അറബിക്കടലിലെ പരിശീലന പരിപാടികള്‍ അവസാനിപ്പിച്ച ഇന്ത്യന്‍ നാവിക സേനയുടെ അടുത്ത ലക്ഷ്യം ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍. ഇരട്ട യുദ്ധമുഖങ്ങളില്‍ വ്യത്യസ്ത പരിശീലന പരിപാടി ആസൂത്രണം ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യന്‍ നാവിക സേനയുടെ പുതിയ നീക്കം. കഴിഞ്ഞ ദിവസങ്ങളില്‍ അറബിക്കടലില്‍ നടത്തി വന്നിരുന്ന പരിശീലന പരിപാടികള്‍ നിര്‍ത്തലാക്കാന്‍ നേവി തീരുമാനിച്ചിരുന്നു ഇതിനു പിന്നാലെയാണ് ആന്‍ഡമാന്‍ നിക്കോബാറിലേക്ക് യുദ്ധ പരിശീലനം നടത്താന്‍ നാവിക സേന തയ്യാറെടുക്കുകയാണെന്ന വാര്‍ത്ത പുറത്തു വന്നിരിക്കുന്നത്. അറബിക്കടലില്‍ നടന്ന പരിശീലനത്തെ ‘ പശ്ചിം ലെഹര്‍’ എന്നാണ് നാവിക സേന വിശേഷിപ്പിച്ചിരിക്കുന്നത്. വിവിധ യുദ്ധമുറകളും പ്രതികൂല സാഹചര്യങ്ങളില്‍ നടത്തേണ്ട ആക്രമണ രീതി ഉള്‍പ്പെടെയുള്ളവയും നാവിക സേനയുടെ പശ്ചിം ലെഹറിന്റെ ഭാഗമായി നടന്നു.

മുംബൈ ആസ്ഥാനമായുള്ള വെസ്റ്റേണ്‍ നേവല്‍ കമാന്റിന്റെ ശക്തി പരിശോധിക്കുന്ന യുദ്ധമുറകള്‍ അറബിക്കടലില്‍ പരീക്ഷിക്കപ്പെട്ടു. പരിശീലനം പുര്‍ണ അര്‍ഥത്തില്‍ ഉദ്ദേശ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുന്നതായിരുന്നെന്ന് അധികൃതര്‍ വ്യക്തമാക്കി. പരിശീലനത്തില്‍ നാവിക സേനയുടെ സ്വന്തമായുള്ള 40 ഓളം ഉപകരണങ്ങളും ഷിപ്പുകളും പങ്കെടുത്തു. എയര്‍ക്രാഫ്റ്റ് കാരിയര്‍ ഐഎന്‍എസ് വിക്രമാദിത്യ, വെസ്റ്റേണ്‍ ഫ്‌ളീറ്റിന്റെ ഫ്രണ്ട്‌ലൈന്‍ ഷിപ്പുകള്‍, സബ്മറൈനുകള്‍, കല്‍ക്കട്ട-ക്ലാസ് ഡിസ്‌ട്രോയറുകള്‍, ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്, പൊട്ടന്റ് മിസേല്‍ വെസല്‍സ് ഓഫ് 22 കില്ലര്‍ സ്‌ക്വാഡ്രോണ്‍ തുടങ്ങിയവ പരിശീലനത്തിന്റെ ഭാഗമായി. കപ്പലില്‍ നിന്ന് ലോഞ്ച് ചെയ്യാന്‍ പറ്റുന്ന വിമാനങ്ങളും പരിശീലനത്തിന്റെ ഭാഗമായിരുന്നു. ഇന്ത്യയുടെ നാവിക ശേഷിയെ ഉയര്‍ത്തിപ്പിടിക്കുന്ന ശക്തി പ്രകടനമായിരുന്നു അറബിക്കടലില്‍ നടന്ന പരിശീലന പരിപാടികള്‍ എന്നു തന്നെ പറയേണ്ടിയിരിക്കുന്നു.

പടിഞ്ഞാറന്‍ തീരത്തെ യുദ്ധ സമാന അഭ്യാസ പ്രകടനങ്ങളും പരിശീലനങ്ങള്‍ക്കും ശേഷം നാവിക സേന കിഴക്കന്‍ തീരത്തേക്ക് നീങ്ങാനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ചു വരികയാണെന്ന് നേവല്‍ ഓഫീസര്‍ അറിയിച്ചു. മിലന്‍ എന്നാണ് പുതിയ പരിശീലനത്തിന് പേരിട്ടിരിക്കുന്നത്. പരിശീലനം നടത്താനായി 23 രാജ്യങ്ങളെ ഇന്ത്യന്‍ നാവിക സേന ക്ഷണിച്ചിട്ടുണ്ട്. ഇതില്‍ 16 രാജ്യങ്ങള്‍ ഇന്ത്യയുമായി സംയുക്ത പരിശീലനം നടത്താന്‍ തയ്യാറാണെന്ന് അറിയിച്ചു കഴിഞ്ഞു. ഈ വര്‍ഷം മാര്‍ച്ച് 6 മുതല്‍ പതിനാറ് വരെയായിരിക്കും പരിശീലന പരിപാടികള്‍ നടക്കുക. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് കമാന്റുമായി ചേര്‍ന്നായിരിക്കും മിലന്‍ നടത്തുക.