ഇന്ത്യന്‍ ടേക്ക് എവേ റെസ്റ്ററന്റില്‍നിന്നും ആഹാരം കഴിച്ച പെണ്‍കുട്ടി അലര്‍ജിയെത്തുടര്‍ന്ന് മരിച്ച സംഭവത്തില്‍ റെസ്റ്ററന്റ് ഉടമകള്‍ക്കെതിരേ പോലീസ് കേസെടുത്തു. ഇവര്‍ക്കെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യക്കാണ് കേസെടുത്തിട്ടുള്ളത്. 2016 ഡിസംബറിലാണ് സംഭവം. ലങ്കാഷയറിലെ ഓസ്വാല്‍ഡ്‌വിസ്ലെയിലെ റോയല്‍ സ്‌പൈസ് എന്ന ഇന്ത്യന്‍ റെസ്റ്ററന്റില്‍നിന്ന് ഭക്ഷണം കഴിച്ച മേഗന്‍ ലീയെന്ന 15-കാരിയാണ് മരിച്ചത്. ഡിസംബര്‍ 31-ന് ഭക്ഷണം കഴിച്ച പെണ്‍കുട്ടി രണ്ടുദിവസത്തിനുശേഷം ആശുപത്രിയില്‍ മരിക്കുകയായിരുന്നു.

റെസ്റ്ററന്റ് ഉടമ മുഹമ്മദ് അബ്ദുല്‍ കുഡ്ഡൂസ്, ബിസിനസ് പാര്‍ട്ണര്‍ ഹരൂണ്‍ റഷീദ് എന്നിവര്‍ക്കെതിരേയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. യൂറോപ്യന്‍ യൂണിയന്‍ നിയമമനുസരിച്ചുള്ള ഭക്ഷ്യസുരക്ഷയും മറ്റു പാലിച്ചില്ലെന്നാണ് ഇവര്‍ക്കെതിരേയുള്ള കുറ്റം. മേഗന്‍ ലീയുടെ മരണം കഴിഞ്ഞ് രണ്ടു ദിവസങ്ങള്‍ക്കു ശേഷം റോയല്‍ സ്‌പൈസ് അടച്ചുപൂട്ടുകയും ചെയ്തിരുന്നു. ഹോട്ടല്‍ നടത്തിപ്പിലെ പോരായ്മകളാണ് അന്നതിന് കാരണമായത്.

കശുവണ്ടിപ്പരിപ്പ് കഴിച്ചതുമൂലമുണ്ടായ അലര്‍ജിയും തുടര്‍ന്നുണ്ടായ കടുത്ത ആസ്മയുമാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. മേഗന്‍ സ്‌പൈസിന്റെ മരണത്തിന് തൊട്ടുപിന്നാലെ ഹിന്‍ഡ്‌ബോണ്‍ ബോറോ കൗണ്‍സില്‍ ഹോട്ടലിന് നോട്ടീസ് നല്‍കി. ഹോട്ടലില്‍ നടത്തിയ പരിശോധനയില്‍ ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട പലകാര്യങ്ങളിലും വീഴ്ചവരുത്തിയതായും കണ്ടെത്തിയിരുന്നു. തൊട്ടുപിന്നാലെ ഹോട്ടല്‍ അടച്ചുപൂട്ടുകയും ചെയ്തു.

ആദമിന്റെയും ഗെമ്മയുടെയും മകളായ മേഗന്‍, ഏവര്‍ക്കും പ്രിയപ്പെട്ട പെണ്‍കുട്ടിയായിരുന്നു. എല്ലാവര്‍ക്കും മാതൃകയും പ്രചോദനവുമായിരുന്നു മേഗനെന്ന് സുഹൃത്തുക്കളും സഹപാഠികളും അനുസ്മരിക്കുന്നു. എല്ലാവരുടെയും സ്‌നേഹം എളുപ്പം പിടിച്ചെടുക്കുന്ന പുഞ്ചിരിക്കുടമയായിരുന്നു മേഗനെന്ന് മാതാപിതാക്കള്‍ പുറത്തിറക്കിയ അനുസ്മരണക്കുറിപ്പില്‍ പറയുന്നു.