ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ശ്രീലങ്കയിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കാൻ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഒഴിവാക്കാൻ സാധിക്കുന്ന യാത്രകൾ നിർബന്ധമായും ഒഴിവാക്കാനാണ് നിർദേശം.

അത്യവശ്യമായി പോകേണ്ട സാഹചര്യമുണ്ടെങ്കിൽ കോളംബോയിലെ ഇന്ത്യൻ ഹൈക്കമ്മീഷണറുമായി ബന്ധപ്പെടാവുന്നതാണ്. കാണ്ഡിയിലുള്ള അസിസ്റ്റന്റ് ഹൈക്കമ്മീഷന്റെയും ഹാമ്പട്ടോട്ട, ജാഫ്ന എന്നിവടങ്ങളിലുള്ള കോൺസലേറ്റുകളുടെയും സഹായം തേടാവുന്നതാണ്. ഹെൽപ്പ്ലൈൻ നമ്പറുകൾ ഹൈക്കമ്മീഷന്റെ വെബ്‌സൈറ്റിലും ലഭ്യമാണ്.

ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ശ്രീലങ്കയിൽ സുരക്ഷ ശക്തിപ്പെടുത്തിയിട്ടുണ്ട്. ശ്രീലങ്കയിൽ അടിയന്തരാവസ്ഥയും രാത്രികാലങ്ങളിൽ നിരോധനാഞ്ജ നിലനിൽക്കുന്നത് യാത്രയെ ബാധിക്കാൻ സാധ്യതയുണ്ടെന്നും വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.

ഈസ്റ്റർ ദിനത്തിൽ പളളികളെയും ഹോട്ടലുകളെയും ലക്ഷ്യമിട്ടായിരുന്നു ശ്രീലങ്കയിൽ സ്‌ഫോടനമുണ്ടായത്. ആദ്യ ആറു സ്‌ഫോടനങ്ങൾക്കുശേഷം ഉച്ച കഴിഞ്ഞായിരുന്നു രണ്ടു സ്‌ഫോടനം. രാവിലെ 8.45 ന് ഈസ്റ്റർ പ്രാർഥനകൾ നടക്കുമ്പോഴായിരുന്നു കൊളംബോയിലെ സെന്റ് ആന്റണീസ് പളളിയിലും നഗോംബോ സെന്റ് സെബാസ്റ്റ്യൻസ് പളളിയിലും ബട്ടിക്കലോവയിലെ സിയോൻ ചർച്ചിലും സ്‌ഫോടനമുണ്ടായത്. ഇതിനുപിന്നാലെ വിദേശ സഞ്ചാരികളുടെ താമസ കേന്ദ്രങ്ങളായ ഷാങ്ഗ്രില, സിനമൺ ഗ്രാൻഡ്, കിങ്സ്ബറി എന്നീ പഞ്ചനക്ഷത്ര ഹോട്ടലുകളിൽ സ്‌ഫോടനമുണ്ടായി.

ഉച്ച കഴിഞ്ഞ് കൊളംബോയുടെ തെക്കൻ മേഖലയിലെ ദേശീയ മൃഗശാലയ്ക്കു സമീപത്തായി ഏഴാമത്തെ സ്‌ഫോടനം. കൊളംബോയിലെ വടക്കൻ മേഖലയിൽ പൊലീസ് സംഘം പരിശോധനയ്ക്ക് എത്തിയപ്പോഴായിരുന്നു എട്ടാമത്തെ സ്‌ഫോടനം.