സ്റ്റീവനേജ്: ‘അഖണ്ഡ ഭാരതം,നാനാത്വത്തില്‍ ഏകത്വം,വിശ്വാസ സംരക്ഷണം, ഭക്ഷണവും, വസ്ത്രവും തീരുമാനിക്കുവാനുള്ള അവകാശം തുടങ്ങി പഴയസ്വാതന്ത്ര ലഭ്ദിയുടെ ജനാധിപത്യ ഭാരത സംസ്‌കാരം ഊട്ടി ഉറപ്പിക്കുവാനുള്ള അവസാന അവസരമാണിതെന്നും ആസന്നമായ തിരഞ്ഞെടുപ്പിലൂടെ ഭാരത ജനതയ്ക്ക് മുമ്പാകെ കോണ്‍ഗ്രസ് സുരക്ഷിത ഭാരത വാഗ്ദാനം ആണ് നല്‍കുന്നതെന്നും’ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്സ് (യു കെ) അദ്ധ്യക്ഷന്‍ കമല്‍ ദാളിവാല്‍. ‘വികസന ഇന്ത്യ, അധംകൃതരുടെയും പാവപ്പെട്ടവരുടെയും കര്‍ഷകരുടെയും മതന്യുന പക്ഷങ്ങളുടെയും സുരക്ഷിതഭാവി എന്നിവ ആണ് തിരഞ്ഞെടുപ്പ് വാഗ്ദാനം ആയി കോണ്‍ഗ്രസ്സ് ഉയര്‍ത്തിക്കാണിക്കുന്നത്. ഭാരത രക്ഷക്കായി ഇന്ത്യന്‍നാഷണല്‍ കോണ്‍ഗ്രസിനെ വീണ്ടും ഭരണ തലത്തിലെത്തിക്കുവാനും, ജനഹൃദയ നായകനായ രാഹുല്‍ ഗാന്ധിയെ നാടിന്റെ നേതൃത്വം ഏല്‍പ്പിക്കുവാനും ആസന്നമായ തിരഞ്ഞെടുപ്പില്‍ ഏവരുടെയും നിര്‍ലോഭമായ അദ്ധ്വാനം ഉണ്ടാവണമെന്നും’ കമല്‍ കൂട്ടിക്കിച്ചേര്‍ത്തു.

ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്സ് നോര്‍ത്ത് റീജിയന്റെ നേതൃത്വത്തില്‍ സ്റ്റീവനേജില്‍ നടത്തപ്പെട്ട യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കമല്‍. കമല്‍ കേക്ക് മുറിച്ചു യോഗം ഉദ്ഘാടനം ചെയ്തു. ദേശീയനേതാക്കള്‍ക്കു ബൊക്കെകള്‍ നല്‍കി ആവേശോജ്ജ്വല സ്വീകരണമാണ് സ്റ്റീവനേജില്‍ നല്‍കിയത്.

പൊതുയോഗത്തില്‍ അഭിസംബോധന ചെയ്തു കൊണ്ടു ഐഒസി ദേശീയ വൈസ് പ്രസിഡന്റ് ഗുര്‍മിന്ദര്‍ രണ്‍ധാവ ‘ജനാധിപത്യത്തെയും രാജ്യ നീതിയെയും നിയന്ത്രിക്കേണ്ട അധികാര കേന്ദ്രങ്ങളില്‍ തല്‍പരകക്ഷികളുടെ നിയന്ത്രണവും വിന്യാസവും രാജ്യത്തിന്‍ന്റെ നിലനില്പിനു തന്നെ ഭീഷണിയാണ്. വര്‍ഗ്ഗീയ കലാപങ്ങളും, കൊലകളും കണ്ടു മനസ്സാക്ഷി മരവിച്ച ഭാരത ജനത ഇനിയും ഒരവസരം കൂടി നല്‍കിയാല്‍ രാജ്യത്തിന്റെ ശിഥിലീകരണത്തിനും, സ്വേച്ഛാധിപത്വ വാഴ്ചക്കും കൊള്ളയടിക്കും വര്‍ഗ്ഗീയ കൊലപാതകങ്ങള്‍ക്കും രാജ്യത്തിന്റെ വിനാശത്തിനും നേര്‍ സാക്ഷിയാവേണ്ടി വരും’ എന്നും ഗുര്‍മിന്ദര്‍ രണ്‍ധാവ ഓര്‍മ്മിപ്പിച്ചു.

ഐഒസി ദേശീയ സെക്രട്ടറി ആശ്ര അംജ്ജും യോഗത്തില്‍ പങ്കെടുത്തു സംസാരിച്ചു. ‘ആസന്നമായ തെരഞ്ഞെടുപ്പ് ജനങ്ങളുടെ മേല്‍ സങ്കീര്‍ണ്ണമായ വലിയ ഉത്തരവാദിത്വം ആണ് നല്‍കുന്നത്. വീണ്ടും വര്‍ഗ്ഗീയ വിഷവിത്തുകള്‍ രാജ്യത്തു തുടരുവാന്‍ അനുവദിച്ചാല്‍ മറ്റൊരു ജനാധിപത്യ പ്രക്രിയക്കു രാജ്യത്താനാവും എന്ന് വിശ്വസിക്കുവാനാവില്ല. രാജ്യനീതി ഒരിക്കലും പ്രതീക്ഷിക്കുവാനാവില്ല. ഭാരത രക്ഷ കോണ്‍ഗ്രസ്സില്‍ എന്ന് ജനം തിരിച്ചറിഞ്ഞു കഴിഞ്ഞു. നമ്മുടെ നാനാവിധ ബന്ധങ്ങള്‍ പോളിംഗ് വര്‍ദ്ധനവിനും കോണ്‍ഗ്രസ്സിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിനും സഹായകരമാവട്ടെ’ എന്നും ആശ്ര അംജ്ജും പറഞ്ഞു.

തുടര്‍ന്ന് സംസാരിച്ച ഐഒസി ദേശീയ വനിതാ പ്രസിഡന്റ് ഷമ്മി ‘നമ്മുടെ രാജ്യത്തിന്റെ സംസ്‌കാരവും, ജീവിത മൂല്യങ്ങളും സംരക്ഷിക്കപ്പെടുവാനും, കൊള്ളക്കാരുടെയും വര്‍ഗ്ഗീയ വിഷക്കോമരങ്ങളുടെയും കയ്യില്‍ നിന്നും ഭാരത മോചനത്തിനായി കോണ്‍ഗ്രസ്സിനെ വിജയിപ്പിക്കുക എന്ന അനിവാര്യമായ കടമ നിറവേറ്റുവാനും, ഏവരും തങ്ങളുടെ പരമാവധി ബന്ധങ്ങള്‍ ഉപയോഗിക്കണം എന്നും അത് ഏതൊരു രാജ്യ സ്‌നേഹിയുടെയും ബാദ്ധ്യസ്ഥതയാണിതെന്നും’ ഓര്‍മ്മിപ്പിച്ചു.

ഐഒസി കേരള ചാപ്റ്റര്‍ ജോ.സെക്രട്ടറി ജോണി കല്ലടാന്തിയില്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ രാഷ്ട്രീയ വൈരികളുടെ കിരാത ആക്രമണത്തില്‍ നിഷ്ടൂരമായി കൊലചെയ്യപ്പെട്ട സുഹൈബ്, ശരത്‌ലാല്‍, കൃപേഷ് തുടങ്ങിയ യുവ രക്തസാക്ഷികളെ അനുസ്മരിച്ചു കൊണ്ട് ആമുഖമായി മൗനപ്രാര്‍ത്ഥന നടത്തി. ജിമ്മി തോമസിന്റെ സ്വാഗത പ്രസംഗത്തിന് ശേഷം ‘വന്ദേമാതരം’ ആലപിച്ചു യോഗനടപടികള്‍ ആരംഭിച്ചു. യോഗത്തില്‍ രാജേഷ് പാട്ടില്‍, ഹരിഹരന്‍, പ്രസാദ് നമ്പ്യാര്‍, സത്യവേല്‍ തുടങ്ങിയ നേതാക്കള്‍ സംസാരിച്ചു.

മനോജ് ജോണ്‍,ജോയ് ഇരുമ്പന്‍, തങ്കച്ചന്‍ ഫിലിഫ്, സെബിന്‍ പടിഞ്ഞാറേക്കുറ്റ്, ജോയ് ചെറുവത്തൂര്‍, ജോസ് കാളാംപറമ്പില്‍, സാംസണ്‍, റോയിസ്, അജിമോന്‍, തുടങ്ങിയവര്‍ നേതൃത്വം വഹിച്ചു. ജിന്‍ടു ജിമ്മി, ടെസ്സി സോണി തുടങ്ങിയവര്‍ സഹകാരികളായിരുന്നു. അപ്പച്ചന്‍ കണ്ണഞ്ചിറ നന്ദി പ്രകാശിപ്പിച്ചു.

‘ജനഗണമന’ ആലാപനത്തിനു ശേഷം യോഗനടപടികള്‍ സമാപിച്ചു. സ്‌നേഹ വിരുന്നും ഒരുക്കിയിരുന്നു.