രണ്ടാം ടെസ്റ്റിലും സെഞ്ചുറി നേടിയ മായങ്ക് അഗര്‍വാളിന്റെ ബാറ്റിംഗ് മികവില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ശക്തമായ നിലയില്‍. ആദ്യ ദിനം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 238 റണ്‍സെന്ന നിലയിലാണ്.ക്യാപ്റ്റന്‍ വിരാട് കോലിയും (37*) അജിങ്ക്യ രാഹാനെയുമാണ് (9*) ക്രീസില്‍.

183 പന്തിലാണ് മായങ്ക് ടെസ്റ്റിലെ രണ്ടാമത്തെ സെഞ്ചുറിയിലെത്തിയത്. 195 പന്തില്‍ നിന്ന് രണ്ടു സിക്സും 16 ബൗണ്ടറികളും അടങ്ങുന്നതാണ് മായങ്കിന്റെ (108) ഇന്നിംഗ്‌സ്. ആദ്യ ടെസ്റ്റില്‍ ഇരട്ട സെഞ്ചുറി നേടിയ രോഹിത് ശര്‍മ 14 റണ്‍സോടെ മടങ്ങിയപ്പോള്‍ രണ്ടാം വിക്കറ്റില്‍ ചേതേശ്വര്‍ പൂജാരയുമൊത്ത് മായങ്ക് ടീമിനെ മുന്നോട്ടുനയിച്ചു. ഇരുവരും രണ്ടാം വിക്കറ്റില്‍ 138 റണ്‍സ് ചേര്‍ത്ത ശേഷമാണ് പിരിഞ്ഞത്. ചേതേശ്വര്‍ പൂജാര-മായങ്ക് അഗര്‍വാള്‍ സഖ്യമാണ് വമ്പന്‍ സ്‌കോറിനുള്ള അടിത്തറയൊരുക്കിയത്.

112 പന്തില്‍ നിന്ന് ഒരു സിക്സും ഒമ്പത് ബൗണ്ടറികളുമടക്കം 58 റണ്‍സെടുത്ത പൂജാരയെ റബാദയാണ് മടക്കിയത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 238 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. ക്യാപ്റ്റന്‍ വിരാട് കോലിയും (37*) അജിങ്ക്യ രാഹാനെയുമാണ് (9*) ക്രീസില്‍.