ന്യൂസ് ഡെസ്ക്

ഇമിഗ്രേഷൻ ക്ലിയറൻസ് ആവശ്യമുള്ള കാറ്റഗറിയിൽ വരുന്ന ഇന്ത്യാക്കാരുടെ പാസ്പോർട്ടിന് ഓറഞ്ച് നിറം നല്കാനുള്ള ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം മുന്നോട്ടു വച്ച നിർദ്ദേശം കേന്ദ്ര സർക്കാർ പിൻവലിച്ചു. അവസാന പേജിലെ വിവരങ്ങൾ ഒഴിവാക്കാനുള്ള പദ്ധതിയും ഉപേക്ഷിച്ചു. കളർകോഡിലൂടെ പൗരന്മാരെ വേർതിരിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നതിനെ തുടർന്നാണ് ഗവൺമെന്റ് തീരുമാനം.

ഷംസുദ്ദീൻ കരുനാഗപ്പള്ളി കേന്ദ്ര തീരുമാനത്തിനെതിരെ ഹൈക്കോടതിയിൽ ഹർജി നല്കിയിരുന്നു. ഈ പരാതി പരിഗണിച്ച കോടതി കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനും ചീഫ് പാസ്പോർട്ട് ഓഫീസർക്കും നോട്ടീസ് അയച്ചിരുന്നു. ഇതിനെ തുടർന്ന് പുതിയ നിർദ്ദേശം റദ്ദാക്കാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. ഇന്ത്യയിൽ വേണ്ടത്ര തൊഴിലവസരങ്ങളും ശമ്പളവും ലഭിക്കാതെ വരുമ്പോൾ, ഒരു പാസ്പോർട്ട് സംഘടിപ്പിച്ച് വിദേശ രാജ്യങ്ങളിൽ ചേക്കേറാൻ ശ്രമിക്കുന്ന അവിദഗ്ദ തൊഴിലാളികളെ രണ്ടാം തരം പൗരന്മാരായി മുദ്രകുത്തുന്ന നടപടിയാണ് വിദേശ മന്ത്രാലയത്തിന്റേത് എന്ന് കടുത്ത വിമർശനം ഉയർന്നിരുന്നു. പ്രവാസി സംഘടകളും തൊഴിലാളി യൂണിയനുകളും രാഷ്ട്രീയ സാമൂഹിക പ്രവർത്തകരും അതിശക്തമായ ഭാഷയിലാണ് പുതിയ പാസ്പോർട്ട് പരിഷ്കാരത്തിനെതിരെ പ്രതികരിച്ചത്.