മുംബൈ: ട്വന്റി – 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. പ്രതീക്ഷിച്ചത് പോലെ തന്നെ വലിയ മാറ്റങ്ങളില്ലാതെയാണ് ആതിഥേയരായ ഇന്ത്യ ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. ഓസ്‌ട്രേലിയയില്‍ ട്വന്റി 20 പരമ്പര കളിച്ച ടീമില്‍ നിന്നും വലിയ മാറ്റങ്ങളൊന്നും ഇല്ല. പ്രധാന താരങ്ങളെല്ലാം ടീമില്‍ ഇടം നിലനിര്‍ത്തി.
ക്യാപ്റ്റനായി എം എസ് ധോണി തുടരും. റിസര്‍വ്വ് വിക്കറ്റ് കീപ്പറായി ആരും ടീമില്‍ ഇല്ല. ഓള്‍റൗണ്ടര്‍ യുവരാജ് സിംഗ് ടീമില്‍ സ്ഥാനം നിലനിര്‍ത്തി. കഴിഞ്ഞ ട്വന്റി 20 ലോകകപ്പ് ഫൈനലില്‍ ശ്രീലങ്കയ്‌ക്കെതിരെ നടത്തിയ തണുപ്പന്‍ ബാറ്റിംഗാണ് യുവരാജിനെ ഇന്ത്യന്‍ ടീമിന് പുറത്താക്കിയത്. ഇത്തവണ വീണ്ടും ഒരു ലോകകപ്പ് കളിക്കാന്‍ യുവരാജിന് അവസരം കിട്ടിയിരിക്കുകയാണ്. 2011 ല്‍ ഇന്ത്യയില്‍ നടന്ന ഏകദിന ലോകകപ്പിലെ മാന്‍ ഓഫ് ദ സീരിസായിരുന്നു യുവരാജ്. ഓസ്‌ട്രേലിയയില്‍ ബാറ്റ് ചെയ്യാന്‍ അവസരം കിട്ടിയ ഏക കളി യുവരാജ് ഇന്ത്യയെ ജയിപ്പിക്കുകയും ചെയ്തു.

ആശിശ് നെഹ്‌റ, മുഹമ്മദ് ഷമി, ജസ്പ്രീത് ഭുമ്ര എന്നിവരാണ് ഫാസ്റ്റ് ബൗളര്‍മാര്‍. ഹര്‍ദിക് പാണ്ഡ്യ ഫാസ്റ്റ് ബൗളര്‍ ഓള്‍റൗണ്ടറായി ടീമില്‍ തുടരും. ആര്‍ അശ്വിന്‍, ഹര്‍ഭജന്‍ സിംഗ്, രവീന്ദ്ര ജഡേജ എന്നിവര്‍ക്കൊപ്പം ചെന്നൈയുടെ ഐ പി എല്‍ താരമായിരുന്ന പവന്‍ നേഗിയും സ്പിന്നര്‍മാരുടെ കൂട്ടത്തില്‍ ഇടം കണ്ടെത്തി. ഓസ്‌ട്രേലിയയില്‍ ടീമിലുണ്ടായിരുന്ന മനീഷ് പാണ്ഡെയെ ഒഴിവാക്കിയത് പക്ഷേ അത്ഭുതമായി.

യുവരാജിനൊപ്പം രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, വിരാട് കോലി, അജിന്‍ക്യ രഹാനെ, എം എസ് ധോണി, സുരേഷ് റെയ്‌ന എന്നിവരും ബാറ്റ്‌സ്മാന്‍മാരായി ടീമിലുണ്ട്. ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പത്താന്‍ ടീമിലെത്തുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും അതുണ്ടായില്ല. മാര്‍ച്ച് 8 മുതല്‍ ഏപ്രില്‍ 3 വരെയാണ് ലോകകപ്പ്. ലോകകപ്പിന് മുന്നോടിയായി നടക്കുന്ന ഏഷ്യാകപ്പിലും ഇതേ ടീം തന്നെ ഇന്ത്യയ്ക്ക് വേണ്ടി കളിക്കും.