ്റ്റൻ ഫാഫ് ഡുപ്ലേസി (54 പന്തിൽ അഞ്ച്), ക്വിൻൻ ഡികോക്ക് (ഒൻപതു പന്തിൽ അഞ്ച്) എന്നിവരാണ് പുറത്തായ ദക്ഷിണാഫ്രിക്കൻ താരങ്ങൾ. അർധസെ‍ഞ്ചുറി കൂട്ടുകെട്ടുമായി ദക്ഷിണാഫ്രിക്കയുടെ രക്ഷകരാകുമെന്ന് കരുതിയ ഓപ്പണർ ഫാഫ് ഡുപ്ലേസി – ഡീൻ എൽഗാർ സഖ്യത്തെ രവിചന്ദ്രൻ അശ്വിൻ ലഞ്ചിനു തൊട്ടുമുൻപ് പുറത്താക്കിയതോടെയാണ് ദക്ഷിണാഫ്രിക്ക തകർന്നത്. ഇന്ത്യയ്ക്കായി അശ്വിൻ രണ്ടും ഇഷാന്ത് ശർമ, ഉമേഷ് യാദവ്, രവീന്ദ്ര ജഡേജ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിലാദ്യമായിട്ടാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ ഫോളോ ഓൺ ചെയ്യിക്കുന്നത്. ഒന്നാം ഇന്നിങ്സിൽ ദക്ഷിണാഫ്രിക്ക 275 റൺസിനു പുറത്തായതോടെ ഇന്ത്യയ്ക്ക് 326 റൺസിന്റെ കൂറ്റൻ ലീഡ് ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് രണ്ടാമതു ബാറ്റിങ്ങിന് ഇറങ്ങുന്നതിനു പകരം ദക്ഷിണാഫ്രിക്കയെ ഫോളോ ഓൺ ചെയ്യിക്കാൻ ഇന്ത്യൻ നായകന്റെ തീരുമാനം. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ആദ്യമായാണ് ദക്ഷിണാഫ്രിക്ക ഫോളോ ഓൺ ചെയ്യേണ്ടി വരുന്നത്. കളത്തിലറങ്ങി അധികം വൈകാതെ അവർക്ക് ആദ്യ തിരിച്ചടി ലഭിച്ചു. ഇന്നിങ്സിന്റെ രണ്ടാം പന്തിൽ എയ്ഡൻ മാർക്രം ഡക്കായി മടങ്ങി. ഇഷാന്തിന്റെ പന്തിൽ എൽബിയിൽ കുരുങ്ങിയ മാർക്രം റിവ്യൂ ഉപയോഗിക്കാതെ തന്നെ മടങ്ങി. എന്നാൽ, മാർക്രം യഥാർഥത്തിൽ ഔട്ടായിരുന്നില്ലെന്ന് റീപ്ലേയിൽ വ്യക്തമായി.

ഈ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിലും മാർക്രം ഡക്കായാണ് പുറത്തായത്. ഇതോടെ, രാജ്യാന്തര ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയശേഷം രണ്ട് ഇന്നിങ്സിലും പൂജ്യത്തിനു പുറത്താകുന്ന മൂന്നാമത്തെ മാത്രം ദക്ഷിണാഫ്രിക്കൻ ഓപ്പണറായി മാർക്രം മാറി. ഗാരി കിർസ്റ്റൻ (വിൻഡീസിനെതിരെ 2000–01), ഹെർഷേൽ ഗിബ്സ് (രണ്ടു തവണ, ഒരിൽക്കൽ ഇന്ത്യയ്‌ക്കെതിരെ, പിന്നീട് വിൻഡീസിനെതിരെ) എന്നിവരാണ് ഈ നാണക്കേട് ഏറ്റുവാങ്ങിയത്. രണ്ട് ബൗണ്ടറികളുമായി കളം പിടിക്കാൻ ശ്രമിച്ച തെയുനിസ് ഡിബ്രൂയിന്റെ ഊഴമായിരുന്നു അടുത്തത്. 18 പന്തിൽ എട്ടു റൺസെടുത്ത ഡിബ്രൂയിനെ ഉമേഷ് യാദവ് വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹയുടെ കൈകളിലെത്തിച്ചു.

മൂന്നാം വിക്കറ്റിൽ അർധസെഞ്ചുറി കൂട്ടുകെട്ടിലേക്കു നീങ്ങിയ എൽഗാർ – ഡുപ്ലേസി സഖ്യം സന്ദർശകരെ രക്ഷപ്പെടുത്തുമെന്ന തോന്നലുയർന്നെങ്കിലും അതും നിഷ്ഫലമായി. എൽഗാർ ഏകദിന ശൈലിയിൽ ബാറ്റുവീശിയപ്പോൾ അമിത പ്രതിരോധത്തിലൂന്നിയായിരുന്നു ഡുപ്ലേസിയുടെ കളി. ഇവരുടെ കൂട്ടുകെട്ട് 49 റൺസിൽ നിൽക്കെ ഡുപ്ലേസിയെ അശ്വിൻ പുറത്താക്കി. വൃദ്ധിമാൻ സാഹയുടെ ഉജ്വല ക്യാച്ചിൽ പുറത്തായി മടങ്ങുമ്പോൾ 54 പന്തിൽ ദക്ഷിണാഫ്രിക്കൻ നായകൻ നേടിയത് അഞ്ച് റൺസ് മാത്രം. ശ്രദ്ധ പതറിയതോടെ എൽഗാറും മടങ്ങി. 72 പന്തിൽ എട്ടു ഫോറുകൾ സഹിതം 48 റൺസെടുത്ത എൽഗാറിനെ അശ്വിൻ ഉമേഷ് യാദവിന്റെ കൈകളിലെത്തിച്ചു. ഇതോടെ നാലിന് 71 റൺസ് എന്ന നിലയിലായി ദക്ഷിണാഫ്രിക്ക.

ഉച്ചഭക്ഷണത്തിനു ശേഷം തിരിച്ചെത്തിയ ദക്ഷിണാഫ്രിക്കയ്ക്ക് രണ്ടാം ഓവറിൽത്തന്നെ തിരിച്ചടിയേറ്റു. ഒൻപതു പന്തിൽ ഒരു ഫോർ സഹിതം അഞ്ചു റൺസെടുത്ത ഡികോക്ക്, ജഡേജയുടെ പന്തിൽ ക്ലീൻ ബൗൾഡായി. ദക്ഷിണാഫ്രിക്കയുടെ തോൽവി ഇനി എത്ര വൈകും എന്ന ചോദ്യം മാത്രം ബാക്കി.

നേരത്തെ, 162 റൺസിനിടെ 8 വിക്കറ്റ് നഷ്ടമായ ദക്ഷിണാഫ്രിക്കയെ, കുറച്ചെങ്കിലും കാത്തത് കേശവ് മഹാരാജ്– വെർനോൻ ഫിലാൻഡർ സഖ്യത്തിന്റെ പോരാട്ടമാണ്. ടെസ്റ്റ് കരിയറിലെ ആദ്യ അർധ സെഞ്ചുറി കുറിച്ച ഇന്ത്യൻ വംശജൻ കേശവ് മഹാരാജ് (72), വെർനോൻ ഫിലാൻഡർ (44) എന്നിവരുടെ പ്രതിരോധം ദക്ഷിണാഫ്രിക്കയ്ക്കു സമ്മാനിച്ചത് വില മതിക്കാനാകാത്ത 109 റൺസാണ്. വാലറ്റത്തിന്റെ മികവിൽ ദക്ഷിണാഫ്രിക്ക 3–ാം ദിനം അതിജീവിക്കുമെന്നു തോന്നിച്ചെങ്കിലും മഹാരാജ്, റബാദ (2) എന്നിവരെ പുറത്താക്കി അശ്വിൻ ഇന്നിങ്സിനു തിരശ്ശീലയിട്ടു. രവിചന്ദ്രൻ അശ്വിൻ (4 വിക്കറ്റ്), ഉമേഷ് യാദവ് (3 വിക്കറ്റ്) എന്നിവർ ഇന്ത്യയ്ക്കായി ബോളിങ്ങിൽ തിളങ്ങി. ആദ്യ ഇന്നിങ്സ് 5 വിക്കറ്റിന് 601 എന്ന സ്കോറിൽ ഡിക്ലയർ ചെയ്ത ഇന്ത്യയ്ക്ക് ലഭിച്ചത് 326 റൺസിന്റെ കൂറ്റൻ ലീഡ്.

3 വിക്കറ്റ് നഷ്ടത്തിൽ 36 എന്ന സ്കോറിൽ ബാറ്റിങ് തുടങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക്, നൈറ്റ് വാച്ച്മാൻ ആൻറിക് നോർട്ട്യ (3), തെയൂനിസ് ഡി ബ്രൂയ്ൻ (30) എന്നിവരെ തുടക്കത്തിലേ നഷ്ടമായി. പിന്നീട് ഒത്തുചേർന്ന ഫാഫ് ഡുപ്ലെസി– ക്വിന്റൻ ഡി കോക്ക് സഖ്യം പിടിച്ചുനിന്നതോടെ സന്ദർശകർ അൽപം ആശ്വസിച്ചതാണ്. എന്നാൽ ലഞ്ചിനു തൊട്ടു മുൻപ് ഡികോക്കിനെ (31) ബോൾഡ് ചെയ്ത അശ്വിൻ ഇന്ത്യയ്ക്കു ബ്രേക്ക് നൽകി. പിന്നാലെ സെനുരാൻ മുത്തുസ്വാമിയെ (7) രവീന്ദ്ര ജഡേജ വിക്കറ്റിനു മുന്നിൽ കുടുക്കി. ഡുപ്ലെസിയും (64) അശ്വിനു മുന്നിൽ വീണതോടെ കൂട്ടത്തകർച്ച.

അവസാന അംഗീകൃത ബാറ്റിങ് ജോടിയും വേർപിരിഞ്ഞതോടെ ഇന്ത്യൻ ബോളർമാർക്കുണ്ടായ ആലസ്യം മുതലെടുത്താണ് ഫിലാൻഡർ‌– മഹാരാജ് സഖ്യം ചുവടുറപ്പിച്ചത്. ടെസ്റ്റ് ക്രിക്കറ്റിൽ 8 അർധ സെഞ്ചുറികൾ നേടിയിട്ടുള്ള ഫിലാൻഡർ, മുൻപും നിർണായക റൺ സംഭാവന നൽകിയിട്ടുണ്ട്. പക്ഷേ, ഇടംകൈയൻ സ്പിന്നർ കേശവ് മഹാരാജിന്റെ അപ്രതീക്ഷിത ബാറ്റിങ് എല്ലാവരെയും അമ്പരപ്പിച്ചു. മഹാരാജിനെ ലെഗ് സ്ലിപ്പിൽ രോഹിത് ശർമയുടെ കൈകളിലെത്തിച്ച അശ്വിനാണ്, ഒടുവിൽ കൂട്ടുകെട്ടു പൊളിച്ചത്. റബാദയുടെ വിക്കറ്റ് കൂടി വീണതോടെ ദക്ഷിണാഫ്രിക്കൻ ഇന്നിങ്സിനും മൂന്നാം ദിവസത്തിനും അവസാനമായി.