മുസാഫർനഗർ∙ പാക്ക് സൈന്യത്തിനും ഭീകരർക്കുമെതിരെ ശക്തമായി തിരിച്ചടിച്ചതിന് സൂചന നൽകി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. ചിലത് നടന്നിട്ടുണ്ട്. അതിപ്പോൾ വെളിപ്പെടുത്താനാകില്ല. ചില വലിയ കാര്യങ്ങളാണ് നടന്നത് എന്നു മാത്രം പറയാം. എന്നെ വിശ്വസിക്കൂ. രണ്ടു മൂന്നു ദിവസങ്ങൾക്ക് മുൻപ് വളരെ വലിയ കാര്യം നടന്നിട്ടുണ്ട്. എന്താണ് നടന്നതെന്ന് നിങ്ങൾ അടുത്തുതന്നെ അറിയും – രാജ്നാഥ് സിങ് പറഞ്ഞു.

സാംബ ജില്ലയിൽ കൊല്ലപ്പെട്ട ബിഎസ്എഫ് ജവാൻ നരേന്ദ്ര സിങ്ങിന്റെ മരണത്തിന് മറുപടിയായി പാക്ക് മേഖലയിൽ ഇന്ത്യ വീണ്ടും മിന്നലാക്രമണം നടത്തിയെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ശക്തമായ സൂചന നൽകി ആഭ്യന്തരമന്ത്രി തന്നെ രംഗത്തെത്തിയിരിക്കുന്നത്. ശക്തമായ തിരിച്ചടിയിൽ പാക്കിസ്ഥാന് കനത്ത നഷ്ടവും പരുക്കും ഏറ്റിട്ടുണ്ടെന്ന് ബിഎസ്എഫ് വൃത്തങ്ങൾ വ്യക്തമാക്കിയെന്നും ദേശീയ മാധ്യമം റിപ്പോർട്ടു ചെയ്യുന്നു. പാക്കിസ്ഥാൻ വെടിവയ്പ്പു നടത്തുമ്പോൾ ബുള്ളറ്റുകളുടെ എണ്ണമെടുക്കാതെ ശക്തമായി തിരിച്ചടിക്കാനാണ് സൈനികരോട് പറയാറുള്ളതെന്നും രാജ്നാഥ് സിങ് പറഞ്ഞു.

ഈമാസം 18നാണ് രാജ്യാന്തര അതിർത്തിക്കു സമീപം റാംഗഡ് മേഖലയിൽ ബിഎസ്എഫ് ജവാന്മാർക്കെതിരെ ആക്രമണമുണ്ടായത്. കൊല്ലപ്പെട്ട നരേന്ദ്ര സിങ്ങിന്റെ മൃതദേഹം പാക്കിസ്ഥാനിലേക്ക് കടത്തിക്കൊണ്ടു പോയി. നെഞ്ചിൽ മൂന്നു ബുള്ളറ്റുകളും കഴുത്ത് അറുത്തനിലയിലും മൃതദേഹം കണ്ടെത്തി. ഇതിനു പിന്നാലെ ആവശ്യമെങ്കിൽ വീണ്ടും മിന്നലാക്രമണം നടത്താൻ ഇന്ത്യ തയാറാണെന്ന് സൈനികമേധാവി ബിപിൻ റാവത്ത് പറഞ്ഞിരുന്നു.