ന്യൂസ് ഡെസ്ക്

വെയിൽസിലെ ഹെൽത്ത് കെയർ രംഗം ശക്തിപ്പെടുത്താൻ ഇന്ത്യൻ ഡോക്ടർമാർ ശക്തമായി രംഗത്തിറങ്ങുന്നു. വെയിൽസിലെ ഇന്ത്യൻ ഡോക്ടർമാരുടെ കോൺഫറൻസ് കാർഡിഫിൽ ജനുവരി 20 ന് നടന്നു. വെയിൽസ് – ഇന്ത്യാ സ്കിൽ എക്സ്ചേഞ്ച് ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ കോൺഫറൻസിൽ നടന്നു. ബ്രിട്ടീഷ് അസോസിയേഷൻ ഓഫ് ഫിസിഷ്യൻസ് ഓഫ് ഇന്ത്യൻ ഒറിജിൻ എന്ന സംഘടനയാണ് വെയിൽസിലെ ആരോഗ്യരംഗത്തെ മാറ്റങ്ങൾക്ക് നവോന്മേഷം നല്കാൻ ഊർജിതമായ പ്രവർത്തനങ്ങളുമായി രംഗത്തിറങ്ങിയിരിക്കുന്നത്. 500 ലധികം ഡോക്ടർമാർ ഈ സംഘടനയിൽ ഉണ്ട്.

ബ്രെക്സിറ്റ് ചർച്ചകൾ പുരോഗമിക്കുന്നതിനിടെ നടക്കുന്ന കോൺഫറൻസ് ബ്രെക്സിറ്റ് മൂലം വരുന്ന ആരോഗ്യരംഗത്തെ പ്രശ്നങ്ങളും ഗൗരവമായി  പരിഗണിക്കുന്നുണ്ട്. 200 ഡെലഗേറ്റുകൾ ആണ് കോൺഫറൻസിൽ പങ്കെടുത്തത്. ഇന്ത്യയിൽ നിന്ന് രണ്ടു വർഷത്തെ കോൺട്രാക്ട് അടിസ്ഥാനത്തിൽ 2016 -17 വർഷങ്ങളിൽ വെയിൽസിലെ വിവിധ ഹോസ്പിറ്റലുകളിലേയ്ക്ക് ഡോക്ടർമാരെ റിക്രൂട്ട് ചെയ്യുന്നതിൽ BAPIO മുൻകൈ എടുത്തിരുന്നു. ഇതു മൂലം ലോക്കം ഡോക്ടർമാരെ ഒഴിവാക്കി NHS ന് അര മില്യണിലേറെ പൗണ്ട് ലാഭിക്കാൻ കഴിഞ്ഞിരുന്നു. ഇന്ത്യയും വെയിൽസും തമ്മിലുള്ള സ്കിൽ എക്സ്ചേഞ്ചിന് സംഘടന മുൻകൈയെടുത്ത് പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.