വെസ്റ്റ് ഇന്‍ഡീസിനെതിരെ ബാറ്റിംഗ് ക്രമത്തിൽ വലിയമാറ്റം ഉണ്ടാകില്ലെന്ന് ഇന്ത്യന്‍ ക്യാപ്റ്റൻ വിരാട് കോലി. ഋഷഭ് പന്തിന്റെ കഴിവിൽ ടീമിന് വിശ്വാസമുണ്ട്. ലോകകപ്പിന് മുന്‍പ് ടീം ഘടനയിൽ വലിയ അഴിച്ചുപണി ഉണ്ടാകില്ലെന്നും കോലി വ്യക്തമാക്കി. വിന്‍ഡീസിനെതിരെ ടി20 പരമ്പരയില്‍ മലയാളി താരം സഞ്ജു സാംസണ് അവസരം ലഭിക്കുമോ എന്ന ചര്‍ച്ച പൊടിപൊടിക്കേയാണ് കോലിയുടെ പ്രതികരണം.

സഞ‌്ജുവിനെ ഓപ്പണറായും പരിഗണിക്കണമെന്ന് ടീം മാനേജ്‌മെന്‍റിനോട് നിര്‍ദേശിച്ചതായി ബിസിസിഐ ജോ. സെക്രട്ടറി ജയേഷ് ജോര്‍ജ് നേരത്തെ വ്യക്തമാക്കിയിരുന്നു. “കേരളത്തിനായും ടി20യില്‍ രാജസ്ഥാന്‍ റോയല്‍സിനായും ഓപ്പണ്‍ ചെയ്ത് സഞ്ജുവിന് പരിചയമുണ്ട്. ഓപ്പണിംഗ് ബാറ്റ്സ്‌മാനായ ശിഖര്‍ ധവാന്‍ പരുക്കേറ്റ് കളിക്കാത്ത സാഹചര്യത്തില്‍ സഞ്ജുവിന് ആ സ്ഥാനം നികത്താനാകും എന്നാണ് പ്രതീക്ഷ” എന്നും ജയേഷ് ജോര്‍ജ് അഭിപ്രായപ്പെട്ടിരുന്നു.

രോഹിത് ശര്‍മ്മയ്‌ക്കും കെ എല്‍ രാഹുലിനും കളിക്കാനാവാത്ത സാഹചര്യങ്ങളില്‍ മാത്രമേ സഞ്ജുവിന് ഓപ്പണിംഗില്‍ അവസരം ലഭിക്കാനിടയുള്ളൂ എന്ന സൂചനയാണ് കോലി നല്‍കുന്നത്. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ എന്ന നിലയില്‍ ഋഷഭ് പന്തില്‍ വിശ്വാസമുണ്ട് എന്ന കോലിയുടെ വാക്കുകളും ടീം ഘടനയിലെ കൃത്യമായ സൂചനയാണ്. എന്നാല്‍ ബംഗ്ലാദേശിനെതിരെ ഒരു മത്സരത്തില്‍ പോലും അവസരം ലഭിക്കാതിരുന്ന സഞ്ജു കാര്യവട്ടത്ത് കളിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.